NewsIndia

കാശ്മീരില്‍ കലാപത്തിനുള്ള കോടികള്‍ പാകിസ്ഥാനില്‍ നിന്ന്‍ വന്നത് വനിതാ വിഘടനവാദി നേതാവ് വഴി

ശ്രീനഗര്‍: കാശ്മീരില്‍ കലാപാന്തരീക്ഷം നിലനിര്‍ത്താനായി പാകിസ്ഥാനില്‍ നിന്ന്‍ വന്ന കോടിക്കണക്കിന് രൂപയുടെ സിംഹഭാഗവും താഴ്വരയിലെത്തിയത് വനിതാ വിഘടനവാദി നേതാവ് ആസിയാ അന്ദ്രാബിയുടെ ദുഖ്തരന്‍-ഇ-മില്ലത്ത് എന്ന സംഘടനയും ജമാഅത്ത്-എ-ഇസ്ലാമി എന്ന സംഘടനയും വഴി. കലാപം നിലനിര്‍ത്തുന്നതിനാണ് ഈ തുക ചിലവഴിച്ചത്.

ഇത്തരത്തില്‍ 24-കോടി രൂപയോളം പാകിസ്ഥാനില്‍ നിന്ന്‍ കാശ്മീര്‍ താഴ്വരയിലേക്കെത്തിച്ചെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കാശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് കലാപം ഉടനടി അടങ്ങാന്‍ പോകുന്നില്ല എന്നാണ്. ഇന്ത്യന്‍ സൈനിക ഘടകങ്ങള്‍ക്കെതിരെയുള്ള കലാപത്തില്‍ പങ്കെടുക്കുന്ന കാശ്മീരി യുവാക്കള്‍ക്ക് മികച്ച തുകയാണ് പ്രതിഫലമായി നല്‍കുന്നത്. അതിനാല്‍ത്തന്നെ, കലാപത്തില്‍ ഉടനെയൊന്നും അയവു വരാന്‍ സാദ്ധ്യതയില്ല.

സൈന്യത്തിന്‍റെ പിടിയിലായ ലഷ്കര്‍ തീവ്രവാദി ബഹദൂര്‍ അലി തന്‍റെ കുറ്റസമ്മതത്തില്‍ പറഞ്ഞത് പാകിസ്ഥാനിലുള്ള ഒരു തീവ്രവാദ സംഘടന തനിക്ക് പരിശീലനം നല്‍കിയ ശേഷം കാശ്മീരില്‍ വന്ന്‍ ജനക്കൂട്ടത്തിനൊപ്പം ചേര്‍ന്ന്‍ ഇന്ത്യന്‍ സൈനിക ഘടകങ്ങളെ അക്രമിക്കാനുള്ള നിര്‍ദ്ദേശമാണ് തനിക്ക് നല്‍കിയിരുന്നത് എന്നാണ്.

തുടര്‍ച്ചയായ 40-ആം ദിവസമാണ് കാശ്മീര്‍ താഴ്വരയിലെ സാധാരണ ജനജീവിതം കലാപാന്തരീക്ഷം മൂലമുള്ള കര്‍ഫ്യൂവിലൂടെ തടസ്സപ്പെട്ടിരിക്കുന്നത്. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു ശേഷമുള്ള അവസ്ഥ മുതലെടുത്താണ് വിഘടനവാദ സംഘടനകള്‍ ഇത്തരത്തിലൊരു അവസ്ഥ കാശ്മീരില്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button