KeralaNews

മെഡിക്കല്‍-എന്‍ജിനിയറിംഗ് പരിഗണിക്കാതെ വേറിട്ട വഴി തെരഞ്ഞെടുത്ത മകളെ കുറിച്ച് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍

മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സുകള്‍ക്കായി നമ്മുടെ മക്കള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഋതുവില്‍തന്നെ എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല, മുഴുവന്‍ മലയാളികളും വായിക്കാന്‍ വേണ്ടി എഴുതുന്ന, ഗൗരവാവഹമെന്നു ഞാന്‍ കരുതുന്ന, ഒരു കുറിപ്പാണിത്. കാരണം ഈ കുറിപ്പ് എന്റെ മകളെക്കുറിച്ചുതന്നെയാകുന്നു. മുന്‍കൂട്ടിപ്പറയട്ടെ, ഇതൊരു മക്കള്‍മാഹാത്മ്യക്കുറിപ്പല്ല.
രണ്ടുവര്‍ഷം മുമ്പ് അവള്‍ പഠിച്ച കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ഏറ്റവും മുന്തിയ മാര്‍ക്കു നേടിയ കുട്ടികളില്‍ ഒരാളായി പുറത്തിറങ്ങിയ സേതുപാര്‍വതി ഞങ്ങളുടെ പാറുക്കുട്ടി മിനിഞ്ഞാന്ന് പല്‍സ്ടു പരീക്ഷയിലും അതേ വിജയം ആവര്‍ത്തിച്ചു. പത്തുകഴിഞ്ഞയുടന്‍ ഭൂരിഭാഗം മലയാളിക്കുട്ടികളേയും പോലെ അവളും ബയോ മാത്സ് മുഖ്യമായെടുത്താണ് പ്‌ളസ് ടുവിന് ചേര്‍ന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിങ് സ്ഥാപനത്തില്‍ അര ലക്ഷത്തോളം രൂപ ഫീസടച്ച് എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ന്നു. എന്‍ട്രന്‍സ് കോച്ചിങ്ങിനായി അതിരാവിലേ അഞ്ചുമണിക്ക് ഉറക്കപ്പിച്ചോടെ നഗരത്തിലേക്ക് പോകുന്ന കുഞ്ഞിനെ നോക്കി നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല.
അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചില്‍! അച്ഛാ, എനിക്ക് ഡോക്ടറും എഞ്ചിനീയറും ആകണ്ട! അവള്‍ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്.

ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോള്‍ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്രസാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോള്‍ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രെ അച്ഛനെഴുതുന്നത് ഇംഗ്ലീഷിലാണോ എന്ന്.

മുന്‍കൂറടച്ച പണം പോകുന്നതില്‍ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേര്‍ന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റേയും ഉളളില്‍ കൊണ്ടു. അങ്ങനെ അന്ന് എന്‍ട്രന്‍സ് കോച്ചിങ് എന്ന മാരണത്തില്‍നിന്ന് അവള്‍ സന്തോഷത്തോടെ രക്ഷപ്പെട്ടു. ആഹ്ലാദത്തോടെ എന്റെ വീട്ടുലൈബ്രറിയിലെ പുസ്തകങ്ങളില്‍ അവള്‍ ഊളിയിടുന്നതു കാണുമ്പോള്‍ ഞാന്‍ ഗൗരവശാലിയായ അച്ഛനായി അഭിനയിച്ച്്് താക്കീതു നല്‍കിയിരുന്നു. വായനയൊക്കെ കൊള്ളാം. പക്ഷേ പ്‌ളസ് ടുവിന്റെ മാര്‍ക്കിനെ ഇത് ബാധിച്ചാലുണ്ടല്ലോ,
കഴിഞ്ഞ ദിവസം അവള്‍ കമ്പ്യൂട്ടറില്‍ റിസല്‍ട്ട് വിളിച്ച് കാണിച്ചുതന്നു. എല്ലാത്തിനും എ പ്ലസ് അവള്‍ ഏതില്‍നിന്നാണോ രക്ഷപ്പെടാന്‍ കൊതിച്ചത് ആ ബയോളജിക്ക് നൂറ് ശതമാനം മാര്‍ക്ക്. അതോടൊപ്പം സന്തോഷകരമായ കാഴ്ച: മലയാളത്തിനും ഫുള്‍മാര്‍ക്ക്!
ഇനി എന്തെടുക്കാന്‍ പോകുന്നു? ഞാന്‍ ചോദിച്ചു. എനിക്ക് ബംഗലൂരില്‍ ക്രൈസ്റ്റ് കോളേജില്‍ ചേരണം. ബി. എ. ഇംഗ്ലീഷ് പഠിക്കണം! ആയിരക്കണക്കിന് കുട്ടികള്‍ അപേക്ഷിക്കുന്ന കോളേജാണത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോളേജുകളില്‍ ഒന്ന്. മാനേജ്‌മെന്റ് ക്വാട്ട കഴിഞ്ഞാല്‍ ബാക്കിയുള്ള മെറിറ്റ് സീറ്റുകള്‍ മുപ്പതോ മുപ്പത്തഞ്ചോ മാത്രം. 

