Prathikarana Vedhi

മതേതരത്വം എന്നാല്‍ ഹൈന്ദവ നിന്ദയോ..? ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഇത്രമേൽ അധഃപതിച്ചതെങ്ങനെ?

സുകന്യ കൃഷ്ണ

ഈ ലേഖനം വായിച്ചു തുടങ്ങും മുൻപ് ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോടോ അല്ലെങ്കിൽ അവരുടെ ആശയങ്ങളോടോ ഉള്ള ഇഷ്ടം കൊണ്ടോ എതിർപ്പ് കൊണ്ടോ എഴുതുന്ന ഒരു ലേഖനമല്ലിത്. നല്ലതിനെ അംഗീകരിക്കുവാനും അല്ലാത്തവയെ വിമർശിക്കുവാനും ശ്രമിക്കാറുള്ള, നിഷ്പക്ഷമായ രാഷ്ട്രീയ നിലപാടുകളുള്ള ഒരു സാധാരണക്കാരിയുടെ അഭിപ്രായമായി മാത്രം ഈ ലേഖനത്തെ മുഖവിലക്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അധ്വാനിക്കുന്ന തൊഴിലാളി വിഭാഗങ്ങളുടെയും സാധാരണക്കാരുടെയും വിശ്വാസവും പ്രതീക്ഷയുമായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷ ആശയങ്ങളിലും തത്വങ്ങളിലും സന്ദർഭോചിതമായി വെള്ളം ചേർക്കുവാനും മത-സാമുദായിക ശക്തികളെ പ്രീണിപ്പിച്ച് നേട്ടങ്ങൾ കൊയ്യുവാനും ഈ പ്രസ്ഥാനങ്ങൾക്ക് ഇന്ന് യാതൊരു മടിയുമില്ലെന്ന് മാത്രമല്ല, മുതലാളിത്വത്തിന്റെ വക്താക്കളായി പലപ്പോഴും ഈ പ്രസ്ഥാനങ്ങളുടെ നേതാക്കൾ അധപ്പതിക്കുകയും ചെയ്യുന്നു.

കേരളീയ സമൂഹം ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് അധികാരത്തിലേറ്റിയത് സത്ഭരണം പ്രതീക്ഷിച്ചാണ്. അല്ലാതെ അക്രമരാഷ്‌ടീയം കളിക്കാനും മോദിയെയും ആർ.എസ്.എസിനെയും എതിർക്കാനോ വെല്ലുവിളിക്കാനോ തമ്മിൽ കേമൻ ആരെന്നറിയാനോ വേണ്ടിയല്ല. അധികാരത്തിലേറി ചുരുങ്ങിയ സമയം കൊണ്ടുതന്നെ വളരെ ദാർഷ്ട്യപൂർവ്വമായ പല പ്രസ്താവനകളും നേതാക്കന്മാർ നടത്തിക്കഴിഞ്ഞു, നിങ്ങളുടെ രാഷ്ട്രീയ പകപോക്കൽ ഒക്കെ കഴിഞ്ഞശേഷം നാട് ഭരിക്കാനാണ് തീരുമാനമെങ്കിൽ പ്രബുദ്ധരായ ഒരു ജനത അതിന് മറുപടി നൽകാൻ മുന്നോട്ടുവരേണ്ടി വരുന്ന കാലം വിദൂരമല്ല. അത്തരം ഒരു മുന്നേറ്റത്തിന്റെ തുടക്കമല്ല ഈ ലേഖനം. മറിച്ച്, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ അതെ ആർജ്ജവത്തോടെയുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രം.

