KeralaNews

പൊന്നോണ പുലരിയിൽ ഇല്ലം നിറ

പൊന്നോണ പുലരിയുടെ കാലമായി. കർക്കിടക മാസത്തിനു അവസാനമായി. ഇനി നിറ പുത്തരിയുടെ കാലം. നാടെങ്ങും ചിങ്ങത്തെ വരവേൽക്കാൻ ഇല്ലം നിറയുടെ തിരക്കിലാണ്. ഇല്ലംനിറ കർക്കിടകമാസത്തിൽ മലയാളികൾക്കിടയിൽ നടക്കുന്ന ഒരാചാരമാണ്. ഇല്ലംനിറ ഐശ്വര്യത്തിന്റെ പര്യായമായി കാർഷിക വൃത്തിയെ കണക്കാക്കി പോന്നതിന്റെ തുടർച്ചയാണ്. ദേശവ്യത്യാസമില്ലാതെ എല്ലാ ജില്ലകളിലും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനായി ഇല്ലം നിറ ആചരിച്ചു വരുന്നു. കൃഷിയിലേർപ്പെട്ടവർക്കെല്ലാം ഐശ്വര്യം വരുമെന്നാണ് വിശ്വാസം.

കർഷകർ കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച രാവിലെ മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തി ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കുന്നതോടുകൂടിയാണ് ഇല്ലംനിറ ആരംഭിക്കുന്നത്. അടുത്ത ഒരു വർഷം നല്ല വിളയും സമ്പത്തും ദേവിയുടെയോ ദേവന്റെയോ അനുഗ്രഹത്താൽ ഉണ്ടാവാനാണ് ഇങ്ങനെ ചെയ്യുന്നത്. ചടങ്ങുകൾ തുടങ്ങുന്നത് വീടും നാടും കുട്ടയും സമ്പത്തും സമൃദ്ധിയും കൊണ്ട് നിറയട്ടെ എന്ന അർഥം വരുന്ന ഇല്ലം നിറ, വള്ളം നിറ, പൊലിയോ പൊലി എന്ന പ്രാര്‍ഥനയോടെയാണ്.

വീടിന്റെ മച്ചിലും ഉമ്മറത്തും കർഷകർ ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്നും നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കറ്റകൾ തൂക്കിയിടും. ഈ കറ്റകൾ അടുത്ത വർഷം വരെ പഞ്ഞമില്ലാതെ നോക്കിക്കോളുമെന്നാണ് വിശ്വാസം. അടുത്ത വർഷം പുതിയ കറ്റകൾ വരുമ്പോൾ മാത്രമേ പഴയ കറ്റകൾ മാറ്റാറുള്ളൂ. പുലർച്ചെ അഞ്ചരയ്ക്കും ആറിനും ഇടയ്ക്ക് ക്ഷേത്രങ്ങളിൽ പ്രത്യേകമായി ശുദ്ധികരിച്ച സ്ഥലത്ത് നിറപുത്തരി ചടങ്ങുകൾ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button