NewsInternational

സൗദിയില്‍ ഫാര്‍മസികളിലും സ്വദേശിവല്‍ക്കരണം; ഖത്തര്‍ കെമിക്കല്‍സില്‍ കൂട്ടപ്പിരിച്ചുവിടല്‍

ദോഹ: വിദേശികള്‍ക്ക് ആശങ്ക സൃഷ്ടിച്ച് ഖത്തറിലും കൂട്ടപ്പിരിച്ചുവിടല്‍ വീണ്ടും. എല്ലാ വിഭാഗങ്ങളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ കെമിക്കല്‍സ് കമ്പനിയില്‍ (ക്യുകെം) മലയാളികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്കാണു പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. രണ്ടു മാസത്തെ കാലാവധിയിലാണു നോട്ടീസ് നല്‍കിയത്. മറ്റെവിടെയെങ്കിലും ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് എന്‍.ഒ.സി. നല്‍കാമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

പ്രമുഖ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ (ക്യുപി) നിന്ന് ആയിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം വിവിധ കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നതിന് തുടക്കംകുറിച്ചത്.

ഖത്തര്‍ പെട്രോളിയത്തിന്റെ ഓഹരി പങ്കാളിത്തമുള്ള ക്വാപ്‌കോ, റാസ് ഗ്യാസ്, ഖത്തര്‍ ഗ്യാസ്, ഖത്തര്‍ സ്റ്റീല്‍, ഖത്തര്‍ വിനൈല്‍, കാഫ്‌കോ തുടങ്ങിയ കമ്പനികളും ഇതേ വഴി സ്വീകരിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ചില മന്ത്രാലയങ്ങളും ജീവനക്കാരെ പുനഃക്രമീകരിച്ചിരുന്നു.
ഖത്തര്‍ പെട്രോളിയവും അമേരിക്കന്‍ കമ്പനിയായ ഷെവ്‌റോണ്‍ ഫിലിപ്‌സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ക്യുകെം. ഉരീദു, വോഡഫോണ്‍, അല്‍ ജസീറ ചാനല്‍ നെറ്റ്‌വര്‍ക്ക്, ഖത്തര്‍ ഫ്രഞ്ച് സംയുക്ത സംരംഭവുമായ ഖത്തരി ദിയാര്‍ എന്നിവര്‍ ഇക്കൊല്ലം ജീവനക്കാരെ പിരിച്ചുവിട്ടു. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി കഴിഞ്ഞ മാസം മുപ്പതിലധികം ജീവനക്കാരെ ഒഴിവാക്കിയിരുന്നു.
ക്യു കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചെലവുചുരുക്കാനും ശ്രമം തുടങ്ങി. ഇത് അലന്‍വസുകളും ഗ്രേഡും കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുമോ എന്ന ആശങ്കയിലാണു ജീവനക്കാര്‍. ചെലവുചുരുക്കല്‍ ഏര്‍പ്പെടുത്തിയതോടെ ഇവരുടെ ഉപകരാര്‍ ഏറ്റെടുത്തു നടത്തിയിരുന്ന ഒട്ടേറെ ചെറിയ കമ്പനികളിലെ ആയിരക്കണക്കിനു ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. എണ്ണ വില ക്രമമായി ഉയര്‍ന്ന് 50 ഡോളറിന് മുകളിലത്തെിയതോടെ കമ്പനികള്‍ കര്‍ശന നടപടികളിലേക്കു നീങ്ങില്ലെന്ന കണക്കുകൂട്ടലിനിടെയാണ് പുതിയ പിരിച്ചുവിടല്‍ വാര്‍ത്തകള്‍. ജീവനക്കാരെ പിരിച്ചുവിടുന്നത് വിദേശികളെ മാത്രമാണു ബാധിക്കുക. ഖത്തര്‍ പെട്രോളിയത്തില്‍ നിന്നു ജോലി നഷ്ടപ്പെട്ടവരില്‍ നിരവധി മലയാളികളുണ്ട്.

