Editorial

ആണ്‍കുട്ടികളെ മലര്‍ത്തിയടിക്കുന്നതിന് സ്വന്തം ഗ്രാമം എതിര്‍ത്തവള്‍ ഇന്ന്‍ രാജ്യത്തിന്‍റെ അഭിമാനം

ആഗസ്റ്റ് 18. രാവിലെ വളരെ ആവേശത്തോടെ തന്നെയാണ് ഭാരതം സാക്ഷി മാലിക്കിന്റെ വെങ്കല മെഡലിനെ സ്വാഗതം ചെയ്തത്. 58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ഇന്ത്യന്‍ താരം സാക്ഷി മാലിക്കിന്‍റെ വെങ്കല നേട്ടം. കിര്‍ഗിസ്ഥാന്‍ താരം ഐസുലു ടിന്‍ബെക്കോവയെ 8-5 നു പരാജയപ്പെടുത്തിയാണ് സാക്ഷി മെഡല്‍ സ്വന്തമാക്കിയത്. റഷ്യയുടെ വലേറിയ കോബലോവയോട് ക്വാർട്ടർ ഫൈനലിൽ സാക്ഷി പരാജയപ്പെട്ടിരുന്നു. പിന്നീട് വലേറിയ ഫൈനലിലേക്ക് മുന്നേറിയപ്പോഴാണ് സാക്ഷിയ്ക്ക് മത്സരിക്കാൻ അവസരം ലഭിച്ചത്. അനായാസമായിരുന്നില്ല സാക്ഷിയുടെ ഈ നേട്ടം.

റിയോ ഒളിമ്പിക്സ് തുടങ്ങിയനാൾ മുതൽ ഓരോ ദിവസവും പ്രതീക്ഷയോടെയാണ് നല്ല വാർത്തകൾക്കായി ഇന്ത്യ കാത്തിരുന്നത്. എന്നാൽ ആ പ്രതീക്ഷകൾക്ക് തിരി തെളിയിക്കാൻ ആരും പ്രതീക്ഷ അർപ്പിക്കാതിരുന്ന ഒരു യുവതി തന്നെ വേണ്ടി വന്നു. പ്രതിസന്ധികളോട് പടവെട്ടിതന്നെയാണ് സാക്ഷി ഗോദയിലെത്തിയത്. പന്ത്രണ്ടാം വയസ്സിൽ സാക്ഷി ഗോദയിലെത്തിയപ്പോൾ ഒരു ഗ്രാമം മുഴുവൻ അവളെ എതിർത്തു. ആൺകുട്ടികളെ മലർത്തിയടിക്കുന്ന സാക്ഷിയുടെ കഴിവുകൾ കോച്ച് ഇഷ്ലാര്‍ ദാഹിയയും അച്ഛനമ്മമാരായ സുദേഷ് മാലിക്കും, സുഖവീര്‍ മാലിക്കുമൊഴികെ ആരും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ തയ്യാറായില്ല. കോച്ച് ദാഹിയക്ക് ഇത് മൂലം എതിർപ്പുകൾ നിരവധി നേരിടേണ്ടി വന്നു. എതിർപ്പുകളെ അവഗണിച്ച് മാതാപിതാക്കളുടെ പിന്തുണയോടെ അവൾ മുന്നേറി.

പിന്നീടങ്ങോട്ട് സാക്ഷിയുടെ നേട്ടങ്ങളുടെ സമയമായിരുന്നു. 2010 ൽ 18 മത്തെ വയസില്‍ ജൂനിയര്‍ തലത്തില്‍ സാക്ഷി തന്റെ വരവറിയിച്ചു. 59 കിലോ ഗ്രാം വിഭാഗത്തില്‍ വെങ്കല മെഡൽ സ്വന്തമാക്കി. 2014 ൽ 60 കിലോഗ്രാം വിഭാഗത്തില്‍ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി. അതേ വർഷം തന്നെ ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലും സാക്ഷി നേടിയെടുത്തു. എന്നാൽ ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായി. എങ്കിലും 2015 ൽ ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലോടെ സാക്ഷി വീണ്ടും തിരിച്ചു വന്നു. ഒപ്പം 60 കിലോ വിഭാഗത്തില്‍ സ്പാനീഷ് ഗ്രാന്‍റ് പ്രീയില്‍ വെങ്കലം നേടി . ഒടുവിൽ ഭാരതത്തിന്റെ അഭിമാനമുയർത്തി റിയോ ഒളിമ്പിക്സിൽ വീണ്ടുമൊരു വെങ്കല മെഡൽ കൂടി.

ഒരു പെൺകുട്ടി ഗോദയിലേറുന്നതിനെ എതിർത്തവർ തന്നെ ഇന്നവളെ പുകഴ്ത്തുന്നു. കഷ്ടപ്പാടുകൾക്കിടയിലും ലക്ഷ്യബോധവും അതിനായുള്ള അശ്രാന്തപരിശ്രമവും വിജയത്തിന്റെ മുന്നോടിയാണെന്നുള്ളതിന്റെ ഉദാത്തമായ ഉദാഹരണമാണ് സാക്ഷി മാലിക്ക് എന്ന ഈ ഇരുപത്തിമൂന്നുകാരി. ഇന്ത്യയ്ക്ക് വേണ്ടി സാക്ഷി നേടിയ ഈ നേട്ടത്തിൽ ആഘോഷിക്കാം നമുക്ക് ഈ ദിനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button