KeralaNews

ദേശീയശ്രദ്ധ നേടിയ ബത്തേരിയില്‍ ഇത്തവണത്തെ അങ്കം ഏവരും ഉറ്റുനോക്കുന്നു

കര്‍ണാടകയും തമിഴ്‌നാടുമായി അതിരിടുന്ന സംസ്‌ഥാനത്തെ ആദിവാസി സംവരണ മണ്ഡലങ്ങളില്‍ ഒന്നായ ബത്തേരി മണ്ഡലം ഇത്തവണ ആദിവാസി നേതാവ് ജാനുവിന്‍റെ സ്ഥാനാര്‍ഥിത്വം കൊണ്ട് ശ്രദ്ധേയമാണ്. 1965ല്‍ സൗത്ത് വയനാട് മണ്ഡലത്തിന്‍െറ ഭാഗമായി. 1977ല്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലം നിലവില്‍വന്നു. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും പൂതാടി, നെന്മേനി, നൂൽപ്പുഴ, പുൽപ്പള്ളി, മുള്ളൻകൊല്ലി, അമ്പലവയൽ, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലം. ഈ മണ്ഡലം വയനാട് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. 1977 മുതൽ 2011 വരെ നടന്ന ഒൻപതു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏഴു തവണ കോൺഗ്രസ് സ്ഥാനാർത്ഥികളും രണ്ടു തവണ സി.പി.ഐ.എം സ്ഥാനാർത്ഥികളും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. മുൻ മന്ത്രി കെ. കെ രാമചന്ദ്രൻ ഇവിടെ നിന്നും മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. രണ്ടായിരത്തിയാറിൽ സി.പി.എം ജയിച്ചെങ്കിലും 2011ൽ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പതിനായിരം വോട്ടിൻറെ വർദ്ധനവ്‌ ഉണ്ടായിട്ടുണ്ട്. ഇത്തവണ ബി.ജെ.പിക്ക് അതിൽ കൂടുതൽ വോട്ടുകൾ നേടാനാവുമെന്നും ജയിക്കുമെന്ന് ഉറച്ച വിശ്വാസം ഉണ്ടെന്നുമാണ് സി കെ ജാനുവിന്‍റെ പ്രതികരണം. പുല്‍പള്ളി മേഖലയിലെ ഈഴവ സാന്നിധ്യം എന്‍ ഡി എ സ്ഥാനാര്‍ഥിയായ ജാനുവിന് ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടല്‍. എന്തായാലും മണ്ഡലത്തില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഇടതു വലതു മുന്നണികള്‍ക്കു വലിയ പരീക്ഷണമാകുമെന്നുറപ്പാണ്

സുല്‍ത്താന്‍ ബത്തേരി നഗരസഭയും മുള്ളന്‍കൊല്ലിയും അമ്പലവയലും ഒഴികെയുള്ള പഞ്ചായത്തുകളും ഇടതുമുന്നണി ഭരണത്തിലാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് 8000ത്തിലധികം വോട്ടുകളുടെ ലീഡുമുണ്ട്. 6640 വോട്ടുകളുടെ ലീഡ് നിലനിര്‍ത്താന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് കഴിഞ്ഞു. 1996ലും 2006ലും ഉണ്ടായ ഇടതു വിജയം 2016ലും ആവര്‍ത്തിക്കുമെന്ന് ഇടതുമുന്നണി ആണയിടുമ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുതന്നെയാണ് മുന്‍തൂക്കമെന്നാണ് മറുവാദം. മണ്ഡലത്തില്‍ 2,15,904 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,09,993 സ്ത്രീകളും 1,05,911 പുരുഷന്മാരുമാണ് ഉള്ളത്.

കഴിഞ്ഞതവണ പുല്പള്ളി, പൂതാടി, നൂല്‍പ്പുഴ, നെന്മേനി പഞ്ചായത്തുകള്‍ യു.ഡി.എഫ്. ആയിരുന്നു ഭരിച്ചത്. എന്നാല്‍ ഈ നാല് പഞ്ചായത്തുകളും എല്‍.ഡി.എഫ്. പിടിച്ചെടുത്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്തും എല്‍.ഡി.എഫ്. പിടിച്ചെടുത്തതോടെ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വലിയ ആത്മവിശ്വാസത്തിലാണ്. ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് യു.ഡി.എഫിന് അനുകൂലമായിരുന്നില്ല. യു.ഡി.എഫ്. കുത്തകയായിരുന്ന ബത്തേരി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തി. തുടര്‍ന്നു നടത്തിയ പ്രഥമ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും തുല്യ ശക്തികളായി മാറിയപ്പോള്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാനുമായി. ബത്തേരി മണ്ഡലത്തിൽ ഉൾപ്പെട്ട പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകൾ എസ്.എൻ.ഡി.പിയുടെ സ്വാധീന മേഖലകളാണ്. കൂടാതെ, നൂൽപുഴ പഞ്ചായത്തിൽ ബി.ജെ.പിയ്ക്കും സ്വാധീനമുണ്ട്

എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി.കെ. ജാനു കൂടി എത്തിയതോടെ, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ മത്സരം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു. വനവാസി സമരം പാതയോരത്തുനിന്ന് നിയമസഭയിലേക്ക് വ്യാപിപ്പിക്കും എന്നുള്ള ഉറച്ച തീരുമാനത്തോടെയാണ്‌ സി കെ ജാനു ഇത്തവണ ഇവിടെ മത്സരിക്കുന്നത്. ആദിവാസി ഗോത്രമഹാസഭ എന്ന ആദിവാസി സംഘടനയുടെ ചെയർപേഴ്സണാണു് സി.കെ.ജാനു. കേരളത്തിലെ ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള നിരവധി സമരങ്ങൾ നയിച്ചതിനു കേസുകളിൽ ഉൾപ്പെടുകയും പോലീസ് പീഡനം അനുഭവിക്കുകയും ചെയ്ത വനിതയാണ്‌ അവർ. 2016 ലെ കേരള നിയമസഭ ഇലക്ഷനിൽ ജനാധിപത്യ രാഷ്ട്രിയ സഭ എന്ന പേരിൽ പുതിയ രാഷ്ട്രിയ പാർട്ടി രൂപികരിക്കുകയും ബി ജെ പി നയിക്കുന്ന എൻ ഡി എ യുടെ ഭാഗമായി മത്സരിക്കുകയും ചെയ്യുന്നു. ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു അധ:സ്ഥിതരുടെയും പിന്നോക്കസമൂഹത്തിന്‍റെയും ഭൂമിപ്രശ്‌നമടക്കമുള്ള വിഷയങ്ങളാണ് പ്രചാരണായുധങ്ങൾ ആക്കുന്നത്. ചെക്കോട്ട് കരിയൻ ജാനു ( സി.കെ . ജാനു‌) വയനാട്ടിലെ മാനന്തവടിക്കടുത്ത തൃശ്ശിലേരിയിൽ അടിയ ആദിവാസി സമുദായത്തിൽ 1970 ൽ ജനിച്ചു . പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന ജാനു 1980കളിലെ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിലെ ക്ലാസ്സുകളിൽ പങ്കെടുത്താണു് മലയാളം എഴുതാനും വായിക്കാനും പഠിച്ചതു്. ഏഴാം വയസ്സിൽ വീട്ടുജോലിക്കാരിയായി പണിയെടുത്തു തുടങ്ങിയ ജാനു 12 ആം വയസ്സോടെ ദിവസക്കൂലിയ്ക്ക് പണിയെടുക്കുന്ന കർഷകത്തൊഴിലാളിയായി. സെക്രട്ടേറിയറ്റിനു മുന്നിലെ കുടിൽ കെട്ടിയുള്ള സമരം , മുത്തങ്ങാ സമരം, ആറളം ഫാമിലെ ഭൂസമരം തുടങ്ങി നിരവധി ഭൂസമരങ്ങൾ സി.കെ ജാനുവിന്‍റെ നേതൃത്വത്തിൽ നടന്നിട്ടുണ്ടു്. പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിനെതിരായ തദ്ദേശവാസികളുടെ സമരം ഏപ്രിൽ 22, 2002ൽ തുടങ്ങിവെച്ചതും സി.കെ. ജാനുവിന്‍റെ നേതൃത്വത്തിലാണ്.കേരളത്തിലെ ആദിവാസികൾക്കിടയിൽ 2001 ൽ ഉണ്ടായ 32 പട്ടിണിമരണങ്ങൾക്കു ശേഷമാണു് സി.കെ ജാനുവിന്‍റെ നേതൃത്വത്തിൽ ആദിവാസികളുടെ കുടിൽ കെട്ടിയുള്ള സമരം 2001 ആഗസ്റ്റിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിക്കുന്നതു്. ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഗവൺമെന്റ് സെക്രട്ടറിയേറ്റിന് മുൻവശം ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനകളെ യോജിപ്പിച്ച് സി.കെ. ജാനുവിന്‍റെ നേതൃത്വത്തിൽ 2014 ജൂലായ് ഒമ്പതിന് തുടങ്ങിയ അനിശ്ചിതകാല സമരമായിരുന്നു നിൽപ്പ് സമരം. അങ്ങനെ നിരവധി ശ്രദ്ധേയമായ സമരമുഖങ്ങളിലെ തീപ്പൊരിയായ സി കെ ജാനു എന്‍ ഡി എ യുടെ ഒപ്പം ചേര്‍ന്നതോടെ ഇത്തവണ ബത്തേരി മണ്ഡലം ആര് നേടും എന്നത് പറയാന്‍ വയ്യാത്ത തരത്തിലായി.

