NewsFootballSports

യൂറോകപ്പ്‌ കലാശക്കൊട്ടിലേക്കെത്തുമ്പോള്‍ കിരീടത്തിനായി ഇവര്‍ ഏറ്റുമുട്ടും

യൂറോകപ്പിന്‍റെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഫ്രാന്‍സ് കരുത്തന്മാരായ പോര്‍ച്ചുഗലിനെ നേരിടും. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി നടന്ന രണ്ടാം സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനല്‍പ്പോരാട്ടത്തിന് യോഗ്യത നേടിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജര്‍മ്മനിയെ കീഴടക്കിയത്. രണ്ട് ഗോളുകളും നേടിയത് യുവസ്ട്രൈക്കര്‍ അന്‍റ്വാന്‍ ഗ്രീസ്മാനാണ്.

കളിയിലുടനീളം ജര്‍മ്മനിയുടെ ആധിപത്യമായിരുന്നെങ്കിലും ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന ഫ്രാന്‍സ് ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ആദ്യവെടി പൊട്ടിച്ചു. ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് പ്രതിരോധിക്കുന്നതിനിടെ പാട്രിസ് എവ്രയെ മാര്‍ക്ക് ചെയ്ത ജര്‍മ്മന്‍ ക്യാപ്റ്റന്‍ ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറിന് പിഴച്ചു. എവ്രയെ തടയാന്‍ ഉയര്‍ന്നു ചാടിയ ഷ്വെയ്ന്‍സ്റ്റീഗര്‍ കൈകൊണ്ടും കൂടിയാണ് പന്ത് തട്ടിഅകറ്റിയത്. റഫറി അനുവദിച്ച പെനാല്‍റ്റി കിക്ക് എടുത്ത ഗ്രീസ്മാന്‍ സൂപ്പര്‍ഗോളി മാനുവല്‍ ന്യൂയറെ വിദഗ്ദമായി കബളിപ്പിച്ച് പന്ത് പോസ്റ്റിന്‍റെ വലത്തേ മൂലയിലേക്ക് പായിച്ച് ഫ്രാന്‍സിന്‍റെ ആദ്യഗോള്‍ നേടി.

രണ്ടാം പകുതിയിലും ജര്‍മ്മനി ഫ്രാന്‍സിന്‍റെ ഗോള്‍മുഖത്ത് നിരന്തര ആക്രമണങ്ങള്‍ സംഘടിപ്പിച്ചു. പക്ഷേ, തന്‍റെ രണ്ടാമത്തെ മാത്രം അന്താരാഷ്‌ട്ര മത്സരം കളിക്കുന്ന പ്രതിരോധഭടന്‍ സാമുവല്‍ ഉംടിറ്റിയുടേയും ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസിന്‍റേയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ ഫ്രാന്‍സ് ഗോള്‍ വഴങ്ങാതെ സ്വന്തം കോട്ടകാത്തു. ഇതിനിടെ ജര്‍മ്മന്‍ പ്രതിരോധത്തിലെ അതികായന്‍ ജെറോം ബോട്ടംഗ് പരിക്കേറ്റ് പുറത്തുപോയതും ലോകചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. മുന്നേറ്റത്തില്‍ തോമസ്‌ മുള്ളര്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതും ചാമ്പ്യന്മാരെ വലച്ചു.

72-ആം മിനിറ്റില്‍ ഫ്രാന്‍സ് പ്ലേമേക്കര്‍ പോള്‍ പോഗ്ബ ക്ലബ് ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ തന്‍റെ വിപണിമൂല്ല്യം എന്തുകൊണ്ട് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നു എന്നത് വ്യക്തമാക്കി. ജര്‍മ്മന്‍ ഗോള്‍ഏരിയയുടെ അകത് തികച്ചും നിരുപദ്രവകരമായ ഒരു പൊസിഷനില്‍ പോഗ്ബ ബോള്‍ പിടിച്ചെടുത്ത ശേഷം പോസഷന്‍ കാത്തുസൂക്ഷിച്ചുകൊണ്ട്, തന്‍റെ മികച്ച പന്തടക്കം മുതലാക്കി അപകടകരമായ ഒരു ക്രോസ് തൊടുത്തു. ജര്‍മ്മന്‍ ഗോളി ന്യൂയര്‍ ആ ക്രോസ്സ് ആയാസപ്പെട്ട് തടുത്തെങ്കിലും അവസരംനോക്കി നിന്നിരുന്ന ഗ്രീസ്മാന്‍ പന്ത് ഗോളിലേക്ക് തിരിച്ചുവിട്ട് കളി പൂര്‍ണ്ണമായും ഫ്രാന്‍സിന്‍റെ വരുതിയിലാക്കി.

ലോകകപ്പ് ഫൈനലിലെ ഗോളടിവീരന്‍ മരിയോ ഗോട്സേ അടക്കമുള്ളവരെ പകരക്കാരായി ഇറക്കി ജര്‍മ്മന്‍ കോച്ച് ജോക്കിം ലോ കനത്ത ആക്രമണ ഫുട്ബോള്‍ അഴിച്ചു വിട്ടെങ്കിലും ഫ്രാന്‍സ് ഗോള്‍ വഴങ്ങാതെ തന്നെ സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോകപ്പിന്‍റെ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കി.

ജൂലൈ 11-ആം തീയതി ഇന്ത്യന്‍ സമയം രാത്രി 12:30-യ്ക്കാണ് ഫ്രാന്‍സ്-പോര്‍ച്ചുഗല്‍ യൂറോ ഫൈനല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button