KeralaNews

പൂവരണി പീഡനക്കേസ്: നീണ്ട എട്ടു വര്‍ഷക്കാലത്തിനു ശേഷം വിധി വന്നു

കോട്ടയം: കോളിളക്കം സൃഷ്ടിച്ച പൂവരണി പീഡനക്കേസില്‍ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡീഷണല്‍ ആന്‍റ് സെഷന്‍സ് കോടതി ഒന്ന് (സ്പെഷ്യല്‍) കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ.ബാബുവാണ് വിധി പറയുന്നത്.

പാലാ സെന്‍റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിക്കുന്നതിന് അവസരം ഒരുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2007 ഓഗസ്റ്റ് മുതല്‍ 2008 മേയ് വരെയുള്ള ലൈംഗിക പീഡനങ്ങളെ തുടര്‍ന്ന് എയ്ഡ്സ് രോഗ ബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചു മരിച്ചു.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 183 പേരുടെ സാക്ഷിപ്പട്ടികയാണു ഹാജരാക്കിയത്. 2014 ഏപ്രില്‍ 29നു തുടങ്ങിയ വിചാരണ രണ്ടു വര്‍ഷം കൊണ്ടാണു പൂര്‍ത്തിയായത്. അയര്‍കുന്നം സ്വദേശിനിയായ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ കേസില്‍ 12 പ്രതികളാണുള്ളത്.

ചങ്ങനാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.വൈ.എസ്.പി പി.ബി. ജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ വിചാരണ നടക്കുന്നതിനിടെ പത്താം പ്രതി ആത്മഹത്യ ചെയ്തു. രാത്രി എട്ടുമണി വരെ കോടതി നടപടികള്‍ നീട്ടിയാണു ജഡ്ജി കെ. ബാബു പ്രതികളുടെ വിചാരണ അവസാനിപ്പിച്ചത്.

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വില്‍പന നടത്തല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കന്യാകുമാരി, എറണാകുളം, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. തീക്കോയ്, പൂഞ്ഞാര്‍, തിരുവനന്തപുരം, തൃശൂര്‍, പായിപ്പാട്, നെടുംമങ്ങാട്, നെയ്യാറ്റിന്‍കര, രാമപുരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരാണു കേസിലെ പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button