KeralaNews

ഗീതാ ഗോപിനാഥിന്‍റെ നിയമനത്തെ പരിഹസിച്ച് വി മുരളീധരന്‍

നന്നായി ഭരിക്കണം എന്ന ആഗ്രഹം മൂലമായാലും, തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളുടെ ഫലമായാലും വിവിധ വിഷയങ്ങളില്‍ തനിക്ക് ഉപദേശം നല്‍കാനായി നടത്തുന്ന ഉപദേഷ്ടാക്കളുടെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി മാറിയിരിക്കുകയാണ്. സാമ്പത്തികോപദേഷ്ടാവായി നവലിബറല്‍ നയങ്ങളുടെ പ്രയോക്താവ് എന്ന്‍ പേരു കേട്ട ഗീത ഗോപിനാഥിനെ മുഖ്യമന്ത്രി നിയമിച്ചത് സിപിഎമ്മിനുള്ളില്‍ തന്നെ അമര്‍ഷത്തിന് കാരണമായിരിക്കുന്നു.

ഈ അവസരത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്കിനെ വെറും കണക്കപ്പിള്ളയാക്കി മാറ്റുന്ന ഗീത ഗോപിനാഥിന്‍റെ നിയമനത്തെ വിമര്‍ശിച്ചുകൊണ്ട് ബിജെപി നേതാവ് വി. മുരളീധരന്‍ എഴുതിയ കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുകയാണ്.

വി മുരളീധരന്‍റെ കുറിപ്പ് വായിക്കാം:

മുഖ്യമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവായി ഹാർവാഡ് സർവ്വകലാശാലയിലെ ഗീതാഗോപിനാഥിന്റെ നിയമനം കൗതുകകരവും അതേ സമയം സിപിഎം അകപ്പെട്ട പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ ആഴവും പരപ്പും വെളിവാക്കുന്നതുമാണ്. തെറ്റായ ട്രെയിനിൽ കയറിയ ആൾ മുന്നിൽ നിന്നും പിറകുവരെ ഉള്ള ബോഗികളിലൂടെ എത്ര ഓടിയാലും ശരിയായ സ്ഥലത്ത് ഒരിക്കലും എത്തില്ല എന്ന് പിണറായി വിജയൻ മനസ്സിലാക്കിയതിന്റെ ഫലമാണോ ഈ നിയമനം? അതോ തോമസ് ഐസക് എന്ന ധനകാര്യ മന്ത്രിയെ വെറും കണക്കപ്പിളളയാക്കി ഒതുക്കാനുളള ഗൂഢനീക്കമോ ? രണ്ടായാലും സിപിഎമ്മിന്റെ പ്രത്യയ ശാസ്ത്ര അടിത്തറയുടെ മൂലക്കല്ലാണ് ഈ നിയമനത്തിലൂടെ പിണറായി വിജയൻ ഇളക്കിയിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ പരിഷ്കരണ നടപടികൾക്ക് വേഗത പോര എന്ന് അഭിപ്രായമുള്ള, കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെ സംരക്ഷകയാണ് ഗീതാ ഗോപിനാഥ്. ഡീസൽ സബ്സിഡി ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് അവർ കയ്യടിച്ചിരുന്നു. സിപിഎമ്മിന്റെ പ്രഖ്യാപിത സാമ്പത്തിക നിലപാടുകൾക്ക് കടകവിരുദ്ധമാണ് ഗീതാ ഗോപിനാഥിന്റെ നിലപാടുകൾ. ഗീതാ ഗോപിനാഥും സിപിഎമ്മും യോജിക്കാവുന്ന ഒരു കോമൺ പോയൻറും ഇല്ലെന്നിരിക്കെ എന്തിനാണ് ഈ നിയമനം?

തോമസ് ഐസക്കിന്റെ ബുദ്ധി ജീവിനാട്യത്തിനും കപട ധനകാര്യ വൈദഗ്ദ്യ പ്രഘോഷണത്തിനും ഏറ്റ തിരിച്ചടിയാണെന്നതിൽ തർക്കമില്ല. സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളുടെ പേരിൽ ബിജെപിയേയും നരേന്ദ്ര മോദിയെയും ആക്ഷേപിക്കുകയും കോർപ്പറേറ്റ് ദാസ്യം എന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്ന സിപിഎം ഇനിയെങ്കിലും ആ പണി നിർത്തും എന്ന് പ്രതീക്ഷിക്കുന്നു. GST വിഷയത്തിലും സിപിഎം നിലപാടിന് വിരുദ്ധമായി നിൽക്കാൻ പിണറായി വിജയന് പ്രേരണ നൽകിയത് ഗീതാ ഗോപിനാഥിന്റെ സാന്നിദ്ധ്യം ആയിരിക്കാം. പ്രഭാത് പട്നായിക്കിനെ പോലുള്ള ജെ.എൻ.യു ഇക്കണോമിസ്റ്റുകളെ തഴഞ്ഞ് ഒരു കോർപ്പറേറ്റ് പക്ഷക്കാരിയെ ഹാർവാഡിൽ നിന്നും ധനകാര്യ ഉപദേഷ്ടാവായി നിയമിച്ചതിന്റെ സാംഗത്യം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും വിശദീകരിക്കണം. വലതുകാലിൽ ഊന്നി നിന്നാലെ ഇടതുകാൽ കൊണ്ട് ഗോളടിക്കാനാവൂ എന്നൊന്നും വിശദീകരിച്ചുകളയരുത്. സ്വന്തം അണികളെങ്കിലും വിശ്വസിക്കണമല്ലോ….

shortlink

Related Articles

Post Your Comments

Related Articles


Back to top button