KeralaNews

അധ്യാപകര്‍ ജാഗ്രതൈ: വടിയെടുത്താല്‍ പണി തെറിക്കും

തിരുവനന്തപുരം: സ്‌കൂളുകളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപക-അനധ്യാപകര്‍ക്കെതിരേ സര്‍വീസ് ചട്ടപ്രകാരം നടപടി സ്വീകരിക്കും. കുട്ടികളെ ശിക്ഷിക്കുന്നത് അച്ചടക്കലംഘനമായി പരിഗണിച്ചു നടപടിയെടുക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. നിര്‍ദേശം ലംഘിക്കുന്ന അധ്യാപക-അനധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യും. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരുതരത്തിലുള്ള ശാരീരിക ശിക്ഷാനടപടികളും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നു വിജ്ഞാപനത്തില്‍ പറയുന്നു. ശാരീരികശിക്ഷകള്‍ വിലക്കിക്കൊണ്ടു സര്‍ക്കാര്‍ നേരത്തേ നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കപ്പെടുന്നില്ലെന്നു കണ്ടെത്തിയതിനേത്തുടര്‍ന്നാണിത്.

കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തി(2015)ലെ ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും), 2012ലെ ലൈംഗികാതിക്രമങ്ങളില്‍നിന്നു കുട്ടികള്‍ക്കു സംരക്ഷണം എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണു വിദ്യാഭ്യാസ ഡയറക്ടറുടെ വിജ്ഞാപനം. കുട്ടികളെ സ്‌കൂളുകളില്‍ ശാരീരികശിക്ഷയ്ക്കു വിധേയരാക്കരുതെന്നു നിര്‍ദേശിച്ച് 2010 സെപ്റ്റംബര്‍ എട്ടിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള സമിതിയുടെ (ക്യു.ഐ.പി) നിര്‍ദേശപ്രകാരമായിരുന്നു ഇത്. എന്നാല്‍ പല സ്‌കൂളുകളിലും ഇതു ലംഘിക്കപ്പെടുന്നതായും കുട്ടികളെ ശാരീരികശിക്ഷയ്ക്കു വിധേയരാക്കുന്നതായും പരാതികളുയര്‍ന്നു. മാനസികപീഡനത്തിനും കുട്ടികള്‍ ഇരയാകുന്നതായി കണ്ടെത്തി. സംസ്ഥാന ബാലവകാശ കമ്മീഷനില്‍ ഇതുസംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചു. ഇക്കാര്യത്തില്‍ കര്‍ശനനടപടി വേണമെന്ന് ഒരു കേസ് പരിഗണിക്കവേ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരേ ഒരുതരത്തിലുള്ള പീഡനവുമുണ്ടാകരുതെന്നു കര്‍ശനനിര്‍ദേശം നല്‍കണമെന്നാണു കമ്മീഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ വിജ്ഞാപനം. 2015ലെ ബാലനീതി നിയമം 82ാം വകുപ്പുപ്രകാരവും 2009ലെ കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം 17ാം വകുപ്പുപ്രകാരവും കുട്ടികളെ ശിക്ഷിക്കുന്നത് അച്ചടക്ക ലംഘനവും സര്‍വീസ് ചട്ടങ്ങളുടെ ലംഘനവുമാണെന്നു വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2015ലെ ബാലനീതി നിയമപ്രകാരം സ്‌കൂളുകളിലും മറ്റു സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളിലും കുട്ടികളെ അച്ചടക്കത്തിന്റെ ഭാഗമായി ശിക്ഷിച്ചാല്‍ ആദ്യതവണ 10,000 രൂപ പിഴയീടാക്കും. ആവര്‍ത്തിച്ചാല്‍ മൂന്നുമാസം തടവോ പിഴയോ രണ്ടുംകൂടിയോ നല്‍കാന്‍ വ്യവസ്ഥയുണ്ട്. അധ്യാപകര്‍ ഈ നിര്‍ദേശം ലംഘിച്ചാല്‍ പുറത്താക്കും. കുട്ടികളുമായി നേരിട്ടു ബന്ധപ്പെടുന്ന ജോലികളില്‍നിന്ന് ഇവരെ സ്ഥിരമായി വിലക്കും. പരാതി ഉയരുമ്പോള്‍ അന്വേഷണവുമായി സഹകരിക്കാതിരിക്കുന്ന മാനേജര്‍ക്ക് മൂന്നുവര്‍ഷമാണു തടവ്. കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിലും കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരേ ഇതേ വ്യവസ്ഥകളുണ്ട്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്നു സംരക്ഷിക്കുന്ന നിയമവും ഡി.പി.ഐയുടെ വിജ്ഞാപനത്തില്‍ എടുത്തുപറയുന്നു. കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം ഉള്‍പ്പെടെയുള്ളവ സംസ്ഥാനത്തു പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണു വിജ്ഞാപനം. ഇക്കാര്യത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണം നല്‍കണമെന്നു പ്രഥമാധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പാലിക്കപ്പെടുന്നുണ്ടെന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഉറപ്പുവരുത്തണം.

shortlink

Post Your Comments


Back to top button