ഭാഷ പഠിക്കുന്നതില്‍ അച്ഛനു സന്തോഷം. പക്ഷേ നിനക്കു കിട്ടുമോ.
നമുക്കൊന്നു പോയി നോക്കാം.. അവള്‍ പറഞ്ഞു.
അങ്ങനെ കഴിഞ്ഞയാഴ്ച ഞങ്ങള്‍ കുടുംബസമേതം ബംഗലൂര്‍ക്ക് പോയി. ആയിരത്തോളം പരിഷ്‌കാരിക്കുട്ടികള്‍ക്കിടയില്‍ സാധുവായി നില്‍ക്കുന്ന എന്റെ മകളെക്കണ്ട് എനിക്ക് കരച്ചില്‍ വന്നു. ഈ മലവെള്ളപ്പാച്ചിലില്‍ കുഞ്ഞിന് നില കിട്ടുമോ?

എഴുത്തുപരീക്ഷയും രണ്ടു ദിവസം കഴിഞ്ഞുനടന്ന സ്‌കില്‍ അസെസ്‌മെന്റും അഭിമുഖവും കഴിഞ്ഞ് മടങ്ങിപ്പോരാന്‍ നേരത്ത് ഞാന്‍ ചോദിച്ചു:ഡാക്ടറും എഞ്ചിനീയറും ആകണ്ടായെന്ന് ശഠിക്കുന്നത് ശരി, ഇനി ഇതും കിട്ടിയില്ലെങ്കില്‍?
മുത്തങ്ങാ വനത്തില്‍ നിര്‍ഭയം വഴിക്കുകുറുകെ നടക്കുന്ന ആനക്കുട്ടിയെ ചൂണ്ടിക്കൊണ്ട് അവള്‍ എന്നെ നോക്കി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

കഴിഞ്ഞ ദിവസം കമ്പ്യൂട്ടര്‍ തുറന്ന് എന്നെ കാണിച്ചിട്ട് പാറു പറഞ്ഞു:അച്ഛാ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നെ സെലക്ട് ചെയ്തിരിക്കുന്നു!
ഞാന്‍ അവള്‍ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തു. മോളേ. ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതാണ് ശരിയായ എന്‍ട്രന്‍സ്. സ്വന്തം ഇഷ്ടങ്ങളിലേക്കുള്ള പ്രവേശനം. പതിനേഴാം വയസ്സില്‍ സെക്കന്റ് ഗ്രൂപ്പും ഫസ്റ്റ് ഗ്രൂപ്പും ഒപ്പം പഠിച്ചതിനുശേഷം മലയാളം ബിഎയ്ക്കു ചേര്‍ന്നപ്പോള്‍ ഞാന്‍ അനുഭവിച്ചതും ഈ സന്തോഷമാണ്.
നിന്റെ തലമുറയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ സന്തോഷം ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍! നീ എന്റെ മകളായതുകൊണ്ടു മാത്രമല്ല, നിനക്ക് എന്റെ ഹൃദയം കിട്ടിയതിലും ഈ അച്ഛന്‍ ആനന്ദിക്കുന്നു.

( കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ കുറിപ്പ് )

shortlink

Related Articles

Post Your Comments

Related Articles


Back to top button