KeralaNews

തലചായ്ക്കാനിടമില്ലാതെ തെരുവില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട് ഈ അമ്മയും മക്കളും

കൊച്ചി: പനമ്പിള്ളിനഗർ കെ.സി.ജോസഫ് റോഡിനു സമീപം ലോട്ടറിയിലൂടെ ലോകര്‍ക്ക് ഭാഗ്യമെത്തിക്കുന്നവളാണ് സരോജ. കൂടെ പതിനാലു വയസുള്ള മകള്‍ റുസൈനയും, പതിനൊന്നു വയസുള്ള മകന്‍ നിഹാലും രാത്രി വൈകും വരെ ഈ ലോട്ടറിത്തട്ടിനരികെ തന്നെ കാണും. രാത്രി പെരുമഴ പെയ്യുമ്പോഴും ഇവരുടെ ഈ രീതി മാറില്ല. കാരണം, മഴയെപ്പേടിച്ച് ഇവിടുന്ന്‍ പോയാല്‍ സുരക്ഷിതമായി കയറിയിരിക്കാന്‍ ഇവര്‍ക്ക് സൗകര്യങ്ങളൊന്നും ഇല്ല.

സന്ധ്യമയങ്ങിയാല്‍ ലോട്ടറിത്തട്ടിനോടു ചേർന്നുള്ള തെരുവുവിളക്കിനു കീഴിലിരുന്നു പഠിത്തം തുടങ്ങും എട്ടാംക്ലാസുകാരി റുസൈനയും ആറാം ക്ലാസുകാരൻ നിഹാലും. ഹോംവർക്കടക്കമുള്ള എല്ലാ പഠനപരിപാടികളും ഇവിടെയിരുന്നു തന്നെ. മഴ വന്നാല്‍ അതും മുടങ്ങും. ഇവര്‍ക്ക് ഇവിടെ വസ്ത്രം മാറാനൊരു മറ പോലുമില്ല. അതിനു പിറ്റേന്നു പുലർച്ചവരെ കാത്തിരിക്കണം.

രാത്രി 10 വരെ നീളുന്ന കച്ചവടത്തിനു ശേഷം മക്കളേയും കൂട്ടി സരോജ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കു പോകും. രാത്രിയുറക്കം പ്ലാറ്റ്ഫോമിൽ. വെളുക്കും മുൻപ് തട്ടിനരികിലെത്തും. പനമ്പിള്ളി നഗർ ഷോപ്പിങ് കോംപ്ലക്സിലെ പൊതുശുചിമുറിയിൽ കുളിക്കും, വസ്ത്രം മാറും. ആളും വെളിച്ചവും വരുംമുൻപ് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കും.

റുസൈന എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസിലും നിഹാൽ തേവര സെന്റ് മേരീസിലുമാണു പഠിക്കുന്നു. ഇവരുടെ അദ്ധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും ഇവരുടെ ഈ ദുരിതമൊന്നും അറിയില്ല, ഇവര്‍ പറഞ്ഞിട്ടില്ല. എറണാകുളം കമ്മട്ടിപ്പാടം സ്വദേശിനിയായ സരോജ ഇതരമതസ്ഥനായ പുരുഷനെ വിവാഹം ചെയ്തതിന്‍റെ പേരിൽ വർഷങ്ങൾക്കു മുൻപേ വീട്ടില്‍ നിന്ന്‍ പുറത്തായതാണ്. ലോട്ടറി വിൽപനക്കാരനായ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം വാടകവീടുകളിൽ മാറിമാറി കഴിഞ്ഞു.

വീടു നോക്കാത്തയാളായിരുന്നു ഭർത്താവെന്നു സരോജ പറയുന്നു. തനിക്കും കുഞ്ഞുങ്ങൾക്കും ആഹാരമോ വസ്ത്രമോ തന്നിട്ടില്ല. ആറുമാസം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയി. പണമില്ലാതെ വന്നപ്പോൾ വീടൊഴിയേണ്ടി വന്നു. ജീവിക്കാൻ കടമെടുത്തു ലോട്ടറി കച്ചവടം തുടങ്ങി. കച്ചവടത്തിലെ മിടുക്കുകളറിയാത്തതിനാൽ കാശും കാര്യമായി കിട്ടാറില്ല.

മക്കളെയും കൂട്ടി റോഡിലിരിക്കുമ്പോൾ പല ദുരനുഭവങ്ങളുമുണ്ടാകാറുണ്ട്. റെയിൽവേ സ്റ്റേഷനിൽ പൊലീസുകാർ ഇറക്കിവിടാൻ നോക്കും. നേരം വെളുപ്പിച്ചോട്ടെ എന്നു കരഞ്ഞു പറയുമ്പോൾ സമ്മതിക്കും. കുഞ്ഞുങ്ങളെ അവരും കാണുന്നതാണല്ലോ.

“വസ്ത്രം മാറാൻ ഒരു മറ പോലുമില്ലെന്നതാണു മോളുടെ സങ്കടം. കയറിക്കിടക്കാൻ ഒരഭയമുണ്ടാകണേ എന്നാണു പ്രാർഥന’- സരോജ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button