ആർ.എസ്.എസ്സിന്റെയും ബി.ജെ.പിയുടെയും സംഘപരിവാർ പ്രസ്ഥാനങ്ങളെയുടെയും ഒക്കെ മിക്കനിലപാടുകളും പൊതുസമൂഹത്തിൽ വലിയ സ്വീകാര്യതയൊന്നും നേടിയിട്ടില്ലാത്തവയാണ്. അവരെ പരിഹസിക്കാനോ എതിർക്കാനോ ഒക്കെ നിങ്ങൾ ചിലവാക്കുന്ന അധ്വാനവും സമയവും പണവും കഴിവുമെല്ലാം കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ നാടിന്റെ നന്മക്കയോ ഒക്കെ വിനിയോഗിച്ചാൽ മാത്രം മതി, ഈ നാട്ടിലെ ജനങ്ങൾ നിങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്തുവാനും പ്രസ്ഥാനത്തിന് കൂടുതൽ ശക്തി പ്രാപിക്കുവാനും. അതൊന്നും മനസ്സിലാക്കാതെ വാ തുറന്നാൽ മോദിയെന്നും ഗുജറാത്തെന്നും മാത്രം മൊഴിഞ്ഞ്, ആവർത്തനവിരസത ഉണ്ടാക്കുവാൻ മാത്രം നേതാക്കന്മാർ ശ്രമിക്കുന്നു.

ഗുജറാത്തോ ആർ.എസ്.എസ്സോ ഒന്നും ഒരു സാധാരണ മലയാളിയുടെ വിഷയമല്ല, ഞങ്ങളുടെ പ്രശ്നങ്ങൾ മറ്റനവധിയാണ്. സഞ്ചാരയോഗ്യമായ റോഡുകളില്ല, ആവശ്യസാധനങ്ങൾക്ക് ദിനംപ്രതി വിലകൂടുന്നു, ഓണപ്പരീക്ഷ ആയിട്ടും കുട്ടികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങൾ ലഭ്യമായിട്ടില്ല, കെടുകാര്യസ്ഥയുടെ പര്യായങ്ങളായ സർക്കാർസ്ഥാപനങ്ങൾ, തൊഴിലില്ലായ്മ ഇങ്ങനെയൊക്കയാണ് സാധാരക്കാരുടെ പ്രശ്നങ്ങളുടെ സഞ്ചാരപദം.

ഇവയെയൊന്നും ഭരണത്തിലേറിയ ശേഷം നേതാക്കന്മാർ അഭിസംബോധന ചെയ്തു കാണുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസം കൊണ്ട് നാരങ്ങയുടെ വില തന്നെ ഇരട്ടിയിലധികമായി, അധികം വൈകാതെ തന്നെ തക്കാളി, കിഴങ്ങ്, ഉള്ളി മുതലായവയുടെ വിലകൂടും. ദിവ്യദൃഷ്ടിയിലൂടെ നടത്തുന്ന പ്രവചനമൊന്നുമല്ല ഇത്, ഓണക്കാലത്ത് സ്ഥിരമായി ഉണ്ടാകുന്ന ഒരു പ്രവണതയുടെ അനുഭവം മാത്രം. ഓണക്കാലത്ത് വിപണി ഇടപെടലുകൾ നടത്താൻ അഴിമതി നടത്തുന്ന തിരക്കിനിടയിലും വലതുപക്ഷ സർക്കാർ അല്പം സമയം കണ്ടെത്തിയിരുന്നു. എന്നാൽ അത്തരത്തിലൊന്നും ഇതുവരെ പുതിയ സർക്കാരിന്റെ ഭാഗത്ത് നിന്നും അറിയാൻ സാധിച്ചിട്ടില്ല. ഓണം പടിവാതുക്കൽ എത്തി നിൽക്കുന്ന ഈ അവസരത്തിലെങ്കിലും ഇതിനെയൊക്കെപ്പറ്റി ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

