
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ കല്യാണ വീട്ടില്‍ ക്ഷണിക്കാതെ എത്തിയ യുവാവിന്റെ ആക്രമണത്തില്‍ വരന്റെ സുഹൃത്തിന് പരിക്ക്. കവിളിന് കുത്തേറ്റ് പരിക്കേറ്റ പന്നിയങ്കര സ്വദേശി ഇന്‍സാഫിനെ ബീച്ചാശുപത്രിയില്‍ പ്രവേശിച്ചിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് കവിളില്‍ വരയുകയായിരുന്നു. ആക്രമണം നടത്തിയ ചക്കുകടവ് സ്വദേശി മുബീന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. പന്നിയങ്കര സ്വദേശിയായ വിഷ്ണുവിന്റെ വിവാഹമായിരുന്നു. സുഹൃത്തായ ഇന്‍സാഫും കല്യാണത്തിനെത്തിയിരുന്നു. തുടര്‍ന്നാണ് മുബീന്‍ എന്നയാളും ഇവിടേക്കെത്തുന്നത്. അവിടെയുള്ള ആളുകളുമായി പരിചയപ്പെട്ട് മദ്യപിച്ചു. വിഷ്ണു വിചാരിച്ചത് സഹോദരന്റെ കൂട്ടുകാരനായിരിക്കുമെന്നാണ്. സഹോദരന്‍ കരുതിയത് വിഷ്ണുവിന്റെ സുഹൃത്തായിരിക്കുമെന്നുമാണ്. എന്നാല്‍ മദ്യപിച്ചതിന് ശേഷം ഇയാള്‍ വീട്ടില്‍ ബഹളം വെക്കാനാരംഭിച്ചു. തുടര്‍ന്നാണ് മനസിലായത് ഇയാള്‍ ക്ഷണിക്കാതെ എത്തിയതാണെന്ന്. തുടര്‍ന്ന് വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് ഇയാളെ വീടിന് പുറത്തേക്ക് കൊണ്ടുപോയി.
എന്നാല്‍ അരമണിക്കൂറിന് ശേഷം ഇയാള്‍ തിരികെയെത്തി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഇന്‍സാഫിന്റെ മുഖത്ത് കത്തി കൊണ്ട് വരയുന്നത്. ഇന്‍സാഫിന്റെ മുഖത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുബീന്‍ ലഹരിക്കടിമയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവ സ്ഥലത്ത് നിന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. മുബീനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Post Your Comments