Uncategorized

വിവാദ കവിതയെ കുറിച്ച് നിലപാട് വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്

കൈരളി ചാനലില്‍ താന്‍ അവതരിപ്പിക്കുന്ന ജെബി ജംക്ഷനില്‍ സാം മാത്യു എന്ന വിദ്യാര്‍ത്ഥി അവതരിപ്പിച്ച വിവാദ കവിതയോട് യോജിപ്പില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണം. അവതാരകന്‍ എന്ന നിലയില്‍ ആലാപനത്തിന് മാത്രമാണ് പ്രോല്‍സാഹനം നല്‍കിയത് എന്നും ബ്രിട്ടാസ് പറയുന്നു. ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

“ജെ. ബി. ജംഗ്ഷനിൽ ‘സഖാവ്’ കവിതയെ മുൻനിർത്തി നവമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച ശ്രദ്ധയിൽപ്പെട്ടു. പരിപാടിയിൽ അതിഥിയായി പങ്കെടുത്ത സാം മാത്യുവിന്റെ ഒരു കവിത സ്ത്രീവിരുദ്ധമാണെന്ന നിലപാടുകളാണ് ചർച്ചക്ക് ആധാരം. പ്രസ്തുത കവിതയുടെ ഉള്ളടക്കത്തോട് എനിക്ക് തികഞ്ഞ വിയോജിപ്പാണ് ഉള്ളതെന്ന് ആമുഖമായി പറയട്ടെ.
കാൽനൂറ്റാണ്ട് പിന്നിട്ട മാധ്യമപ്രവർത്തനത്തിൽ സ്ത്രീപക്ഷ നിലപാടുകളാണ് എക്കാലത്തും ഞാൻ സ്വീകരിച്ചിട്ടുള്ളത്. ഗുജറാത്ത് കലാപമാണെങ്കിലും ഇറാക്ക് യുദ്ധമാണെങ്കിലും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ച് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കുന്നത് എന്റെ പ്രതിബദ്ധതയുടെയും സാമൂഹ്യ വീക്ഷണത്തിന്റെയും ഭാഗമായിട്ടാണ് കണ്ടിരുന്നത്. അതിന് അണുവിട മാറ്റം ഇതേവരെ സംഭവിച്ചിട്ടില്ല. സ്ത്രീകൾക്കെതിരെയുളള വാക്കും പ്രവൃത്തിയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്.

നവമാധ്യമ ചർച്ചയിൽ പങ്കെടുത്ത ചിലർ, എന്റെ രാഷ്ര്ടീയ നിലപാടുകൾകൊണ്ട്, എന്തിനും എപ്പോഴും എന്നെ വിമർശിക്കുന്നവരാണ്. അവരത് അനസ്യൂതം തുടരട്ടെ, ആശംസകൾ നേരുന്നു. എന്നാൽ എന്നെയും എന്റെ പ്രവൃത്തിയെയും ക്രിയാത്മകമായി നോക്കിക്കാണുന്ന ഒരുപാടു പേരുണ്ട്. അവരുടെ വിമർശനങ്ങളെ എക്കാലത്തും ഞാൻ മുഖവിലക്ക് എടുക്കാറുണ്ട്. ഇവർക്കുവേണ്ടിയാണ് ഈ കുറിപ്പ്.ജെ.ബി. ജംഗ്ഷനിൽ പലതരത്തിലുള്ള അതിഥികൾ വരാറുണ്ട്. അവരിൽ പലരും എന്നെയും എന്റെ ആശയഗതികളെയും എതിർക്കുന്നവരാണെങ്കിൽപ്പോലും ഏവർക്കും ഒരു സ്‌പേസ് നൽകുക എന്നുള്ളതാണ് രീതി.

എനിക്ക് ഹിതകരമല്ലാത്തതുകൊണ്ട് അവർ പറയുന്നത് മുറിച്ചു മാറ്റാറുമില്ല. ക്യാമ്പസുകളിൽ നഷ്ടപ്പെടുന്ന സർഗാത്മകതയുടെ സൗരഭ്യം തിരിച്ചുപിടിക്കാൻ സഖാവ് പോലുള്ള കവിതകൾ സൃഷ്ടിക്കുന്ന അനുരണനങ്ങളും അനുഭൂതിയും സഹായിക്കുമെന്ന് കരുതുന്നവർ നിരവധിയാണ്. ഈ പക്ഷത്തു നിന്നുകൊണ്ടാണ്, സാധാരണ ഗതിയിൽ ഒരു ടി.വി ഷോയിൽ വരാനിടയില്ലാത്ത മൂന്നു വിദ്യാർത്ഥികളെ ജെ.ബി. ജംഗ്ഷനിൽ അതിഥികളായി കൊണ്ടുവന്നത്. സഖാവ് സ്ത്രീഭാവനയുടെ രീതിയിലുള്ള കവിതയാണെന്നിരിക്കേ അത് സാം തന്നെയാണോ എഴുതിയത് എന്ന ചോദ്യത്തോട് പ്രതികരിച്ച് ഞാൻ മറ്റു ചില സ്ത്രീപക്ഷ കവിതകൾ എഴുതിയിട്ടുണ്ട്’ എന്നു പറഞ്ഞാണ് ആ ചെറുപ്പക്കാരൻ വിവാദ കവിത ആലപിച്ചത്. ആലാപനത്തിനുള്ള സാധാരണ പ്രോത്സാഹനം മാത്രമാണ് നൽകിയത്.