ഇനി മറ്റുചില വിഷയങ്ങളിലേക്ക് വരാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഈ സർക്കാരിനോട് വളരെയധികം അവജ്ഞ തോന്നിയ ചിലത്. വർഗീയതയെ എതിർക്കുകയെന്നാൽ ഹൈന്ദവ ആചാരങ്ങളെയും ഹൈന്ദവ സമൂഹത്തെയും എതിർക്കുക അല്ലെങ്കിൽ പുച്ഛിക്കുക എന്നാണോ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്? അങ്ങനെയെങ്കിൽ അത് തെറ്റാണ്. സംഘപരിവാറിനെ എതിർക്കാൻ ഹൈന്ദവ സമൂഹത്തെ എതിർക്കുകയും നാണംകെടുത്തുകയുമല്ല ചെയ്യേണ്ടത്.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ കുറിച്ച് നടത്തിയ പ്രസ്താവനകളും ഈ വിഷയത്തെ സംബന്ധിച്ച നിലാപാടുകളും തികച്ചും അവഹേളനപരമാണ്. അതൊക്കെ തീരുമാനിക്കാൻ അർഹതപ്പെട്ട ആളുകൾ വേറെയുണ്ട്. ശബരിമലയിൽ പ്രവേശിക്കാൻ കഴിയാത്തത് ഒരു വലിയ സങ്കടമായോ നീതി നിഷേധമായോ ഒന്നും ഹൈന്ദവ ആചാരങ്ങളിൽ വിശ്വസിക്കുന്ന സ്ത്രീകൾക്ക് തോന്നാറില്ല. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളെ അർഹിക്കുന്ന ബഹുമാനത്തോടെ കാണണമെന്നും ബാലിശമായ നിലപാടുകളും പ്രസ്താവനകളും ഉണ്ടാകരുതെന്നും കൂടി ഓർമിപ്പിക്കുന്നു.

രക്ഷാബന്ധൻ എന്ന ആചാരവും സംഘ്പരിവാറിന്റേതല്ല, അത്തരം ഒരു ഹൈന്ദവാചാരത്തെ ഒരു ശ്വാനന്റെ കൈകളിൽ ബന്ധിച്ച് നിങ്ങൾ പരിഹാസ്യരാകുകായാണ് ചെയ്തത്. മതേതര രക്ഷാബന്ധൻ എന്നൊക്കെ ചില പരസ്യങ്ങളും നാടുനീളെ കണ്ടിരുന്നു. ഹൈന്ദവാചാരങ്ങളെ മതേതരമാക്കാൻ ആണോ നിങ്ങളുടെ തീരുമാനം? അങ്ങനെയെങ്കിൽ ഒരു മതേതര ബാങ്കുവിളിച്ച് ഒരു മതേതര മാമോതീസമുങ്ങി വേണ്ടേ മതമില്ലാത്ത സമൂഹത്തിനു തുടക്കം കുറിക്കാൻ?

മുസ്ലിങ്ങളുടെയോ ക്രൈസ്തവരുടെയോ മതവികാരം വ്രണപ്പെടുത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഭയന്നും, ഹൈന്ദവ സമൂഹത്തെയും ആചാരങ്ങളെയും മതവികാരത്തെയും വ്രണപ്പെടുത്തിയാൽ ലഭിക്കുന്ന നേട്ടങ്ങളെ ഓർത്തും മാത്രമാണ് നിങ്ങൾ ഇതിനൊക്കെ മുതിരുന്നത് എന്നത് പകൽപോലെ സ്പഷ്ടം. അല്ലാതെ അവിടെ സംഘപരിവാറിന് വലിയ വേഷമൊന്നുമില്ല, സംഘപരിവാർ എന്നതൊരു പുകമറ മാത്രം.

ഉത്തരവാദിത്വബോധമുള്ള ഭരണാധികാരികൾ നേതൃത്വം നൽകുന്ന ഒരു സത്ഭരണമാണ് കേരളീയ ജനതയ്ക്ക് വേണ്ടത്, അല്ലാതെ തെരുവുകളെ ചോരക്കളങ്ങളാക്കുന്ന അക്രമരാഷ്ട്രീയമല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. ‘ചോരക്ക് ചോര’ എന്ന കൗടില്യനീതി നടപ്പാക്കാൻ വരമ്പത്ത് കൂലിയുമായി നിൽക്കാനാണെങ്കിൽ ഈ രാജ്യത്തെ ഭരണഘടനക്കും നീതിന്യായ വ്യവസ്ഥിതിക്കും നിങ്ങൾ എന്ത് വിലയാണ് കൽപ്പിക്കുന്നത്? അതോ ഇതിനൊക്കെ അതീതരാണോ നിങ്ങൾ? നാടിന് നന്മയുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് വമ്പിച്ച ഭൂരിപക്ഷത്തോടെ മലയാളികൾ നിങ്ങളെ അധികാരത്തിലെത്തിച്ചതെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button