NewsTechnology

ഇനി എഴുതാം ഈസിയായി യോഗ ബൂക്കിലൂടെ

ടൈപ്പു ചെയ്തു മാത്രം കംപ്യൂട്ടറില്‍ അക്ഷരങ്ങൾ തെളിയുന്ന കാലംകഴിയാൻ പോകുന്നു. ‘റീയല്‍ പെന്‍’ ‘ (സ്റ്റൈലസ്) ഉപയോഗിച്ച്, സാധാരണ പേനകൊണ്ടു പേപ്പറില്‍ എഴുതുന്നതു പോലെ പുതിയ യോഗാ ബുക്കിന്റെ കീ പാഡില്‍ എഴുതാമെന്നാണ് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ പറയുന്നത്. 10.1 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ലാപ്‌ടോപ്പ്-ടാബ്‌ലറ്റ് ഹൈബ്രിഡാണ് യോഗ ബുക്ക്. ലാപ്‌ടോപ്പാണെങ്കിലും ഇതിന് കീബോര്‍ഡില്ല. കീബോര്‍ഡിന്റെ സ്ഥാനത്ത് ഒരു ടച്ച്പാഡ് മാത്രമാണുള്ളത്. ഇതിനെ ‘ക്രിയേറ്റ് പാഡ്’ എന്നാണ് പറയുന്നത്.

എന്തെങ്കിലും ടൈപ്പ് ചെയ്യണമെന്ന് തോന്നുകയാണെങ്കില്‍ സ്‌ക്രീനിന് താഴെയുളള ബട്ടനമര്‍ത്തിയാല്‍ ക്രിയേറ്റ് പാഡില്‍ വെര്‍ച്വല്‍ കീബോര്‍ഡ് തെളിഞ്ഞുവരും. ടൈപ്പിങ് പരിപാടികള്‍ കഴിഞ്ഞാല്‍ ബട്ടനമര്‍ത്തി കീബോര്‍ഡിനെ ഇല്ലാതാക്കുകയും ചെയ്യാം.കീബോര്‍ഡ് മാത്രമായല്ല ഒരു ഡ്രോയിങ് ടൂള്‍ ആയും ക്രിയേറ്റ് പാഡ് പ്രവര്‍ത്തിക്കുന്നതാണ്. ക്രിയേറ്റ് പാഡിന് മുകളില്‍ റിയല്‍ പെന്‍ സ്‌റ്റൈലസ് ഉപയോഗിച്ചെഴുതിയാല്‍ അത് സ്‌ക്രീനില്‍ തെളിഞ്ഞുവരും.ലാപ്‌ടോപ്പ് ഉപയോഗിച്ച് വരയ്ക്കാനും എഴുതാനുമിഷ്ടപ്പെടുന്നവര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ ക്രിയേറ്റ് പാഡ്.

ലാപ്‌ടോപ്പിന്റെ പ്രതലത്തിലല്ല കടലാസിലും പേപ്പറിലുമാണ് നിങ്ങള്‍ക്ക് എഴുതാന്‍ ഇഷ്ടമെങ്കില്‍ ‘യോഗ ബുക്ക്’ അതിനും അവസരമൊരുക്കുന്നു. ക്രിയേറ്റ് പാഡിന് മുകളില്‍ ഒരു നോട്ട് പാഡ് വച്ചെഴുതിയാല്‍ അതെല്ലാം കൃത്യമായി സ്‌ക്രീനില്‍ തെളിഞ്ഞുവരുന്നതാണ് .ടൈപ്പിങ് വേഗം കുറവുള്ളവര്‍ക്ക് എന്തെങ്കിലുമൊരു ഡോക്യുമെന്റ് തയ്യാറാക്കണമെന്നുണ്ടെങ്കില്‍ യോഗ ബുക്ക് തുറന്ന് ഒരു കടലാസെടുത്തുവച്ച് എഴുതിത്തുടങ്ങിയാല്‍ മതി, ഉടന്‍ തന്നെ എഴുതുന്ന മാറ്റര്‍ ലാപ്‌ടോപ്പ് സ്‌ക്രീനില്‍ തെളിയും.

ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം എക്‌സ്-സീരീസ് പ്രൊസസര്‍, നാല് ജിബി റാം, ഡി.ഡി.ആര്‍.3 റാം, 64 ജിബി ഫ്‌ളാഷ് സ്‌റ്റോറേജ് എന്നിവയാണ് യോഗ ബുക്കിലുള്ളത്. 1920X1200 പിക്‌സല്‍സ് സ്‌ക്രീന്‍ റെസൊല്യൂഷനുള്ള ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിലുള്ളത്.വിന്‍ഡോസ് 10, ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വേരിയന്റുകള്‍ യോഗ ബുക്കിനുണ്ട്. 690 ഗ്രാം തൂക്കമുള്ള ലാപ്‌ടോപ്പില്‍ 8500 എംഎഎച്ച് ബാറ്ററിയാണുള്ളത്. തുടര്‍ച്ചയായ 15 മണിക്കൂര്‍ ഉപയോഗമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.ആന്‍ഡ്രോയ്ഡ് യോഗ ബുക്കിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പിന് 499 ഡോളറും (33,111 രൂപ) വിന്‍ഡോസ് 10 പതിപ്പിന് 549 ഡോളറുമാണ് (36,428 രൂപ) വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button