Editorial

കഴിഞ്ഞ വര്‍ഷം വിദേശനിക്ഷേപം രാജ്യത്തേക്കൊഴുകിയ കണക്കുകളില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ

വളര്‍ച്ചയിലേക്കുള്ള പാതയിലാണ് തങ്ങളെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചതിലൂടെ കഴിഞ്ഞ വര്‍ഷം ചൈനയെ പിന്തള്ളി വിദേശ നിക്ഷേപത്തിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസിന്‍റെ വിദഗ്ദസംഘം വിലയിരുത്തി. അന്താരാഷ്ട്ര സാമ്പത്തികകാര്യ മാധ്യമമായ ഫിനന്‍ഷ്യൽ ടൈംസിന്‍റെ എഫ്.ഡി.ഐ ഇന്‍റലിജൻസ് ആണ് ഈ വിവരം പുറത്തു വിട്ടത്. 6300-കോടി ഡോളറിന്‍റെ വിദേശനിക്ഷേപം ആണ് 2015-ല്‍ ഇന്ത്യയിൽ എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ “മെയ്ക്ക് ഇന്‍ ഇന്ത്യ” ആണ് ഇത്രമികച്ച രീതിയില്‍ വിദേശമൂലധനത്തിന്‍റെ രാജ്യത്തേക്കുള്ള ഒഴുക്കിനെ സഹായിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ നിര്‍മ്മാണ മേഖലയ്ക്ക് ഇത് സമ്മാനിച്ച ഊര്‍ജ്ജവും ഉണര്‍വ്വും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്.

ലോകത്തെ പ്രധാന ശക്തികേന്ദ്രങ്ങളായ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോഴും ഇന്ത്യ മാത്രം “ആഗോള സമ്പദ്വ്യവസ്ഥയിലെ തിളങ്ങുന്ന ഒരെടായി” നിലകൊള്ളുന്നു എന്ന് അന്താരാഷ്‌ട്ര നാണയനിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡെ അഭിപ്രായപ്പെട്ടതും ഇപ്പോള്‍ പുറത്തുവന്ന ഈ വിദേശ നിക്ഷേപത്തിന്‍റെ കണക്കും ചേര്‍ത്തു വായിക്കുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം മോദി ഗവണ്‍മെന്‍റിന്‍റെ സാമ്പത്തിക പരിഷ്കരണ നയങ്ങള്‍ പാളിപ്പോയിട്ടില്ല എന്നാണ്. ആഭ്യന്തരമായ ചില വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലെ വീഴ്ചകളും, പ്രതിപക്ഷ കക്ഷികളുടെ മുതലെടുപ്പ് രാഷ്ട്രീയവും ഒത്തുചേര്‍ന്ന് ഈ നേട്ടങ്ങളുടെ ശോഭ കെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ.

സ്ഥാപിത താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ചില മാധ്യമങ്ങളുടെ നെഗറ്റീവ് പ്രചരണങ്ങളും ഈ അസൂയാവാഹമായ നേട്ടങ്ങള്‍ സാധാരണക്കാരന്‍റെ മനസില്‍ എത്തിക്കുന്നതിന് തടസ്സമായി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ആസൂത്രണം ചെയ്തിരിക്കുന്ന കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയും കൂടി കഴിയുന്നതോടെ ഇപ്പോള്‍ കൈവന്ന ഈ നേട്ടങ്ങളുടെ അര്‍ഹതപ്പെട്ട വിഹിതങ്ങള്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കു പോലും ലഭ്യമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കും എന്ന് പ്രത്യാശിക്കാം. നിലവിലെ വികസന സൂചികകള്‍ സൂചിപ്പിക്കുന്നതും അതാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button