Prathikarana Vedhi

പ്രതിപക്ഷമായാലും ഭരണപക്ഷമായാലും രീതികള്‍ക്ക് മാറ്റമൊന്നുമില്ല ; വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുമ്പോള്‍

ഉണ്ണി മാക്സ്

മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാൻ കഴിയില്ല എന്ന നിലപാടിൽ സർക്കാർ ഉറച്ചുതന്നെ നില്‍ക്കുകയാണ്. തീരുമാനത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് പോകാനും തയാറാവുന്നു. ഇവിടെ പ്രതിപക്ഷമായാലും ഭരണപക്ഷമായാലും തുടരേണ്ട രീതികള്‍ക്ക് മാറ്റമില്ല എന്നാണ് വീണ്ടും തെളിയുന്നത്. കാരണം മാസങ്ങള്‍ക്ക് മുന്‍പ് ഇതേ വിഷയത്തില്‍ ആരോപണം ഉന്നയിച്ച അതെ പ്രതിപക്ഷമാണ് ഭരണത്തില്‍ വന്നപ്പോള്‍ മലക്കം മറിഞ്ഞത്. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയതിനു ശേഷം മാത്രമേ വിവരം പുറത്തുവിടൂ എന്ന് പറയുമ്പോള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന മുന്‍ സര്‍ക്കാര്‍ നയം അതേപടി പിന്തുടരുക എന്നുതന്നെയല്ലേ അര്‍ഥം?

വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. എന്നാല്‍ ഇക്കാര്യം പരിഗണിക്കാന്‍ തയാറാകാതെ സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടെന്ന തീരുമാനവുമായി മുന്നോട്ടു പോകുകയാണ്. മുന്‍ സര്‍ക്കാരിന്റെ അവസാന മൂന്നുമാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിവരാവകാശ പ്രവര്‍ത്തകന് നല്‍കുന്നില്ല എന്നതാണ് ഏറെ രസകരം.

രഹസ്യ സ്വഭാവമുള്ള വകുപ്പുകളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ എടുക്കുന്ന ഒരു മന്ത്രിസഭാ തീരുമാനങ്ങളും പുറത്തു വിടില്ല എന്ന് പറയാന്‍ എങ്ങിനെ കഴിയും? എന്താണ് അവര്‍ക്ക് ജനങ്ങളില്‍ നിന്ന് മറക്കാനുള്ളത്? മുന്‍ കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമം കൊണ്ടുവന്നപ്പോള്‍ അനുകൂലിച്ച, സുതാര്യം എന്ന് സ്വയം വിശേഷിപ്പിച്ച അതേ പാര്‍ട്ടിയാണ് ഇപ്പോള്‍ ഈ ജനാധിപത്യ വിരുദ്ധമായ തീരുമാനം കൈക്കൊള്ളുന്നത്. കോടതിവിധി എന്ത് തന്നെയായാലും ഒരു ജനാധിപത്യഭരണ സംവിധാനത്തില്‍ ഭരണസുതാര്യത എന്നത് ജനങ്ങളുടെ അവകാശമാണെന്നും സത്യം അറിയാൻ പൊതു ജനത്തിന് അവകാശം ഉണ്ട് എന്നും ഇവര്‍ മറക്കരുത്.

shortlink

Post Your Comments


Back to top button