Kerala

ഇന്ത്യയിലെ അത്യപൂര്‍വ ഹൃദയ ശസ്ത്രക്രിയാ വിജയവുമായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അത്യപൂര്‍വ ഹൃദയ ശസ്ത്രക്രിയാ വിജയവുമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഹൃദയത്തില്‍ നിന്ന് ഏകദേശം ഒന്നര കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ ആറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം യൂണിറ്റ് ചീഫ് ഡോ. വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ വിജയം കൈവരിച്ചത്. യൂറോപ്പിലും സൗദിയിലുമുള്‍പ്പെടെ ഇതുപോലെയുള്ള രണ്ട് കേസുകളാണ് ലോകത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിഴിഞ്ഞം സ്വദേശിയായ 22 വയസുള്ള യുവതിക്കാണ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ശ്വാസം മുട്ടലും നെഞ്ചിടുപ്പുമായാണ് യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് കോശിയുടെ വിദഗ്ധ പരിശോധനയില്‍ യുവതിയുടെ ഹൃദയത്തില്‍ വളരെ വലുപ്പമുള്ള ഒരു ട്യൂമര്‍ ഉള്ളതായി കണ്ടെത്തി.
ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴല്‍ ഈ ട്യൂമറിലൂടെയാണ് കടന്നു പോകുന്നതെന്ന് കൂടുതല്‍ പരിശോധനകളിലൂടെ വ്യക്തമായി. അതി സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ ട്യൂമര്‍ നീക്കം ചെയ്യാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. ഈയൊരു മുന്‍കരുതലോടെയാണ് യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.

രക്തക്കുഴല്‍ ഉള്‍പ്പെടെയുള്ള ട്യൂമറിന്റെ ഭാഗം മുറിച്ചുമാറ്റി തുടിക്കുന്ന ഹൃദയത്തില്‍ പുതിയ രക്തക്കുഴില്‍ വച്ചു പിടിപ്പിച്ച് യുവതിയുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു. ഡോ. വി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡോ. വിനു സി.വി., ഡോ. ബെന്റോയ് ജോണ്‍, അനസ്തീഷ്യാ വിദഗ്ധരായ ഡോ. ഷീല വര്‍ഗീസ്, ഡോ. ഗോപാല കൃഷ്ണന്‍, ഡോ. അഡ്‌ലിന്‍, ഡോ. അരവിന്ദ് ജോണ്‍സന്‍, റേഡിയോളജി വിഭാഗത്തിലെ ഡോ. റൂമ മധുശ്രീധരന്‍ എന്നിവരോടൊപ്പം കാര്‍ഡിയാക് തീയേറ്റര്‍ സ്റ്റാഫ് നഴ്‌സുമാരും പാരമെഡിക്കല്‍ ജീവനക്കാരുമാണ് ശസ്ത്രക്രിയയ്ക്ക് സഹായികളായത്.

വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ നഴ്‌സുമാരുടെ പരിചരണത്തില്‍ യുവതി സുഖം പ്രാപിച്ചു വരുന്നു.

shortlink

Post Your Comments


Back to top button