KeralaNews

ചെങ്ങന്നൂർ നിലനിർത്താൻ യുഡിഎഫും, തിരിച്ചു പിടിക്കാൻ എൽഡിഎഫും ചരിത്ര നേട്ടത്തിനോരുങ്ങി ബിജെപിയും, വിജയം ആവർത്തിക്കാൻ സ്വതന്ത്രയും തയ്യാർ

പ്രമുഖർ അണിനിരക്കുന്ന ശക്തമായ ചതുഷ്കോണ മത്സരത്തിനോരുങ്ങി ചെങ്ങന്നൂര്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, മാന്നാര്‍, ആലാ, ബുധനൂര്‍, പുലിയൂര്‍, പാണ്ടനാട്‌, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല തുടങ്ങിയ സ്‌ഥലങ്ങള്‍ ചേര്‍ന്നതാണ്‌ ചെങ്ങന്നൂര്‍ നിയോജക മണ്ഡലം. ജാതി മത സമുദായങ്ങള്‍ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന മണ്ഡലം ആണ് ചെങ്ങന്നൂര്‍. ശക്തമായ സാമുദായിക ധ്രുവീകരണം ഇവിടെ സ്വാധീനിക്കാറുണ്ട്. എൻ എസ് എസിന് സ്വാധീനമുള്ള മണ്ഡലമാണ് ഇത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഇത്തവണ മാറ്റുരയ്ക്കുന്നത് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥ്‌ , ഇടതു സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍ നായര്‍, എന്‍ ഡി എ യ്ക്ക് വേണ്ടി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, സ്വതന്ത്രയായി ശോഭന ജോര്‍ജ് തുടങ്ങിയ പ്രമുഖരാണ്. ശക്തമായ ചതുഷ്കോണ മത്സരം ആണ് ഇവിടെ നടക്കുന്നത്. കാരണം സ്ഥാനാർഥികൾ ആരും ഇവിടെ മോശമല്ല എന്നത് തന്നെ. മണ്ഡലം നിലനിർത്താൻ യു ഡി എഫും, തിരിച്ചു പിടിക്കാൻ എൽ ഡി എഫും ചരിത്ര നേട്ടത്തിനൊരുങ്ങി ബിജെപിയും, വിജയം ആവർത്തിക്കാൻ സ്വതന്ത്രയായ ശോഭന ജോർജ്ജും തയ്യാറായി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നഗരസഭയും ആലാ, വെണ്‍മണി, പാണ്ടനാട്, മാന്നാര്‍ പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പവും മുളക്കുഴ, പുലിയൂര്‍, ചെറിയനാട്, ബുധനൂര്‍, ചെന്നിത്തല പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനൊപ്പവുമാണ്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ബി.ജെ.പി ഭരണത്തിലും. ഒരു ഇന്ത്യ പാക് ക്രിക്കറ്റ് കളി പോലെ വളരെയേറെ ആവേശകരമാണ് ഇവിടുത്തെ മത്സരം.

താൻ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഓരോന്നായി എടുത്തു പറഞ്ഞു വിഷ്ണു നാഥ് വോട്ടു തേടുമ്പോൾ, സോളാർ കേസിലെ ആരോപണങ്ങളും യുഡിഎഫിലെ അഴിമതി ഭരണവും ആ മാറ്റ് കുറയ്ക്കാനായി എതിർകക്ഷികൾ എടുത്തു പറയുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫിന് ലഭിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്ന് ചെങ്ങന്നൂരാണ്. 2006ല്‍ കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് സി.പി.എമ്മിലെ സജി ചെറിയാനെയും 2011ല്‍ വിഷ്ണുനാഥ് സി.പി.എമ്മിലെ സി.എസ്. സുജാതയെയും പരാജയപ്പെടുത്തി ചെങ്ങന്നൂര്‍ മണ്ഡലത്തിലെ യു.ഡി.എഫിന്‍െറ ആധിപത്യം ഉറപ്പിച്ചു. തെരഞ്ഞെടുപ്പുകളില്‍ അപൂര്‍വമായി മാത്രമെ ചെങ്ങന്നൂരിന് ഇടതുപക്ഷത്തേക്ക് മാറേണ്ടി വന്നിട്ടുള്ളു. സാമുദായിക-മത സംഘടനകള്‍ക്ക് നല്ല സ്വാധീനമുള്ള ജില്ലയിലെ പ്രധാന മണ്ഡലമാണിത്. മണ്ഡലത്തിലെ പ്രധാനവ്യക്തികളെ കണ്ടും, കടകളും ടൌണുകളും കേന്ദ്രീകരിച്ചാണ് വിഷ്ണു നാഥ് വോട്ടു തേടുന്നത്.