ഉള്ളടക്കത്തിനുള്ള പ്രോത്സാഹനമാണെന്ന വാദം ശരിയല്ല. ഒരു ഷോയുടെ എഡിറ്റിംഗിലും മറ്റും സംഭവിക്കുന്ന കാര്യങ്ങൾകൊണ്ട് അങ്ങിനെ ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടേക്കാം. ഷോയുടെ അവതാരകൻ മാത്രമാണ് ഞാൻ. ഒരിക്കലും എഡിറ്റിംഗിൽ ഇടപെടാറില്ല. എന്നാൽ അത്തരം ഒരു കവിത ചൊല്ലിയ സാമിനെ അവിടെവെച്ച് കുത്തിമലർത്തണമെന്ന രീതിയിലുള്ള പ്രതികരണങ്ങളോട് ഞാൻ യോജിക്കുന്നില്ല.
സാം എന്ന കവിയേയും അയാളുടെ കവിതയേയും വിലയിരുത്തേണ്ടത് ആസ്വാദന ക്ഷമതയുള്ള പ്രേക്ഷകരാണ്. അവർ വിധിയെഴുതട്ടെ. ഒരു തരത്തിലുള്ള സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമല്ല എന്റേതെന്ന് അടിവരയിട്ടുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. ജെ.ബി. ജംഗ്ഷന്റെ സ്വഭാവത്തെക്കുറിച്ചും അവതരണരീതിയെയും കുറിച്ചുള്ള പരാമർശങ്ങളോട് പ്രതികരിക്കുന്നതിൽ അർത്ഥമില്ല. ഒരു വിനോദ പരിപാടി മാത്രമാണ് ജെ.ബി. ജംഗ്ഷൻ. അതിൽ നർമ്മവും തമാശയും ചെറിയ വർത്തമാനവും ഒക്കെയുണ്ട്. എന്തെങ്കിലും ഗൗരവമായ വിഷയം അപഗ്രഥിക്കാനുള്ള വേദിയല്ല അത്. അങ്ങിനെ ഒരു അവകാശവാദം ഉന്നയിച്ചിട്ടുമില്ല.

സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ഈ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതരേഖയിലൂടെയാണ് ആ പരിപാടി കടന്നുപോകുന്നത്. അവരുമായി ബന്ധപ്പെട്ട വിവാദങ്ങളോ അവരുടെ ജീവിതമുഹൂർത്തങ്ങളോ പരാമർശിക്കുക സ്വാഭാവികമാണ്. രണ്ടാഴ്ച മുൻപ് ശ്രീ. അടൂർ ഗോപാലകൃഷ്ണനായിരുന്നു ഞങ്ങളുടെ അതിഥി. അദ്ദേഹത്തിനു നൽകേണ്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളെ പരാമർശിച്ചുകൊണ്ടാണ് പരിപാടി മുന്നോട്ടുപോയത്. വളരെ സന്തുഷ്ടനായാണ് അദ്ദേഹം സ്റ്റുഡിയോയിൽനിന്ന് പിരിഞ്ഞത്. ജെ.ബി. ജംഗ്ഷനിൽനിന്ന് ഇന്നേവരെ ഒരു അതിഥിയും നീരസത്തോടെയോ വിമ്മിഷ്ടത്തോടെയോ മടങ്ങിയിട്ടില്ലെന്ന് ആർജ്ജവത്തോടെ പറയട്ടെ. അവർക്കൊന്നുമില്ലാത്ത വിമ്മിഷ്ടം ചിലരുടെ മനസിൽ മാത്രം പൊട്ടിമുളക്കുന്നതിന്റെ യുക്തി മനസ്‌സിലാകാറുമില്ല. ഒരുപക്ഷേ ഈ പരിപാടിയുടെ സ്വഭാവമെന്താണെന്ന് മനസിലാക്കാതെയുള്ള ഏകപക്ഷീയമായ വിലയിരുത്തലാകാമത്.

ഒരു വിനോദ പരിപാടിയുടെ അവതാരകനെന്ന രീതിയിലാണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ഞാനെന്ന വ്യക്തിയുമായി ചിലപ്പോൾ ബന്ധംതന്നെ ഉണ്ടാവണമെന്നില്ല. അവിടെ ഉയരുന്ന ചോദ്യങ്ങളൊന്നും എന്റെ സ്വന്തമല്ല. ആരുടെയെങ്കിലും മനസിൽ ഉയരുന്ന ചോദ്യമാണ്. തനിക്ക് ഇഷ്ടപ്പെടാത്ത ഒരു ചോദ്യം മറ്റൊരു പ്രേക്ഷകന് ഹിതകരമാണെന്ന സത്യം പലരും മറക്കുന്നു. ജനാധിപത്യത്തിനും സഹിഷ്ണുതക്കും വേണ്ടി പോരാടുന്നവർ തന്നെയാണ് ഇത്തരത്തിലുള്ള സങ്കുചിത ചിന്തകൾ വച്ചുപുലർത്തുന്നത്. ജെ.ബി. ജംഗ്ഷൻ സഖാവ് എപ്പിസോഡിലെ ചില കാര്യങ്ങളെ മാത്രം അടർത്തിയെടുത്തു വിവാദമാക്കിയ സ്ഥിതിക്ക് അവയോട് വിടപറഞ്ഞ് എന്തിനുവേണ്ടിയാണോ ആ ഷോ ചെയ്തത് അതിൽ അടിവരയിടാൻ ഞങ്ങൾ സംക്ഷിപ്ത രൂപത്തിൽ ആ എപ്പിസോഡ് സെപ്റ്റംബർ 25 ഞായറാഴ്ച വീണ്ടും പ്രക്ഷേപണം ചെയ്യും.”

shortlink

Related Articles

Post Your Comments

Related Articles


Back to top button