IndiaNews

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് സൂചന; ആശുപത്രി പരിസരത്ത് തടിച്ചു കൂടിയിരിക്കുന്നത് ആയിരങ്ങള്‍;

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോഴും അഭ്യൂഹങ്ങള്‍ക്ക് അവസാനമില്ല. ജയയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കരുതലെന്ന നിലയ്ക്ക് ചെന്നൈയിലും തമിഴ്‌നാട്ടിലെ മറ്റ് പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് സേനയെ ചെന്നൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയ്ക്ക് പുറമെ കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവടങ്ങളിലും അതീവ ജാഗ്രതയാണ് പോലീസ് പുലര്‍ത്തുന്നത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ജയ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പനിയും നിര്‍ജലീകരണത്തെയും തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുമ്പോഴും ഇതിനെ കുറിച്ചുള്ള ആശങ്ക പരിഹരിക്കുന്ന വിധത്തിലുള്ള നീക്കങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതിനിടെ ജയലളിതയുടെ ആരോഗ്യസ്ഥിതി എന്താണെന്ന വ്യക്തമായ വിവരം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ രാഷ്ട്രപതിയെ സമീപിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകനായ രോഹന്‍ എസ്. ബെല്‍ ആണ് രാഷ്ട്രപതിക്ക് കത്ത് എഴുതിയത്. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സംസ്ഥാന ഗവര്‍ണറില്‍ നിന്ന് രാഷ്ട്രപതി റിപ്പോര്‍ട്ട് തേടണമെന്നും അഡ്വ. രോഹന്‍ ആവശ്യപ്പെട്ടു. ജയലളിതയെ ചികില്‍സിക്കാന്‍ ലണ്ടനില്‍നിന്നു വിദഗ്ധ ഡോക്ടര്‍ എത്തിയിട്ടുണ്ട്. ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ റിച്ചാര്‍ഡ് ജോണ്‍ ബെലെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയത്. ശ്വസനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന തകരാറുകളെ കുറിച്ചു ഗവേഷണം നടത്തുന്നയാളാണ് ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ.

ഇന്നലെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തു വിട്ടിട്ടില്ല. അതിനിടെ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ചെന്നൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മൂന്നായി. ഫേസ്ബുക് പോസ്റ്റിലൂടെ അഭ്യൂഹം പ്രചരിപ്പിച്ച തമിഴച്ചി എന്ന യുവതിക്കെതിരെ കഴിഞ്ഞ ദിവസം തന്നെ കേസെടുത്തിരുന്നു. ഫ്രാന്‍സിലുള്ള ഇവരുടെ അക്കൗണ്ട് നീക്കം ചെയ്യാന്‍ ഫേസ്ബുക് അധികൃതരോടു പൊലീസ് നിര്‍ദേശിച്ചു.സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണു കേസുകളില്‍ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button