Kerala

സന്ധ്യയുടെ കുടുംബത്തിന് സാന്ത്വനം സഹായം ഉറപ്പു നല്‍കി മുഖ്യമന്ത്രി

കൊച്ചി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയായി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യ പ്രമോദി(27)ന് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലിസി ആശുപത്രിയില്‍ സന്ധ്യയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

കൊച്ചി റിഫൈനറി സന്ദര്‍ശനം, മാധ്യമ പ്രവര്‍ത്തക – അഭിഭാഷക ചര്‍ച്ച, വാട്ടര്‍ മെട്രോ നിര്‍മാണോദ്ഘാടനം, അവാര്‍ഡ് ദാനം തുടങ്ങി തിരക്കിട്ട പരിപാടികള്‍ക്കിടയിലാണ് ആശുപത്രിയിലെത്താന്‍ മുഖ്യമന്ത്രി സമയം കണ്ടെത്തിയത്. മുന്‍ എം.പി പി. രാജീവിനൊപ്പമെത്തിയ മുഖ്യമന്ത്രിയെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചു. സന്ധ്യയുടെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപുറത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് പൊന്നാടയും സമ്മാനിച്ചു. തുടര്‍ന്ന് സന്ധ്യയുടെ ഭര്‍ത്താവ് പട്ടിക്കാട് സ്വദേശി പുളിയത്ത് വീട്ടില്‍ പി.എം പ്രമോദും മറ്റ് കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോഴാണ് സാധ്യമായ സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്. സന്ധ്യയുടെ എട്ടു മാസം പ്രായമായ മകന്‍ ഗൗതത്തെയും കയ്യിലെടുത്താണ് പ്രമോദ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. ആന്റോ ചാലിശ്ശേരി എന്നിവരുമായി കര്‍ദിനാളിന്റെ സാന്നിധ്യത്തില്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. ഹൈബി ഈഡന്‍ എം.എല്‍.എ, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരും സന്നിഹിതരായിരുന്നു.

തിരുവനന്തപുരം മുക്കോലയില്‍ വാഹനാപകടത്തില്‍ മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി വിശാലിന്റെ ഹൃദയമാണ് ഏതാനും ദിവസം മുമ്പ് സന്ധ്യയില്‍ വച്ചുപിടിപ്പിച്ചത്. പ്രസവത്തെ തുടര്‍ന്ന് ബാധിച്ച പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതിയെന്ന അപൂര്‍വരോഗത്തെ തുടര്‍ന്നാണ് സന്ധ്യയ്ക്ക് ഡോക്ടര്‍മാര്‍ ഹൃദയം മാറ്റിവയ്ക്കല്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിശാലിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനമാര്‍ഗം ഹൃദയം കൊച്ചിയിലെത്തിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടിരുന്നു. സന്ധ്യയെ തിങ്കളാഴ്ച തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button