NewsIndiaInternational

ഉത്തര കൊറിയയുടെ അണുവായുധശേഷി കണക്കാക്കാനാവാത്ത വിധത്തിൽ: ആണവ വിദഗ്ദ്ധർ

സോള്‍: ഈ വര്‍ഷം അവസാനത്തോടെ ഇരുപതിലധികം അണ്വായുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഉത്തര കൊറിയ കൈവരിക്കുമെന്ന് ആണവ വിദഗ്ധര്‍. ഉത്തരകൊറിയയുടെ വര്‍ധിച്ച യുറേനിയം ശേഖരണവും അവരുടെ പക്കലുള്ള പ്ലൂട്ടോണിയത്തിന്റെ അളവും കണക്കാക്കിയാണ് വിദഗ്ധരുടെ ഈ വിലയിരുത്തല്‍. ഉത്തരകൊറിയയുടെ യഥാര്‍ഥ ആണവശേഷി കൃത്യമായി കണക്കാക്കാനാവില്ലെന്നും അത് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നതിലും കൂടുതലായാലും അതിശയിക്കാനില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഉത്തരകൊറിയ അടുത്തിടെ തുടര്‍ച്ചയായ അഞ്ചാം ആണവപരീക്ഷണം നടത്തിയിരുന്നു. ഓരോ വര്‍ഷവും ആറോളം അണ്വായുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഉത്തരകൊറിയയ്ക്കുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.ഇതിനുപിന്നാലെ ഇവര്‍ ആറാം പരീക്ഷണത്തിന് തയാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അണ്വായുധ നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ അവരുടെ പക്കല്‍ ആവശ്യത്തിനുണ്ടെന്ന വെളിപ്പെടുത്തല്‍.അണ്വായുധങ്ങളുടെ എണ്ണവും ശക്തിയും ഇനിയും കൂട്ടുമെന്ന് ലോകരാജ്യങ്ങള്‍ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഏതാനും ദിവസം മുന്‍പ് ഉത്തര കൊറിയ നടത്തിയ വന്‍ ആണവപരീക്ഷണത്തിനെതിരെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായ ഉപരോധഭീഷണികളുമായി രംഗത്തു വന്നതോടെയാണ് അവര്‍ ഈ വെല്ലുവിളി ഉയര്‍ത്തിയത്. ഉത്തര കൊറിയയ്ക്കെതിരായ ഉപരോധം കൂടുതല്‍ കടുത്തതാക്കാന്‍ യുഎന്‍ രക്ഷാസമിതിയും തീരുമാനിച്ചിരുന്നു. ആണവായുധ നിര്‍മാണത്തിന് ആവശ്യമായ യുറേനിയം ഉത്തരകൊറിയയുടെ പക്കല്‍ ഇഷ്ടംപോലെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതിനെ ആയുധനിര്‍മാണത്തിന് സഹായകരമായ രീതിയില്‍ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള വലിയൊരു പദ്ധതിയുടെ പണിപ്പുരയിലായിരുന്നു അവരെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button