KeralaNews

അങ്ങനെ ഇടിവെട്ട് ഡയലോഗുകളുമായി വി.എസ് സിനിമയിലും…

കണ്ണൂര്‍ : വിപ്ലവ നായകന്‍ വി.എസ്. അച്യുതാനന്ദന്‍ അങ്ങനെ സിനിമാനടനായി. അതും വി.എസ്. എന്ന പേരില്‍ത്തന്നെ. കണ്ണൂരില്‍ ചിത്രീകരിക്കുന്ന ‘ക്യാംപസ് ഡയറി’ എന്ന സിനിമയിലാണു വി.എസ് അഭിനയിച്ചത്.

കൂത്തുപറമ്പ് വലിയവെളിച്ചത്തു നടത്തിയ ഷൂട്ടിങ്ങിന് ഇന്നുച്ചയ്ക്കു 12 മണിയോടെ വി.എസ്. എത്തി. നിശ്ചയിച്ചതിലും അല്‍പം നേരം വൈകിയെങ്കിലും സൂപ്പര്‍സ്റ്റാറിന്റെ പകിട്ടോടെ ക്യാമറയ്ക്കു മുന്നിലേക്ക്. തുടര്‍ന്നു സമരക്കാരെ അഭിവാദ്യം ചെയ്യുന്ന സീന്‍.

”പ്രിയമുള്ള കുട്ടികളേ, കുടിവെള്ള ചൂഷണത്തിനെതിരെ നിങ്ങള്‍ നടത്തുന്ന കൂട്ടായ്മ നവമാധ്യമങ്ങളിലൂടെ അറിഞ്ഞു വന്നതാണു ഞാന്‍.. ”എന്നു തുടങ്ങുന്ന ഡയലോഗ്. പതിവു പോലെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ തീയുണ്ട പോലെയുള്ള ഡയലോഗുകള്‍. ഒടുവില്‍, റോഡിലൂടെ നടന്നു വരുന്ന സീനും പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനുള്ളില്‍ വി.എസ്. മടങ്ങി.
ജീവന്‍ ദാസ് സംവിധാനം ചെയ്യുന്ന ക്യാംപസ് ഡയറി എന്ന സിനിമയില്‍ കുടിവെള്ളം ചൂഷണം ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെ നാട്ടുകാരും യുവാക്കളും നടത്തുന്ന സമരമാണു പ്രമേയം. സമരക്കാരെ അഭിസംബോധന ചെയ്യാനെത്തുന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവായിത്തന്നെയാണു വി.എസ്. ക്യാമറയ്ക്കു മുന്‍പില്‍ എത്തിയത്.

എന്നാല്‍ വി.എസിന് അഭിനയിക്കേണ്ടിവന്നില്ലെന്നും ദിവസവും നടത്തുന്ന പ്രസംഗത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ക്യാമറയ്ക്കു മുന്‍പിലെന്നുമായിരുന്നു ഷൂട്ടിങ് കണ്ടു നിന്നവരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button