USAIndiaNewsInternational

എന്‍.എസ്.ജി അംഗത്വം; ഇന്ത്യയ്ക്ക് പ്രതീക്ഷയേകി തന്ത്രപരമായ പുതിയ നീക്കവുമായി അമേരിക്ക

ന്യൂഡല്‍ഹി: ആണവ വിതരണകൂട്ടായ്മയിലെ (എന്‍.എസ്.ജി) അംഗത്വത്തിന് ഇന്ത്യയ്ക്ക് ഇനിയും ശ്രമിക്കാം. ഇന്ത്യയുടെ അംഗത്വപ്രശ്നം ചര്‍ച്ചചെയ്യാന്‍ എന്‍.എസ്.ജിയുടെ പ്രത്യേക സമ്മേളനം ഈ വര്‍ഷം അവസാനം ചേരും. അംഗത്വ മാനദണ്ഡങ്ങളില്‍ ഇന്ത്യക്ക് ഇളവു നല്‍കാനും സാധ്യതയുണ്ട്. ചൈനയുടെ കടുത്ത എതിര്‍പ്പു മറികടന്ന് യു.എസാണ് ഇതിനുള്ള നീക്കം നടത്തുന്നത്.

 

അതേസമയം, ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാതിരുന്നത് നയതന്ത്ര പരാജയമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു. ശക്തമായ എതിര്‍പ്പുന്നയിച്ച ചൈനയുമായി വീണ്ടും ചര്‍ച്ചകള്‍ നടത്തും. ചില നടപടികള്‍ക്ക് വലിയ കാലയളവ് ആവശ്യമാണ്. ഇപ്പോള്‍ അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നത് ശരിയാണ്. എന്നാല്‍ ഇന്ത്യയുടെ ശ്രമം തുടരുമെന്നും വികാസ് സ്വരൂപ് പ്രതികരിച്ചു.

 

ഇന്ത്യയുടെ അംഗത്വത്തിനായി ശ്രമിക്കുമെന്നും ഇതു ചര്‍ച്ച ചെയ്യാന്‍ ഈ വര്‍ഷം അവസാനം അംഗരാജ്യങ്ങളുടെ പ്രത്യേക സമ്മേളനം ചേരുമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. അതിനിടെ, എന്‍.എസ്.ജിയെപോലെ സുപ്രധാന രാജ്യാന്തര സമിതിയായ മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ (എം.ടി.സി.ആര്‍) ഇന്ത്യ അംഗമാകുമെന്ന് ഉറപ്പായി.

 

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തതാണ് എന്‍.എസ്.ജിയില്‍ ഇന്ത്യയുടെ അംഗത്വത്തിനു തടസമായത്. ഈ പ്രശ്നം പരിഹരിക്കാനാണ് അംഗത്വമാനദണ്ഡങ്ങളില്‍ ഇളവിനു ശ്രമിക്കുന്നത്. സോളിലെ പ്ലീനറി സമ്മേളനത്തില്‍, 48 അംഗരാജ്യങ്ങളില്‍ 38 പേര്‍ ഇന്ത്യയെ പിന്തുണച്ചിരുന്നു. എന്നാല്‍, അപേക്ഷ ചൈന ഉള്‍പ്പടെ 10 രാജ്യങ്ങള്‍ എതിര്‍ത്തു. അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ്, തുര്‍ക്കി, ഓസ്ട്രിയ എന്നീ രാജ്യങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button