KeralaNews

മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ മരുന്നു കമ്പനിയുമായുള്ള കമ്മീഷന്‍ പ്രശ്‌നം

തിരുവനന്തപുരം: വന്‍കിട മരുന്ന് ഇടപാടിനു കമ്മിഷനായി മുന്‍കൂര്‍ വാങ്ങിയ 15 കോടി രൂപ ഇടപാട് നടക്കാതിരുന്നിട്ടും തിരികെ കൊടുക്കാതിരുന്നതിന്റെ പേരിലാണ് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ മകളെ ഡല്‍ഹിയില്‍ വച്ച് തട്ടിക്കൊണ്ടുപോയതെന്ന് തിരുവനന്തപുരത്തെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥിയും ബാറുടമാ അസോസിയേഷന്‍ നേതാവുമായ ഡോ. ബിജു രമേശ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

അനാവശ്യമായ മരുന്ന് വന്‍തോതില്‍ വാങ്ങിക്കൂട്ടാനായാണ് ഒരു മുന്‍നിര മരുന്നുകമ്പനിയില്‍ നിന്നു മന്ത്രി കമ്മിഷന്‍ വാങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇടപാട് നടന്നില്ല. കൈപ്പറ്റിയ തുക മന്ത്രി തിരികെ നല്‍കാതിരുന്നതിനിനാലാണ് ഡല്‍ഹിയില്‍ പഠിക്കുകയായിരുന്ന മകളെ മരുന്നുകമ്പനിക്കാര്‍ തട്ടിക്കൊണ്ടുപോയത്. മന്ത്രി നേരിട്ട് ഡല്‍ഹിയിലെത്തി ഒരു മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മധ്യസ്ഥതയില്‍ കമ്പനിക്കാര്‍ക്കു പണം നല്‍കിയാണ് മകളെ മോചിപ്പിച്ചത്. മന്ത്രിയുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് ഒരു പെറ്റിക്കേസ് പോലും രജിസ്റ്റര്‍ ചെയ്യാതിരുന്നതു സംശയകരമാണ്.
മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് കാലാവധി തീരാറായ മരുന്നുകള്‍ വന്‍തോതിലാണു വാങ്ങിക്കൂട്ടിയത്. 600 കോടി രൂപയുടെ അഴിമതിയാണു നടന്നതെന്നും ബിജു രമേശ് പറഞ്ഞു.

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രി 164 കോടി രൂപയ്ക്കു വാങ്ങാന്‍ ബിനാമി പേരിലാണ് കരാറായിരിക്കുന്നത്. വിദേശത്തുള്ള മന്ത്രിയുടെ ഭാര്യാസഹോദരന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ സഹോദരന്‍ വി.എസ്. ജയകുമാറിനെ ശബരിമല സീസണില്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറായി അവിടെ നിയമിക്കുകയും സീസണ്‍ കഴിഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയാക്കുകയും ചെയ്ത നടപടി സ്വജനപക്ഷപാതമാണ്.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സ്ഥലമാറ്റം തടഞ്ഞ് ഉത്തരവ് ഇറക്കിയത് വന്‍ അഴിമതിക്കാണു കളമൊരുക്കിയത്. സ്ഥലംമാറ്റിയ ശേഷം തിരികെ പഴയ സ്ഥാനത്തു നിയമിക്കുന്നതിന് ലക്ഷങ്ങളാണ് ഓരോരുത്തരില്‍ നിന്നും വാങ്ങിയത്. കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ച മന്ത്രിക്കെതിരേ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button