India

കോണ്‍ഗ്രസ് ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് – രാജ്‌നാഥ്‌സിംഗ്

ബിലാസ്പൂര്‍ : കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിംഗ്. മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ചത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അജിത് ജോഗി കപ്പലില്‍ ഒരു ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ്. കപ്പലില്‍ ഒരു ദ്വാരം വീണാല്‍ ഒരു ശക്തിക്കും അതിനെ രക്ഷിക്കാന്‍ സാധിക്കില്ല. നിരവധി ജനങ്ങള്‍ മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസിനെ കയ്യൊഴിയുകയാണ്. ഈ പാര്‍ട്ടിക്ക് ഭാവിയില്ല. മുങ്ങുന്ന കപ്പലിന്റെ മുകളിലുള്ള പക്ഷിപോലും പറന്നു രക്ഷപ്പെടാന്‍ ശ്രമിക്കും. അതിനാലാണ് മുങ്ങുന്ന കപ്പലില്‍ (കോണ്‍ഗ്രസ്) നിന്നും ആളുകള്‍ ഒഴിയുന്നതെന്നും രാജ്‌നാഥ് കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അഴിമതി ഇല്ലാതാക്കാന്‍ സാധിച്ചതാണ് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്ന്. കോണ്‍ഗ്രസ് ഭരണകാലത്ത് എല്ലായിടത്തും അഴിമതിയായിരുന്നു. ചില മന്ത്രിമാര്‍ പോലും അഴിമതിക്കേസില്‍ ജയിലില്‍ കിടന്നു. ഇന്ന് ഞങ്ങളുടെ സര്‍ക്കാരില്‍ അഴിമതിയുണ്ടെന്ന് ഒരാള്‍ക്കും പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്ന നേതാക്കളായ അജിത് ജോഗിയും മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്തും കോണ്‍ഗ്രസില്‍ നിന്നു കഴിഞ്ഞ ദിവസമാണ് പുറത്തു പോയത്. നേതൃത്വത്തോടുള്ള അതൃപ്തിയുടെ പേരിലാണു ഇരുവരും പാര്‍ട്ടിവിട്ടത്. പുതിയ രാഷ്ട്രീയകക്ഷി രൂപീകരിക്കുമെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ 2018ല്‍ തന്റെ സര്‍ക്കാര്‍ ഛത്തീസ്ഗഡില്‍ അധികാരത്തിലേറുമെന്നും ജോഗി അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button