കോൺഗ്രസ്‌ നേതാവും മുൻ എം എൽ എ യുമായ ശോഭന ജോര്ജ്ജ് അതി ശക്തമായി മണ്ഡലത്തിൽ പ്രചാരണത്തിൽ ഉണ്ട്. ചെങ്ങന്നൂരിൽ താൻ എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങളൊന്നും തന്നെ മറ്റൊരു എം എൽ എ യ്ക്കും അവകാശപ്പെടാനില്ലെന്നാണ് ശോഭനാ ജോർജ്ജിന്റെ പക്ഷം. ഇപ്പോഴും തനിക്കു വോട്ടു തരാൻ ചെങ്ങന്നൂരുകാർ മടിക്കില്ലെന്നും നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും തനിക്കു ജയിച്ചു കയറാനാവുമെന്നും ശോഭന കണക്കുകൂട്ടുന്നു.

കോൺഗ്രസ്‌ വിമതയായി ശോഭന ജോര്ജ്ജ് മത്സരിക്കുന്നത് തങ്ങൾക്കു ഗുണം ചെയ്യുമെന്നാണ് എൽ ഡി എഫിന്റെ കണക്കു കൂട്ടൽ. വോട്ടിലുള്ള വ്യതിയാനവും യു ഡി എഫിലെ വിള്ളലും കാരണം വോട്ടു ധ്രുവീകരണം നടക്കുമെന്നാണ് എൽ ഡി എഫ് കരുതുന്നത്. പ്രവർത്തകർക്കിടയിൽ കെ കെ ആർ എന്നറിയപ്പെടുന്ന കെ കെ രാമചന്ദ്രൻ നായർ പ്രചാരണ രംഗത്ത് സജീവമാണ്. സമസ്ത നായർ സംഘടനയുടെ പിന്തുണ തങ്ങള്ക്കുന്ടെന്നാണ് എൽ ഡി എഫ്നിന്റെ കണക്കു കൂട്ടൽ. മൂന്നു രാഷ്ട്രീയ കക്ഷികളിലെയും സ്ഥാനാർഥികൾ നായര്‍ സമുദായത്തില്‍ പെട്ടതാണ്.

സോളാറും കുടിവെള്ള ക്ഷാമവും മണ്ഡലത്തിലെ വികസന മുരടിപ്പും ആണു മുഖ്യമായി ബിജെപി സ്ഥാനാർഥിയായ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള ആയുധമാക്കുന്നത്. ദേശീയ നിർവാഹക സമിതിയംഗവും മുൻ ബിജെപി അധ്യക്ഷനുമായ പി എസ് ശ്രീധരൻ പിള്ള വളരെ മുന്നേ തന്നെ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പോസ്ടറുകളും ചുവരെഴുത്തും പ്രചാരണവുമായി ശ്രീധരൻ പിള്ളയുടെ സംഘം ചിട്ടയായ പ്രവർത്തനമാണ് മണ്ഡലത്തിൽ നടത്തുന്നത്. എൻ എസ് എസിന്റെ ജെനറൽ സെക്രട്ടറിയായ സുകുമാരൻ നായരുമായുള്ള അടുപ്പം ശ്രീധരൻ പിള്ളക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഒപ്പം ന്യൂനപക്ഷ സമുദായങ്ങളിൽ ചിലരുടെ പിന്തുണയും ശ്രീധരൻ പിള്ളക്ക് ലഭിക്കുമെന്ന് കരുതുന്നു. മുൻ വര്ഷങ്ങളിലെ പോലെ ഇത്തവണ വോട്ടു ചോര്ച്ച ഉണ്ടാവില്ലെന്നും കരുതുന്നുണ്ട്. കാരണം കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ വോട്ടുകളും പ്രത്യേകിച്ച് ബിഡിജെഎസുമായുള്ള സഖ്യവും ശ്രീധരൻ പിള്ളയ്ക്ക് ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടൽ. ചരിത്ര നേട്ടം ആണ് ഇത്തവണ ബിജെപി പ്രതീക്ഷിക്കുന്നത്.

മൊത്തത്തിൽ ശക്തമായ ചതുഷ്കോണ മത്സരം ആണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ആരാവും വിജയി എന്ന് പ്രവചിക്കാനാവില്ലെങ്കിലും ചരിത്രം കുറിക്കുമോ ഇത്തവണ ചെങ്ങന്നൂർ എന്നാണു ഏവരും ഉറ്റു നോക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close