NewsLife Style

മുൻകോപത്തെ നിയന്ത്രിക്കാം

വ്യക്തിത്വത്തിൽ ദേഷ്യം കടന്നു കൂടിയാൽ അത് വളരെയേറെ പ്രശ്നമാകും. കോപമുണ്ടാവുന്നത് ഇച്ഛാഭംഗം, വിഷാദം, ഉത്കണ്ഠ, നൈരാശ്യം, അപകര്‍ഷതാബോധം, അരക്ഷിതബോധം ഇങ്ങനെ ഒട്ടേറെ മാനസികാവസ്ഥകളില്‍ നിന്നാണ്. ചില പൊടികൈകൾ ഉപയോഗിച്ച മുൻകോപത്തെ നിയന്ത്രിക്കാൻ സാധിക്കും. കോപം അതിർത്തി ലംഘിച്ചാൽ പിന്നെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ല. ഒരു പരിധി വരെ കുടുംബ ജീവിതത്തിലെ പ്രധാന പ്രശ്നങ്ങൾക്കെല്ലാം കാരണം ദേഷ്യമാണ്.

പിഴച്ചുപോകുന്ന നാക്കും വാക്കും ദാമ്പത്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടും. അതുകൊണ്ട് ദേഷ്യം അമിതമാകുമ്പോൾ സംസാരം നിർത്താൻ ശ്രമിക്കുക. പറഞ്ഞാല്‍ കൂടിപ്പോകുമെന്നു തോന്നുമ്പോള്‍ ഉടന്‍ പറയാതിരിക്കുക. കോപം തിളച്ചുമറിയുമ്പോള്‍ മറ്റുള്ളവരെ കൈ ചൂണ്ടി ആക്ഷേപിക്കുന്നതിനു പകരം “ഞാന്‍” “എനിക്ക്” എന്ന് പറയുക . ദേഷ്യപ്പെട്ടത് എന്നെ ശരിക്കും സങ്കടപ്പെടുത്തിയെന്നും നിങ്ങളോട് വല്ലാത്ത അരിശം തോന്നിയെന്നുംഈ സാഹചര്യത്തില്‍ ശാന്തമായി അവതരിപ്പിച്ചുനോക്കൂ. തല്ലുകൂടല്‍ ഇല്ലാതാകുമെന്നു മാത്രമല്ല പ്രയോജനം, സംഭവിച്ച വീഴ്ചയെക്കുറിച്ച് ദേഷ്യപ്പെട്ടയാൾക്ക് കുറ്റബോധമുണ്ടാകും. ഇത് ആവര്‍ത്തിക്കരുതെന്ന തോന്നലുണ്ടാക്കും. പ്രകടിപ്പിക്കേണ്ട വ്യക്തിയോടും സാഹചര്യത്തിലും ശരിയായ വിധത്തില്‍, ഉചിതമായ നേരത്ത്, കൃത്യമായ അളവില്‍ കോപം പ്രകടിപ്പിക്കാം.

ദേഷ്യം വരുന്ന സാഹചര്യത്തില്‍ നിന്ന് തല്‍കാലത്തേയ്ക്ക് ഒഴിഞ്ഞുമാറാം. മനസ്സില്‍ നൂറുതൊട്ട് പിന്നോട്ട് പിന്നോട്ട് എണ്ണി കലിയില്‍നിന്ന് മനസിനെ വ്യതിചലിപ്പിക്കാം. ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്തും മെല്ലെ പുറത്തേക്കു വിട്ടും ഒരു ധ്യാനത്തിലെന്നപോലെ അഞ്ചോ പത്തോ മിനിറ്റ് ചെലവാക്കാം. മനസ്സിന് ശാന്തത നേടാം. നല്ലൊരു പാട്ട് കേള്‍ക്കാം. പുറത്ത് കുറച്ചുനേരം ഉലാത്താം. . കലിതുള്ളില്ല ഞാനെന്ന് ഇടയ്ക്കിടെ മനസ്സിനോട് കല്പിച്ചും കടിഞ്ഞാണ്‍ കൈവശപ്പെടുത്താം. അതിരുവിടുന്ന കോപം ശമിച്ചുകഴിയുമ്പോള്‍ അലോസരമുണ്ടാക്കിയ കാര്യങ്ങള്‍ക്ക് സ്വസ്ഥതയോടെ പ്രതിവിധി കണ്ടെത്താം.

ഉള്ളില്‍ കോപം തിളച്ചുമറിയുന്ന വേളകളില്‍ ‍അത് പെരുമാറ്റത്തില്‍ കൃത്യമായി പ്രതിഫലിക്കും. രോഷത്തെ ബലം പിടിച്ച് ചങ്ങലക്കിടാനൊന്നും പോവണ്ട. അരിശം ഉളവാക്കുന്ന വിധത്തില്‍ അപ്രിയമായത് എങ്ങനെ സങ്കടപ്പെടുത്തിയെന്ന് സമാധാനമായി അറിയിക്കുകയും ചെയ്യാം.

ജീവിതത്തെ പോസിറ്റീവായി കാണുന്നവര്‍ക്കും നര്‍മ്മബോധമുള്ളവര്‍ക്കും കലിതുള്ളലിന്റെ സാധ്യതകള്‍ താരതമ്യേന കുറവാണ്. കോപനിയന്ത്രണം എളുപ്പമാകണമെങ്കില്‍ നിഷേധചിന്തകള്‍ കുറയ്ക്കണം. നല്ലത് സംഭവിക്കുമ്പോൾ സന്തോഷിക്കണം. ചിരിക്കാന്‍ വക തരുന്നതൊക്കെ ആസ്വദിച്ച് ഉള്ളുതുറന്ന് ചിരിക്കണം.

കോപത്തെ കോപം കൊണ്ട് നേരിടാൻ പാടില്ല. ഇരുകൂട്ടര്‍ക്കും ഇത് നഷ്ടക്കച്ചവടമായി കലാശിക്കും. അതുകൊണ്ട് കോപിഷ്ഠന്റെ പെരുമാറ്റങ്ങളോട് തികച്ചും ശാന്തമായിത്തന്നെ പ്രതികരിക്കുക. കോപത്തിന്റെ തീ താനെ കത്തിത്തീരട്ടെ. ഇതാണ് അതിരുവിടുന്ന അരിശത്തെ നേരിടാനും കോപനിയന്ത്രണത്തെക്കുറിച്ചുക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കാനും പ്രയോഗിക്കാവുന്ന തന്ത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button