Kerala

68 ാം വയസില്‍ സി.പി.എം നേതാവിന് പ്രണയ മാംഗല്യം

ഓച്ചിറ ● പ്രണയം അങ്ങനെയാണ്. അതിന് കാലവും,സമയവും, പ്രായവും, ഒന്നും തടസമാകില്ല. നീണ്ടകാലം കനല്‍ കെടാതെ ഉള്ളില്‍ സൂക്ഷിച്ച പ്രണയം സഫലമായ ആഹ്ലാദത്തിലാണ് സി.പി.എം മുന്‍ ഏരിയാ സെക്രട്ടറിയും നിലവില്‍ കൊല്ലം ഓച്ചിറ ഗ്രാമപഞ്ചായത്ത്‌ അംഗം കൂടിയായ ജി.വിക്രമന്‍.

ട്യൂട്ടോറിയല്‍ അധ്യാപകനായി ജോലി നോക്കുമ്പോഴാണ് വിക്രമന്റെയുള്ളില്‍ പ്രണയം മൊട്ടിടുന്നത്. സ്വന്തം വാര്‍ഡിലെ തന്നെ തോണ്ടലില്‍ വീട്ടില്‍ റിട്ട. അസ്റ്റി. എന്‍ജിനിയറായിരുന്ന എം പുരുഷോത്തമന്റെയും, ലളിതമ്മയുടെയും മകളായ അനിതയായിരുന്നു കഥാനായിക. പക്ഷേ, പ്രണയം സഫലമായില്ല അനിത വേറെ വിവാഹം കഴിച്ചുപോയെങ്കിലും ആദ്യ പ്രണയം മനസ്സില്‍ കനലായി സൂക്ഷിച്ച വിക്രമന്‍ വേറെ വിവാഹത്തിന് ശ്രമിച്ചതുമില്ല. പൂര്‍ണപൊതുപ്രവര്‍ത്തകനായി മാറിയ വിക്രമന്‍ 20 വര്‍ഷത്തോളം ചവറ സി.പി.എം ഏരിയാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിക്രമന്‍ ഓച്ചിറ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണിപ്പോള്‍.

ഇതിനിടെ 20 വര്‍ഷം മുന്‍പ് അനിതയുടെ ഭര്‍ത്താവ് മരിച്ചു പോയിരുന്നു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ഉള്ളില്‍ പ്രണയം നഷ്ടപ്പെടാതെ കാത്തു സൂക്ഷിച്ച ഇരുവരുടെയും വിവാഹത്തിന് അനിതയുടെ മക്കള്‍ തന്നെയാണ് മുന്‍കൈയെടുത്തത്. ഒടുവില്‍ പാര്‍ട്ടി അണികള്‍ക്കും അയല്‍ക്കാര്‍ക്കും വച്ച് 68 കാരനായ വിക്രമന്‍ 52 കാരിയായ അനിതയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. അനിതയുടെ വീട്ടില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

shortlink

Post Your Comments


Back to top button