News

കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ വടംവലിക്ക് ഒരുങ്ങി നേമം

സുജാത ഭാസ്കര്‍

തിരുവനന്തപുരം ജില്ലയിൽ ഉൾപ്പെടുന്നതും തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം ആണ് നേമം. കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നേമം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. ത്രികോണമത്സരം ആണ് നേമത്തെങ്കിലും രാഷ്ട്രീയ അടിയൊഴുക്കുകള്‍ ധാരാളമുണ്ട്.നഗരസഭയിലെ 21 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന നേമം നിയോജക മണ്ഡലം ശക്തമായ രാഷ്ട്രീയ മത്സരത്തിനു സാക്ഷ്യം വഹിക്കും.

സിറ്റിംഗ് എംഎല്‍എ സിപിഎമ്മിന്റെ വി.ശിവന്‍കുട്ടിയും, ബിജെപിയുടെ ബഹുമാന്യ നേതാവ് ഓ.രാജഗോപാലും, യുഡിഎഫിന്റെ സുരേന്ദ്രന്‍ പിള്ളയും നേമത്തിനു വേണ്ടി ഗോദയില്‍ ഇറങ്ങും.ഇടതുപക്ഷത്തിന്, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സിപിഎമ്മിനു നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളാണ് ഇവിടെയുള്ളത്.ഒരുകാലത്ത്‌ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായി കരുതിയിരുന്ന മണ്ഡലം കെ. കരുണാകരനെത്തന്നെ നിയമസഭയിലേക്കു വിജയിപ്പിച്ചിട്ടുണ്ട്‌. പക്ഷെ മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്‌ ചായ് വിനു മങ്ങലേറ്റിട്ടുമുണ്ട് മുന്‍ മേയറും, MLA യുമായ കൂടിയായ വി. ശിവന്‍കുട്ടിയുടെ മണ്ഡലം എന്നതുതന്നെയാണ് നേമത്തിന്‍റെ പ്രത്യേകത.ശിവന്‍ കുട്ടിക്ക് കാലിനു പരിക്കേറ്റതിനാല്‍ ഇലക്ഷന്‍ പ്രചാരണത്തില്‍ അല്‍പ്പം മങ്ങലേറ്റിട്ടുണ്ടെങ്കിലും വീല്‍ചെയറില്‍ ശിവന്‍ കുട്ടി വീണ്ടും പ്രചാരണത്തിന് ഇറങ്ങി തുടങ്ങിയിരുന്നു.ഇരുമുന്നണികളും മാറിമാറി ജയിച്ചിട്ടുള്ള നേമത്ത് ആര്‍ക്കും കുത്തക അവകാശപ്പെടാനാവില്ല.

