പഞ്ചരത്‌നം വീട്ടിലെ പഞ്ചരത്‌നങ്ങളായ ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നീ സഹോദരങ്ങള്‍ കേരളീയര്‍ക്ക് പ്രിയങ്കരരാണ്.ജനനം കൊണ്ട് തന്നെ വാര്‍ത്തയായ ഇവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും നമ്മള്‍ സ്നേഹത്തോടെ കണ്ടുകൊണ്ടിരുന്നു.ഇപ്പോഴിതാ പഞ്ചരത്നങ്ങള്‍ കന്നിവോട്ടിന് ഒരുങ്ങുന്നു.
വേഷത്തില്‍ മാത്രമല്ല, ചിന്തകളിലും ഒരുമിച്ചാണ്ഇവര്‍. കളിചിരികളെല്ലാം മാറ്റി വച്ച് തിരഞ്ഞെടുപ്പിനെ ഗൗരവമായിട്ടുതന്നെയാണ് സഹോദരങ്ങള്‍ കാണുന്നത്.
തദ്ദേശതിരഞ്ഞെടുപ്പു സമയത്തു മെഡിക്കല്‍ വിദ്യാര്‍ഥികളായ ഉത്രജയും ഉത്തമയും എറണാകുളത്തായിരുന്നു. ഒരുമിച്ചു വോട്ടിടാന്‍ പോകണമെന്ന കൂട്ടായ തീരുമാനമുള്ളതിനാല്‍ മറ്റുള്ളവരും വോട്ടവകാശം വിനിയോഗിച്ചില്ല. ഇത്തവണ എന്തു തിരക്കുണ്ടായാലും രാവിലെ തന്നെ ബൂത്തിലെത്തി ആദ്യ അഞ്ച് വോട്ടുകള്‍ തങ്ങള്‍ക്കുതന്നെ രേഖപ്പെടുത്തണമെന്നാണു പഞ്ചരത്‌നങ്ങളുടെ തീരുമാനം. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മഴയ്ക്കാട് ഗാന്ധിസ്മാരകത്തിലാണ് ഇവരുടെ ബൂത്ത്.
അച്ഛന്‍ പ്രേംകുമാറിന്റെ മരണശേഷം അമ്മ രമാദേവിയാണ് ഇവരുടെ അവസാനവാക്ക് അതുകൊണ്ടു വോട്ടിടുന്നതിനു മുന്‍പ് അമ്മയുടെ അഭിപ്രായവും ഇവര്‍ ചോദിക്കും,
സഹകരണബാങ്ക് ജീവനക്കാരിയായ രമാദേവിയുടെ മനസ്സില്‍ രാഷ്ട്രീയമുണ്ടെങ്കിലും അത് മക്കളുടെ രാഷ്ട്രീയത്തില്‍ ബാധിക്കില്ല. അവര്‍ക്കു നല്ലതെന്നു തോന്നുന്നതു ചെയ്യട്ടെ എന്നാണു രമാദേവിയുടെ പക്ഷം. പക്ഷേ വോട്ട് ആര്‍ക്കായാലും അഞ്ചുവോട്ടും ഒരേ സ്ഥാനാര്‍ഥിക്കായിരിക്കുമെന്നു പഞ്ചരത്‌നങ്ങള്‍ ഉറപ്പിച്ചു പറയുന്നു. ചെറുപ്പം മുതല്‍ക്കെ കൂട്ടായ അഭിപ്രായത്തിനു ശേഷമാണ് ഇവര്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.
1995 നവംബര്‍ 18ലെ ഉത്രം നാളില്‍ ജനിച്ച പഞ്ചരത്‌നങ്ങള്‍ക്ക് ഇപ്പോള്‍ വയസ്സ് ഇരുപതായി. എന്നിട്ടും ഈ പതിവിനു യാതൊരുമാറ്റവും സംഭവിച്ചിട്ടില്ല. എല്‍കെജി മുതല്‍ പ്ലസ് ടു വരെ ഒരേ സ്‌കൂളില്‍ (വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്‌കൂള്‍) ഒരേ ക്ലാസിലായിരുന്നു അഞ്ച് പേരുടെയും പഠനം. പിന്നീട് ഉപരിപഠനമായപ്പോള്‍ പലവഴികളിലായി ഇവര്‍ പറന്നു. നിലവില്‍ ഉത്ര ഫാഷന്‍ ഡിസൈനിങ്ങും ഉത്തര ജേണലിസവും ഉത്രജന്‍ ബിബിഎയും പഠിക്കുന്നു.
Post Your Comments