IndiaNews

സംസ്ഥാനത്ത് അവയവ മാഫിയയുടെ വിളയാട്ടം : മനുഷ്യശരീരത്തിനു മാഫിയയുടെ വില മൂന്നുകോടി മുപ്പതുലക്ഷം രൂപ

കൊച്ചി : സംസ്ഥാനത്ത് അവയവമാഫിയ പിടിമുറുക്കിയതായി ഇന്റലിജെന്റ്‌സ് റിപ്പോര്‍ട്ട്.

രാജ്യത്തു നടക്കുന്ന കുട്ടിക്കടത്തുകള്‍ അവയവ മോഷണത്തിനാണെന്ന് ഇന്റലിജെന്റ്‌സിനു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല.

സ്വന്തം അവയവം വിറ്റുകിട്ടുന്ന പണംകൊണ്ട് ദാരിദ്ര്യം തീര്‍ക്കുന്ന സാധുക്കളെക്കുറിച്ചുള്ള കഥകളോ, ആദിവാസികളടക്കമുള്ളവരെ കബളിപ്പിച്ചും ദുര്‍ബലരെ ബലംപ്രയോഗിച്ചും ശരീരാവയവങ്ങള്‍ തട്ടിയെടുക്കുന്ന റാക്കറ്റുകളെക്കുറിച്ചുള്ള ഭീതിജനകമായ റിപ്പോര്‍ട്ടുകളോ ആണ് അവയവദാനത്തിന്റെ മറ്റൊരു മുഖം.

വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ സമ്പന്നര്‍ സ്വന്തം ജീവന്‍ ദരിദ്രന്റെ ജീവനേക്കാള്‍ വിലപ്പെട്ടതായി കാണുന്ന അവസ്ഥ സൃഷ്ടിക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ ഗുരുതരമാണ്. നിങ്ങളുടെ അവയവങ്ങള്‍ സ്വര്‍ഗത്തിലേക്കു കൊണ്ടു പോകരുത്. അതിന്റെ ആവശ്യം ഭൂമിയിലാണ് എന്ന് സ്വര്‍ഗത്തിനറിയാം എന്ന വാചകത്തിന് ഇന്നു ലോക വ്യാപകമായി ഏറെ പ്രചാരം കിട്ടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവയവദാനസന്നദ്ധത അറിയിച്ച് നിരവധി ആളുകള്‍ കടന്നുവരുന്നു. പക്ഷേ ഇതിന്റെ മറപറ്റി അവയവ വ്യാപാരത്തിലൂടെ ജീവന്‍ വിലക്കു വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന ഒരു മാഫിയ തന്നെ കേരളത്തിനകത്തും പുറത്തും തഴച്ചു വളര്‍ന്നു.

തലമുടി മുതല്‍ തലച്ചോറുവരെ കടത്തും

രാജ്യാന്തര വിപണിയില്‍ ആരോഗ്യവാനായ ഒരു മനുഷ്യശരീരം വില്‍പ്പന നടത്തുന്നതിലൂടെ 5,51,473 ഡോളര്‍(ഏകദേശം മൂന്നുകോടി മുപ്പതുലക്ഷം) ആണ് അവയവ മാഫിയ കൈക്കലാക്കുന്നത്. അവയവം നല്‍കുന്നവരുടെ കുടുംബത്തിന് ആശുപത്രിയിലെ ചെലവുകാശേ കിട്ടൂ. ബാക്കി തുക മുഴുവന്‍ മാഫിയയ്ക്കാണ്. 2015 ല്‍ മാത്രം നിയമവിധേയമായും അല്ലാതെയും 4,04,322 അവയവമാറ്റ സര്‍ജറികളാണ് ലോകമെമ്പാടും നടന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം വര്‍ഷത്തില്‍ 1,00,000 നിയമവിരുദ്ധ അവയവ മാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നു. അനധികൃതമായതും നിയമവിധേയമായതും കൂട്ടിയാലും ലോകത്ത് ആകെ ആവശ്യമുള്ള അവയവമാറ്റ ശസ്ത്രക്രിയയുടെ 10 ശതമാനം മാത്രമേ ലോകമെമ്പാടുമായി നടക്കുന്നുള്ളൂ. അവയവങ്ങള്‍ ആവശ്യത്തിനു ലഭ്യമല്ലാത്തത് തന്നെ കാരണം. ഇതു മുതലെടുത്താണ് അവയവ മാഫിയ ഇവിടെ തഴച്ചു വളരുന്നത്.