ഇന്ത്യാക്കാരുടെ ഗള്‍ഫ് സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് മൊബൈല്‍ ഫോണ്‍ കടകള്‍ക്കു പിന്നാലെ സൗദി അറേബ്യയില്‍ ഫാര്‍മസി മേഖലയിലും സ്വദേശിവല്‍ക്കരണം തുടങ്ങി. ഫാര്‍മസി കോഴ്‌സ് പഠിക്കാന്‍ സൗദി വിദ്യാര്‍ഥികള്‍ കാര്യമായ താല്‍പര്യം കാട്ടുന്നതു കണക്കിലെടുത്താണ് ആ മേഖലയെ സ്വദേശിവല്‍ക്കരണത്തിനു തെരഞ്ഞെടുത്തത്. നാട്ടുകാര്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാനും അവര്‍ക്കു മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുമായി സൗദി അറേബ്യ നിതാഖാത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ പ്രഖ്യാപിക്കും.

നാട്ടുകാര്‍ക്കു നിയമനം നല്‍കാന്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ സ്വകാര്യ ഫാര്‍മസികള്‍ക്കു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സൗദി പൗരന്മാര്‍ക്കു സ്വകാര്യ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിതാഖാത് കൂടുതല്‍ രംഗങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും സൗദി തൊഴില്‍, സാമൂഹിക മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അദ്‌നാന്‍ അല്‍ നയീം പറഞ്ഞു. കോണ്‍ട്രാക്ടിങ് അടക്കം ഒരു മേഖലയെയും നിതാഖാത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. മുഫറജ് അല്‍ ഹഖ്ബാനി പറഞ്ഞു. ചില മേഖലകളില്‍ കുറഞ്ഞ തോതിലുള്ള സ്വദേശിവല്‍ക്കരണമാകും നടപ്പാക്കുക. ചില്ലറ വ്യാപാര മേഖലയിലും സൗദികള്‍ക്ക് ശോഭിക്കാനാകും. കരാര്‍ മേഖലയില്‍ കൂടുതല്‍ സൗദികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.
സൗദികളുടെ ശരാശരി വേതനം, അവരുടെ തൊഴില്‍ സ്ഥിരത, വനിതാ പങ്കാളിത്തം തുടങ്ങി പല ഘടകങ്ങള്‍ വിലയിരുത്തി വിവിധ മേഖലകളിലെ സൗദിവല്‍ക്കരണ അനുപാതം കണക്കാക്കുന്ന രീതിയാണ് പരിഷ്‌കരിച്ച നിതാഖാത്ത് പദ്ധതിയില്‍ നടപ്പാക്കുക. വ്യാജ സൗദിവല്‍ക്കരണം ഇല്ലാതാക്കാന്‍ ഇത് സഹായകരമാകുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.

സൗദി തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം നിലവിലുള്ള 22 ശതമാനത്തില്‍ നിന്നു 30 ആക്കാനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയില്‍ 17 ലക്ഷം സൗദികള്‍ ജോലി ചെയ്യുന്നതില്‍ 4,77,000 പേര്‍ വനിതകളാണ്.

നിതാഖാത്ത് നടപ്പാക്കിയ ശേഷവും സൗദിയിലെ തൊഴിലില്ലായ്മ 11.5 ശതമാനമാണ്.
മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയതോടെ രാജ്യമാകെ ശക്തമായ പരിശോധനയാണു നടക്കുന്നത്. മലയാളികളടക്കം ഈ മേഖലയില്‍ ആയിരക്കണക്കിനു വിദേശികള്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. കൂടുതല്‍ മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതോടെ കൂടുതല്‍ വിദേശികള്‍ക്കു കൂടുതല്‍ ജോലി പോകുമെന്നു മാത്രമല്ല, പുതിയ അവസരങ്ങള്‍ കുറയുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button