ബി.ജെ.പി. സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത് നേമത്താണ്.2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ വി.ശിവന്‍കുട്ടി ജയിച്ചത്‌ 6415 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ശിവന്‍കുട്ടി 50076 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ ബി.ജെ.പി.യിലെ ഒ.രാജഗോപാല്‍ 43661 വോട്ടുകള്‍ പിടിച്ചു.ബി.ജെ.പി.അക്കൗണ്ട്‌ തുറക്കാന്‍ ഏറ്റവും സാധ്യതകല്‍പ്പിക്കപ്പെടുന്ന മണ്ഡലമാണു നേമം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളുടെ കണക്കുകളുടെ ആത്മവിശ്വാസത്തിലാണ്‌ ബി.ജെ.പി. ക്യാമ്പ്‌. അതുകൊണ്ട്‌ നേമം ഇക്കുറി ചരിത്രം കുറിക്കുമോയെന്നാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ്‌ ഒ. രാജഗോപാല്‍ മത്സരിക്കുന്ന മണ്ഡലമാണ് ഇത്.2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി. ഒന്നാമതെത്തിയിരുന്നു. ഈ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവുമധികം ലീഡ് ലഭിച്ചത് നേമത്തായിരുന്നു. ആകെ 50685 വോട്ടുകള്‍ നേടിയ ബി.ജെ.പി. രണ്ടാമതെത്തിയ യു.ഡി.എഫിനേക്കാള്‍ 18000 വോട്ടുകള്‍ അന്ന് അധികം പിടിച്ചു. ഇടതുമുന്നണിക്ക് ലഭിച്ചത് 31643 വോട്ടുകളാണ്. ബി.ജെ.പി. അരലക്ഷത്തിലധികം വോട്ടുകള്‍ നേടിയ കേരളത്തിലെ ഏക മണ്ഡലവും നേമം തന്നെ. ബി.ജെ.പി 46516 വോട്ടുകളും ഇടതുമുന്നണി 43882 വോട്ടുകളും യു.ഡി.എഫ് 25127 വോട്ടുകളും ആണ് കരസ്ഥമാക്കിയത്
.സിപിഎമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയത മണ്ഡലത്തിലെ ഫലത്തെ സ്വാധീനിച്ചേക്കും എന്ന വിലയിരുത്തലും ഉണ്ട്. നഗരസഭയ്ക്കെതിരെ ശിവന്‍കുട്ടി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് ഈ ആരോപണം ഉദ്യോഗസ്ഥര്‍ക്കെതിരെയാണെന്ന തിരുത്തല്‍ വന്നെങ്കിലും രാഷ്ട്രീയപരമായി ഈ ആരോപണം എല്‍ഡിഎഫിനെ ഉലച്ചിരുന്നു. ഈ ആരോപണം ഇടതിനെ ആക്രമിക്കാനുള്ള ആയുധമായി യുഡിഎഫും ബിജെപിയും ഉപയോഗിക്കുകയും ചെയ്യും.ഇവിടെ ആകെ വോട്ടര്‍മാര്‍ – 187602. പുരുഷന്‍മാര്‍ – 90727. സ്ത്രീകള്‍ – 96875 എന്നാ നിലയിലാണ്.21 വാര്‍ഡുകളില്‍ ഭൂരിപക്ഷവും ഇക്കുറി തങ്ങള്‍ക്കൊപ്പം നില്‍ക്കും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കുടിവെള്ള പ്രശ്നവും ഗതാഗത പ്രശ്നങ്ങളുമാകും യുഡിഎഫ് നേമത്തു പ്രധാനമായും ഉന്നയിക്കുകനിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സിപിഎമ്മിന് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് നേമത്ത് വി.സുരേന്ദ്രന്‍ പിള്ളയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കി. ജെഡിയു സ്ഥാനാര്‍ഥിയായാണ് സുരേന്ദ്രന്‍പിള്ള നേമത്ത് മത്സരിക്കുന്നത്.സുരേന്ദ്രന്‍ പിള്ളയെ സംബന്ധിച്ച് ഇത് മധുര പ്രതികാരമാണ്. സിപിഎമ്മിനോട് രാഷ്ട്രീയമായി പക പോക്കാന്‍ ഉള്ള മികച്ച അവസരം. പതിറ്റാണ്ടുകളായി എല്‍ഡിഎഫില്‍ തുടരുന്ന തന്നെ പുറം കാലുകൊണ്ട് അപമാനിച്ച് തൊഴിച്ചെറിഞ്ഞതിനു പ്രതികാരം ചെയ്യാന്‍ ഉള്ള സമയം.

സിപിഎമ്മിനെ സംബന്ധിച്ച് ഒരു ശക്തമായ രാഷ്ട്രീയ തിരിച്ചടിയാണ് സുരേന്ദ്രന്‍പിള്ളയുടെ വരവ്. ഇനി സുരേന്ദ്രന്‍ പിള്ളയെയും, ഓ.രാജഗോപാലിനെയും എതിര്‍ത്ത് മണ്ഡലം പിടിക്കണം. ബിജെപിക്കാണെങ്കില്‍ ഒരിക്കലും തിരഞ്ഞെടുപ്പില്‍ വിജയിക്കാതെ, രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ പോകുന്ന ഒ.രാജഗോപാലിന് ഒരു തിരഞ്ഞെടുപ്പ് വിജയമെങ്കിലും സാധ്യമാക്കണം. ഇതുവഴി ബിജെപിക്ക് നിയമസഭയിലേക്ക് അക്കൌണ്ട് തുറക്കണം. . മൂന്ന് സ്ഥാനാര്‍ഥികളും ശക്തരായ നായര്‍ സ്ഥാനാര്‍ഥികളും. ഇതാണ് നേമത്ത് മത്സരം പൊടിപാറിക്കാന്‍ പോകുന്നത്. പതിറ്റാണ്ടുകള്‍ ആയി ഇടതുമുന്നണിക്കൊപ്പം നിന്ന സുരേന്ദ്രന്‍ പിള്ളയെ കറിവേപ്പില പോലെ സിപിഎം വലിച്ചെറിഞ്ഞിരുന്നു എന്നാണു സുരേന്ദ്രന്‍പിള്ളയുടെ അനുയായികളുടെ പരാതി.. ഇന്നലെ മുളച്ച തകരപോലെ ഇടതുമുന്നണിയിലേക്ക് കടന്നു വന്ന ജോസഫ് ഗ്രൂപ്പ്കാരായ ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തിനു വേണ്ടിയാണ് പിള്ളയെ സിപിഎം എടുത്ത് വെളിയില്‍ കളഞ്ഞത് എന്നാണ് അവരുടെആക്ഷേപം. എന്തായാലുംനേമം കേരള ഇലക്ഷനില്‍ ചരിത്രം സൃഷ്ടിക്കുമോ എന്ന്കാത്തിരുന്നുകാണാം.

 

shortlink

Post Your Comments


Back to top button