KeralaNews

അടുത്ത മാസം മുതല്‍ സിറ്റി ഓട്ടോറിക്ഷകളില്‍ അടിമുടി മാറ്റം !!!

തിരുവനന്തപുരം: ജൂലൈ ആദ്യ ആഴ്ച മുതല്‍ അനന്തപുരിയിലെ ഓട്ടോറിക്ഷകള്‍ മഞ്ഞ നിറത്തില്‍ മൂളിപ്പാറും. ഇപ്പോഴത്തെ കറുപ്പ് നിറം മാറ്റി ഓട്ടോകളുടെ മുന്‍വശത്താണു മഞ്ഞനിറം നല്‍കുന്നത്. പിന്‍ഭാഗത്തും വശങ്ങളിലും പഴയ കറുപ്പ് നിറം തന്നെയാകും ഉണ്ടാകുക. നാലു വശങ്ങളിലും വെള്ളയും നീലയും നിറത്തിലുള്ള വൃത്തത്തിനുള്ളില്‍ പെര്‍മിറ്റ് നമ്പറുണ്ടാകും. നഗരത്തിലെ ഓട്ടോകള്‍ക്കു പെര്‍മിറ്റ് നല്‍കുന്നതിനുള്ള അപേക്ഷകള്‍ 20 വരെ സ്വീകരിക്കും.

മേയ് 21നു പെര്‍മിറ്റിനുള്ള അപേക്ഷ ക്ഷണിച്ചുതുടങ്ങിയപ്പോള്‍ 2001 മുതല്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓട്ടോകളെ ആണു പരിഗണിച്ചിരുന്നത്. ഇതിനു ശേഷം 2005 മുതല്‍ 2010 വരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് സ്വീകരിച്ചുതുടങ്ങി. ഇതിന്റെ അപേക്ഷ സ്വീകരിക്കല്‍ ഇന്നലെയോടെ പൂര്‍ത്തിയായി. ഇതുവരെയായി ഏകദേശം 2000 ഓട്ടോകള്‍ പെര്‍മിറ്റിനായുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 2011 മുതല്‍ 2105 ഡിസംബര്‍ വരെ റജിസ്റ്റര്‍ ചെയ്ത ഓട്ടോകള്‍ക്കു പെര്‍മിറ്റ് നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കും.

മൊത്തം ഇരുപത്തി അയ്യായിരം ഓട്ടോകള്‍ പെര്‍മിറ്റിനായി എത്തും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പല ഓട്ടോകളുടെയും ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവ കൃത്യമായി അടച്ചിട്ടില്ലാത്തതും യഥാസമയം ടെസ്റ്റ് നടത്തിയിട്ടില്ലാത്തതും പെര്‍മിറ്റിന് അപേക്ഷിക്കാനെത്തുന്ന വണ്ടികളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്. 4552 എന്ന നമ്പറിലാണു പെര്‍മിറ്റ് നമ്പരുകള്‍ ആരംഭിക്കുക.1995നു ശേഷം ആദ്യമായാണു മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ സിറ്റി പെര്‍മിറ്റുകള്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്.

പെര്‍മിറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറായ സ്മാര്‍ട് മൂവ് മാറ്റം വരുത്തിയിട്ടുണ്ട്. ഇരുപതിനു ശേഷം കളക്ടര്‍ ചെയര്‍മാനായ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതരും ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരും ആര്‍.ടി.ഒ അധികൃതരും ചര്‍ച്ച ചെയ്തശേഷം ഓട്ടോ സ്റ്റാന്‍ഡ് സംബന്ധിച്ചുള്ള കാര്യങ്ങളും ബാക്കി എത്ര പേര്‍ക്കു പെര്‍മിറ്റ് കൊടുക്കാനാകും എന്ന കാര്യങ്ങളും ചര്‍ച്ചചെയ്തു തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button