
ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രത. വെടിനിർത്തലിന് ധാരണയായെങ്കിലും പാക്കിസ്ഥാന്റെ പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകി.
ജമ്മു കശ്മീരിൽ ചിലയിടങ്ങളിൽ രാത്രി പാക്കിസ്ഥാന്റെ ഷെല്ലാക്രമണം ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിനിർത്തൽ പ്രഖ്യാപനമുണ്ടായെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. പാക്ക് നടപടികൾ ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.
പഞ്ചാബിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേര്‍ന്ന 5 ജില്ലകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മറ്റുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. രാജസ്ഥാനിലെ ജയ്സൽമേർ ജില്ലയിൽ ഞായറാഴ്ച രാത്രി 7.30 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.
സുരക്ഷയുടെ ഭാഗമായി വീടുകളിലെ വിളക്കുകൾ അണയ്ക്കാൻ അധികൃതർ നിർദേശിച്ചു. പാക്കിസ്ഥാൻ ചിലയിടങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിച്ച സാഹചര്യത്തിൽ പഞ്ചാബിലെ ഭട്ടിൻഡ ജില്ലാ ഭരണകൂടവും ജനങ്ങളോട് രാത്രിയിൽ ലൈറ്റുകൾ അണച്ച് ജാഗ്രത പാലിക്കാൻ നിർദേശിച്ചു.
Post Your Comments