India

ബിഎസ്എഫിനു പുതിയ നിര്‍ദ്ദേശവുമായി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി : പാകിസ്ഥാനിലേക്ക് കടന്നാക്രമണത്തിനു ശ്രമിക്കരുതെന്നും പക്ഷേ പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഉത്തരവിനു കാത്തു നില്‍ക്കേണ്ടതില്ലെന്നുമാണ് അതിര്‍ത്തി രക്ഷാസേനയ്ക്കുള്ള (ബിഎസ്എഫ്) നിര്‍ദ്ദേശമെന്നും രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. പാകിസ്ഥാനോടുള്ള സമീപനത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെങ്കില്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തു മാത്രമാവും തീരുമാനമെടുക്കുക. ഇന്ത്യയുടെ പല പ്രധാനമന്ത്രിമാരും ശ്രമിച്ചെങ്കിലും പാകിസ്ഥാന്‍ സഹകരണ മനോഭാവം കാണിക്കുന്നില്ലെന്നും ദൈവം അവര്‍ക്കു സല്‍ബുദ്ധി നല്‍കട്ടെയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. 

ഭീകരപ്രവര്‍ത്തനം, മയക്കുമരുന്നുകടത്ത്, മനുഷ്യക്കടത്ത് എന്നിവയാണു സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമായി ചര്‍ച്ച ചെയ്തതെന്നും ഭീകരപ്രവര്‍ത്തനത്തെ മഹത്വവല്‍ക്കരിക്കാനോ അതിന് ഒത്താശ ചെയ്യാനോ അംഗരാജ്യങ്ങള്‍ ശ്രമിക്കരുതെന്നു താന്‍ വ്യക്തമാക്കിയെന്നും രാജ്‌നാഥ് പറഞ്ഞു. ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുന്ന വ്യക്തികളെയും സംഘടനകളെയും രാജ്യങ്ങളെയും അപലപിക്കണം. ഭീകരപ്രവര്‍ത്തനത്തെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കേണ്ടതില്ല. ഭീകരപ്രവര്‍ത്തനത്തിനെതിരായ രാജ്യാന്തര ധാരണകള്‍ എല്ലാ രാജ്യങ്ങളും അംഗീകരിക്കണം.

അടുത്ത മാസം 22നും 23നും ഇന്ത്യയില്‍ ഭീകരവിരുദ്ധ സമ്മേളനം നടത്തും. സുഹൃത്തുക്കളെ മാറ്റാം, അയല്‍ക്കാരെ മാറ്റാനാവില്ലെന്നാണു മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പറഞ്ഞത്. നരേന്ദ്ര മോദി, മന്‍മോഹന്‍ സിങ് എന്നീ പ്രധാനമന്ത്രിമാരും ശ്രമിച്ചെങ്കിലും ഇന്ത്യയുമായി സഹകരിക്കാന്‍ പാകിസ്ഥാന്‍ താല്‍പര്യപ്പെട്ടില്ല. പല നേതാക്കളും ഭീകരപ്രവര്‍ത്തനത്തിന് ഇരയായി. ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരും ഭീകരപ്രവര്‍ത്തന വിരുദ്ധ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ കുറ്റങ്ങള്‍ക്കെതിരായ സാര്‍ക്ക് ധാരണയ്ക്കു പാകിസ്ഥാന്‍ ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. ഉടനെ അംഗീകരിക്കുമെന്നാണ് അവര്‍ പറയുന്നത്. ഭീകരപ്രവര്‍ത്തനമാണു മനുഷ്യാവകാശങ്ങളുടെ മുഖ്യശത്രു.

സമ്മേളനത്തിനുശേഷമുള്ള വിരുന്നിനു തന്നെ ക്ഷണിച്ചശേഷം പാക്ക് ആഭ്യന്തര മന്ത്രി സ്ഥലംവിട്ടു. വിരുന്നില്‍ പങ്കെടുക്കാതെ ഇന്ത്യയുടേതായ രീതിയില്‍ താന്‍ പ്രതികരിച്ചു. അവിടെ പോയതു വിരുന്നില്‍ പങ്കെടുക്കാനല്ല സന്ദര്‍ശനത്തെക്കുറിച്ചു രാജ്യസഭയില്‍ നടത്തിയ പ്രസ്താവന വിശദീകരിക്കവേ രാജ്‌നാഥ് പറഞ്ഞു. തന്റെ പ്രസംഗം റിപ്പോര്‍ട്ടു ചെയ്യാന്‍ ദൂരദര്‍ശനെയും വാര്‍ത്താ ഏജന്‍സികളായ പിടിഐ, എഎന്‍ഐ എന്നിവയെയും അനുവദിച്ചില്ല. പാക്കിസ്ഥാന്‍ തന്നോടു ചെയ്യേണ്ടതു ചെയ്തു. അതേക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല. ഇന്ത്യയുടെ അന്തസ്സാണു പ്രധാനം. നമ്മള്‍ അത് ഉയര്‍ത്തിപ്പിടിക്കും. രാജ്യസഭയില്‍ കാണുന്നതു രാജ്യത്തിന്റെ ഐക്യമാണ്. ഭീകരപ്രവര്‍ത്തനത്തെ തുരത്തുന്നതില്‍ നമ്മള്‍ വിജയിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു.

രാജ്‌നാഥിനെതിരെ ഇസ്‌ലാമാബാദില്‍ ചിലര്‍ പ്രകടനം നടത്തിയതിനെക്കുറിച്ച് അംഗങ്ങള്‍ ചോദിച്ചപ്പോള്‍, പ്രകടനങ്ങളെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കില്‍ താന്‍ പോകില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്‍കി. ഇസ്‌ലാമാബാദില്‍ രാജ്‌നാഥ് സ്വീകരിച്ച സമീപനത്തെ രാജ്യസഭാംഗങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചു. ഭീകരപ്രവര്‍ത്തനവും മയക്കുമരുന്നുമാണു പ്രധാനപ്രശ്‌നങ്ങളെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. മറ്റൊരു പാര്‍ട്ടിക്കുമുണ്ടാകാത്ത നഷ്ടമാണു ഭീകരപ്രവര്‍ത്തനം മൂലം തങ്ങളുടെ പാര്‍ട്ടിക്ക് ഉണ്ടായത്. രണ്ടു പ്രധാനമന്ത്രിമാരെ ബലി കൊടുക്കേണ്ടിവന്നെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button