കിഡ്‌നിക്ക് ആവശ്യക്കാര്‍ ഏറെ. അതുകൊണ്ടു തന്നെ അവയവ കള്ളക്കടത്തിന്റെ 75 ശതമാനവും കിഡ്‌നി വ്യാപാരമാണ്. പിന്നെ ചര്‍മത്തിനാണ് ഡിമാന്റ്. ഹൃദയവാല്‍വിനും പീയൂഷ ഗ്രന്ഥിക്കും ആവശ്യക്കാര്‍ കുറവല്ല. തലമുടി പോലും കള്ളക്കടത്തായി വിദേശത്തേക്ക് കടത്തുന്നു. അടുത്തകാലത്തായി ഏറ്റവുമധികം കള്ളക്കടത്ത് നടക്കുന്നത് പീയൂഷ ഗ്രന്ഥിയാണത്രേ. ചൈനയിലെ പ്രമേഹ രോഗികളായ സമ്പന്നര്‍ക്കു വേണ്ടിയാണിത്.

ഇന്ത്യന്‍ കിഡ്‌നി അറ്റ്‌ലാന്റിക് സമുദ്രവും കടന്ന് ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ വരെയെത്തുന്നു. ആദിവാസി ഗ്രാമങ്ങളില്‍ നിരക്ഷരരായ കര്‍ഷകര്‍ക്കു പോലും പാസ്‌പോര്‍ട്ടുണ്ടത്രേ. അതിശയം ഇതല്ല, ഇവയിലെല്ലാം ഏതെങ്കിലുമൊരു സ്‌കാന്‍ഡിനേവിയന്‍(ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ) രാജ്യത്തിന്റെ വിസാ സ്റ്റാമ്പിങും പതിഞ്ഞിട്ടുണ്ട്. പരിശോധനയില്‍ കിഡ്‌നി അനുയോജ്യമെന്ന് കണ്ടാല്‍ അതിഥിയായി സ്വീഡനിലോ ഡെന്‍മാര്‍ക്കിലോ പോയി കിഡ്‌നി കൊടുത്തു മടങ്ങുന്നതാണു പതിവ്. സര്‍ക്കാരുകള്‍ പോലും നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്ന ഒരു മേഖലയാണിത്. ആദ്യ കാലങ്ങളില്‍ ഇരയറിയാതെ മോഷ്ടിക്കുന്ന രീതി ഇന്നുമുണ്ട്. കേരളത്തില്‍ അവയവ മോഷണങ്ങള്‍ നടക്കുന്നത് കൊച്ചിയിലാണ്. സിറ്റി പോലീസ് പരിധിയിലുള്ള കൊച്ചിയിലെ ആശുപത്രിയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ വന്നെങ്കിലും പുറംലോകമറിയാതെ കുഴിച്ചു മൂടി. രാഷ്ട്രീയ പോലീസ് കൂട്ടുകെട്ടില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഇന്നും അവയവമോഷണം തുടരുകയാണ്.

ഇന്ത്യയില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമായതും പാശ്ചാത്യ രാജ്യങ്ങളില്‍ നിയമങ്ങള്‍ ദുര്‍ബലമായതുമാണ് അവയവ കള്ളക്കടത്ത് മാഫിയക്ക് വളമാവുന്നത്. രണ്ടാംലോക മഹായുദ്ധാനന്തരം നിയമനിര്‍മാണ സഭകള്‍ പാസാക്കിയ നിയമങ്ങളാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു ലോകമെമ്പാടുമുള്ളത്.

ഇന്ത്യ, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലാണ് അവയവമാറ്റത്തിന് സങ്കീര്‍ണമായ നിയമങ്ങളുള്ളത്. എന്നാല്‍ ഈ രാജ്യങ്ങളിലാണ് അവയവമാഫിയ താണ്ഡവമാടുന്നതെന്നതും മറ്റൊരു വിരോധാഭാസം. രാജ്യാന്തര ഓര്‍ഗന്‍ ട്രാഫിക്കിങ് ഇപ്പോള്‍ ഇന്റര്‍പോളിന്റെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ്. ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നും കള്ളക്കടത്തായി എത്തുന്ന അവയവങ്ങള്‍ ഹോങ്കോങ്, സിംഗപ്പൂര്‍, ജക്കാര്‍ത്ത എന്നീ ഫ്രീ ട്രേഡ് നഗരങ്ങള്‍ വഴിയാണു പാശ്ചാത്യലോകത്ത് എത്തുന്നത്.

ഉത്തരേന്ത്യയാണ് അവയവ ദാതാക്കളുടെ കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നതെങ്കില്‍ നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കൂണുപോലെ മുളച്ചുപൊന്തിയിരിക്കുന്ന സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ അസം, മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അവയവ ദാതാക്കളെ ആകര്‍ഷിക്കാനായി വലിയ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ഇതും അവയവമാഫിയകള്‍ക്ക് ഏറെ സഹായകരമാണ്.

അവയവ മാഫിയകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്റലിജെന്റ്‌സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നിയമം ഭേദഗതി ചെയ്‌തെങ്കില്‍ മാത്രമേ ഇതിന് തടയിടാന്‍ സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button