NewsInternationalGulf

ബാച്ച്‌ലര്‍മാരുടെ സിവില്‍ ഐഡി റദ്ദാക്കും

കുവൈറ്റ് സിറ്റി: സ്വദേശി കുടുംബങ്ങള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ മേഖലകളില്‍ വിദേശി ബാച്‌ലര്‍മാര്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവരുടെ സിവില്‍ ഐഡി റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണിതെന്ന് പബ്‌ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) ഡയറക്ടര്‍ മുസാഇദ് അല്‍അസൂസി അറിയിച്ചു.

സ്വദേശി കുടുംബങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന മേഖലകളില്‍ ബാച്‌ലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രക്രിയ പുരോഗമിക്കുകയാണെന്നും ഇവ പൂര്‍ത്തിയാക്കുന്ന മുറക്ക് സിവില്‍ ഇത്തരക്കാരുടെ ഐഡി റദ്ദാക്കുന്ന നടപടികള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇത്തരം സ്ഥലങ്ങളില്‍ താമസിച്ചവര്‍ പിന്നീട് താമസം മാറുമ്പോള്‍ മേല്‍വിലാസം മാറ്റിയില്ലെങ്കില്‍ സിവില്‍ ഐഡി റദ്ദാക്കല്‍ നടപടിക്ക് വിധേയമാവുമെന്നും അല്‍അസൂസി മുന്നറിയിപ്പുനല്‍കി.

കഴിഞ്ഞവര്‍ഷം തുടക്കത്തിലാണ് സ്വദേശി കുടുംബ മേഖലകളില്‍ താമസിക്കുന്ന ബാച്‌ലര്‍മാര്‍ക്കെതിരെ അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.
സ്വദേശി കുടുംബങ്ങള്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുന്ന മേഖലകളില്‍ വിദേശി ബാച്‌ലര്‍മാരുടെ സാന്നിധ്യം വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണാവുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. സ്വദേശികള്‍ക്കുവേണ്ടിയുള്ള കുടുംബ പാര്‍പ്പിട മേഖലകളില്‍ അനധികൃത ബാച്‌ലര്‍ താമസമൊരുക്കുന്നത് കൂടാതെ റസ്റ്റാറന്റുകളും കഫറ്റീരിയകളും ബഖാലകളുമൊക്കെ സ്ഥാപിച്ച് വാണിജ്യകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രവണത വര്‍ധിച്ചിരുന്നു. ഇതോടെ മേഖലയില്‍ വിദേശി ബാച്‌ലര്‍മാരുടെ സാന്നിധ്യം വര്‍ധിക്കുന്നു.

ഇത് പലപ്പോഴും പൊതുസുരക്ഷക്ക് വിഘാതമാവുകയും പല അനധികൃത, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വളംവെക്കുകയും ചെയ്യുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കുടുംബ താമസമേഖലകളില്‍ താമസിക്കാന്‍ ബാച്‌ലര്‍മാര്‍ക്ക് അനുവാദം നല്‍കുന്ന കെട്ടിട ഉടമകളില്‍നിന്നും 10,000 ദിനാര്‍ പിഴചുമത്തുന്ന നിയമത്തിനും അടുത്തിടെ മുനിസിപ്പല്‍ കൗണ്‍സിലും മന്ത്രിസഭയും അംഗീകാരം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button