India

ഉറി ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍

ന്യൂഡല്‍ഹി : ഉറി ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍. ഉറിയിലെ സൈനികക്യാമ്പിന് നേരെ ഉണ്ടായ ആക്രമണം കശ്മീരിലെ മുസ്ലീം സിഖ് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ഇന്ത്യ നടപ്പാക്കിയ നാടകമാണെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താനിലെ പ്രമുഖ ദിനപത്രമായ ദ ന്യൂസ് ഇന്റര്‍നാഷണലാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമാണ് ഉറി ആക്രമണത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

സെപ്തംബര്‍ 17 ന് റഷ്യന്‍ സന്ദര്‍ശനത്തിന് തീരുമാനിച്ചിരുന്ന രാജ്‌നാഥ് സിംഗ് ഉറി ആക്രമണത്തിന് തലേന്ന് യാത്ര റദ്ദാക്കിയത് ഇതിന് തെളിവാണെന്നും പാക് പത്രം ആരോപിക്കുന്നു. ഇന്ത്യയെ രക്തദാഹിയായ രാഷ്ട്രമെന്നാണ് മറ്റൊരു പത്രമായ ഡോണ്‍ വിശേഷിപ്പിക്കുന്നത്. കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന മുസ്ലീങ്ങളുടെ ആവശ്യത്തെ സിഖ് സമുദായം പിന്തുണയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇരു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുക ലക്ഷ്യമിട്ടാണ് ഇന്ത്യ സൈനിക ക്യാമ്പ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പാക് സുരക്ഷാസേനയെ ഉദ്ധരിച്ച് ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിര്‍ത്തിയില്‍ അതീവസുരക്ഷാമേഖലയിലുള്ള സൈനികക്യാമ്പിലേക്ക് ഭീകരര്‍ക്ക് ഇത്ര നിഷ്പ്രയാസം കടന്നുകയറാനാകില്ല. മറ്റുപല ലക്ഷ്യങ്ങളും ആക്രമണത്തിന് പിന്നിലുണ്ടെന്നും ദ ന്യൂസ് ഇന്റര്‍നാഷണല്‍ ആരോപിക്കുന്നു. മുസ്ലീംസിഖ് വിദ്വേഷത്തിനു പുറമെ, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ആഗോള ശ്രദ്ധ തിരിച്ചുവിടുക, മേഖലയില്‍ ഭീകരവാദം സൃഷ്ടിക്കുന്നുവെന്ന മോശമായ പ്രതിച്ഛായ പാകിസ്താന് മേല്‍ ചാര്‍ത്താനും ആക്രമണം ലക്ഷ്യമിടുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button