ബത്തേരി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ ജനപിന്തുണ കൂടുതൽ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിലും തുടർന്നുവന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതാണ് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സത്യൻ മെകേരിക്ക് ബത്തേരിയിൽ 8,983 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ അഞ്ചും നഗരസഭയും ബ്‌ളോക്ക് പഞ്ചായത്തും ഭരിയ്ക്കുന്നത് എൽഡിഎഫാണ്. പ്രചരണത്തിലും വീട് കയറിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുമെല്ലാം എല്‍ ഡി എഫ് സ്ഥാനാര്‍ഥി രുഗ്മണി സുബ്രഹ്മണ്യന്‍ ബഹുദൂരം മുന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പൊതു വിലയിരുത്തല്‍. സംസ്ഥാന പട്ടികവര്‍ഗ കമ്മീഷന്‍ അംഗമെന്ന നിലയില്‍ രുഗ്ണി നടത്തിയ ഇടപെടലിന്‍റെ ഫലമായാണ് കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍ നിലനിന്ന ആദിവാസി ചൂഷണം ഒരു പരിധിവരെയെങ്കിലും തടയാനായത് എന്നാണ് അവരുടെ അവകാശം. പൂതാടി ഗ്രാമപഞ്ചായത്തില്‍ ഒരേ വാര്‍ഡില്‍ നിന്ന് തന്നെ ജയിച്ച അംഗവും പ്രസിഡന്റും എന്നത് അവര്‍ക്കുള്ള ജനകീയ അംഗീകാരത്തിന് മറ്റൊരു തെളിവാണ് എന്ന് സിപിഎം അവകാശപ്പെടുന്നു.

കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമെന്ന് പണ്ട് കരുതപ്പെട്ടിരുന്ന ബത്തേരിയില്‍ സിറ്റിംഗ് എം എല്‍ എയായ യു ഡി എഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്‍ തന്നെയാണ് ഇത്തവണയും UDF സ്ഥാനാർഥിയായി മത്സരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത മണ്ഡലം കണ്‍വെന്‍ഷനോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍റെ പരസ്യ പ്രചാരണം ആരംഭിച്ചത്. ഐ സി ബാലകൃഷ്ണൻ, ആദിവാസി കോൺഗ്രസിന്‍റെ ജനറൽ സെക്രട്ടറി, ബി.എസ്.എൻ.എൽ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ചന്തുവിന്‍റെയും മീനാക്ഷിയുടെയും മകനായി 1975 മേയ് 25-ന് ജനനം. വാലാട് ഗവ. ഹെസ്കൂളിലെ വിദ്യാഭ്യാസ കാലത്ത് കെ.എസ്.യു-വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. 2000 മുതൽ 2005 വരെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗമായും 2005 മുതൽ 2010 വരെ വയനാട് ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ 2010 വരെ യൂത്ത് കോൺഗ്രസ്(ഐ) വയനാട് ജില്ലാ പ്രസിഡണ്ട് ആയി പ്രവർത്തിച്ചിരുന്നു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു.

2011ല്‍ ഏഴായിരത്തിഅഞ്ഞൂറില്‍പ്പരം വോട്ടുകള്‍ക്കാണ് എല്‍ ഡി എഫിലെ ഇ എ ശങ്കരനെ, ബാലകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഈ മേധാവിത്വം നിലനിര്‍ത്താനുള്ള ജനകീയ ഇടപെടലുകള്‍ ഐ സി ബാലകൃഷ്ണന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് യു ഡി എഫുകാര്‍ തന്നെ തുറന്ന് സമ്മതിക്കുന്നത്. ബി ജെ പി നേട്ടമുണ്ടാക്കിയ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് വലിയ തോതില്‍ പിന്നാക്കം പോയി. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ പോലും ബിജെപിക്ക് ലഭിച്ചത് യു ഡി എഫിന്‍റെ ശക്തിക്ഷയമാണ് സൂചിപ്പിക്കുന്നത്. ജില്ലയിലെ പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങള്‍ രണ്ടും ആദിവാസികള്‍ക്കിടയില്‍ വരേണ്യ വിഭാഗമായ കുറിച്യ സമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയതിന് എതിരെ വയനാട് കുറുമ സമാജം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുറുമരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. അവര്‍ക്കിടയില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കാത്തതും വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നു.

വയാട്ടിലെ വരള്‍ച്ചയും ആദിവാസിപ്രശ്നങ്ങളുമാണിത്തവണ സ്ഥാനാര്‍ഥികളുടെ പ്രധാന പ്രചാരണായുധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button