NewsInternational

പ്രധാനമന്ത്രിയുടെ തന്ത്രപ്രധാന ഇറാന്‍ സന്ദര്‍ശനം ഇന്നുമുതല്‍

ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഒരു വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും. ദ്വിദിന ഇറാന്‍ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് പുറപ്പെടുന്നത്.

പരസ്പര വാണിജ്യ സഹകരണം, ഊര്‍ജ്ജരംഗത്തെ കൂട്ടായ്മ, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാകും സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പ്രധാനമായും ശ്രദ്ധ ചെലുത്തുക.

ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി, പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി എന്നിവരുമായി തിങ്കളാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്ച്ചകള്‍ നടത്തും. ഇറാനുള്‍പ്പെടുന്ന ഇന്ത്യയുടെ വിശാല അയല്‍പ്പക്കത്തെ സമാധാനവും സ്ഥിരതയും സംബന്ധിച്ച് അടിക്കടിയുള്ള പരസ്പര ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതോടെ ധാരണയാകും.

മെയ് 23-ആം തീയതി തന്ത്രപ്രധാനമായ ഛബഹാര്‍ തുറമുഖ പദ്ധതിയില്‍ ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഒപ്പുവയ്ക്കും. ഛബഹാര്‍ തുറമുഖം നിലവില്‍ വരുന്നത് അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് പുതിയൊരു യുഗപ്പിറവിക്ക് തുടക്കമാകും. ഇന്ത്യയുമായുള്ള സഹകരണത്തിന് പാകിസ്ഥാനെ ആശ്രയിക്കാതെ പുതിയൊരു പാത – കടല്‍ വഴി – ഇതോടെ അഫ്ഗാനിസ്ഥാന് ലഭിക്കും.

ഇന്ത്യയെ സംബന്ധിച്ച് അഫ്ഗാനിസ്ഥാനുമപ്പുറം മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ പുതിയൊരു മാര്‍ഗ്ഗമാകും ഛബഹാര്‍ തുറമുഖം. ഛബഹാര്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇന്ത്യക്ക് ഒരു ഉത്തര-ദക്ഷിണ യാത്രാ ഇടനാഴിയാണ് ലഭ്യമാകുന്നത്.

തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഇറാനുമായി പ്രധാനമന്ത്രി ചര്‍ച്ചകളില്‍ ഏര്‍പ്പെടും. ഇറാനില്‍ ഇന്ത്യയ്ക്ക് ഊര്‍ജ്ജ ഖനനം നടത്താനുള്ള അവകാശങ്ങള്‍ നേടിയെടുക്കുക എന്നതും പ്രധാനമന്ത്രിയുടെ സന്ദര്‍ശനലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button