Kerala

സിപിഎം നിലപാട് പ്രാകൃതമാണെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം നിലപാട് പ്രാകൃതമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച ഇഎംഎസിനെ പോലും തള്ളിപ്പറയുന്ന നിലപാട് സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്നത് ഇത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗ്ഗീയ കക്ഷികളുമായുണ്ടാക്കിയ ചങ്ങാത്തം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നതെന്ന് കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പുരോഗമനം ആഗ്രഹിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നിലപാടല്ല സിപിഎം സ്വീകരിക്കുന്നത്. മുത്തലാക്കിനെയും ഏകീകൃത സിവില്‍ കോഡിനേയും ഒരു പോലെ എതിര്‍ക്കുന്ന സിപിഎം നിലപാട് ഇരട്ടത്താപ്പാണ്. എല്ലാ മതങ്ങളിലുമുള്ള പുരുഷാധിപത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അതിനു പകരം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് മുസ്ലീം സമുദായത്തിന് എതിരാണെന്ന് സിപിഎം പ്രചരിപ്പിക്കുന്നത് സാമുദായിക ധ്രൂവീകരണത്തിന് ആക്കം കൂട്ടാനാണ്.

ന്യൂനപക്ഷ പ്രീണനത്തിനായി ഇരു മുന്നണികളും കേരളത്തില്‍ മത്സരിക്കുകയാണ്. അതു കൊണ്ടാണ് പീസ് സ്‌കൂളിനെതിരായ എന്‍ഐഎയുടെ അന്വേഷണത്തെ എതിര്‍ക്കുന്നത്. തീവ്രവാദം പഠിപ്പിക്കുന്നതല്ല കുറ്റം അതേപ്പറ്റി അന്വേഷിക്കുന്നതാണ് കുറ്റം എന്ന വിചിത്ര ന്യായമാണ് മുസ്ലീം ലീഗിന്റേത്. കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുഡിഎഫ് പീസ് സ്‌കൂളിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. മുസ്ലീം വോട്ടിനു വേണ്ടി മുന്നണികള്‍ കടിപിടി കൂടുകയാണ്. എന്‍ഐഎ കേസിനെ കോടതിയില്‍ നേരിടേണ്ടതിനു പകരം സംഘടിത ശക്തി കൊണ്ട് കേസ് അട്ടിമറിക്കാനുള്ള ശ്രമം അപകരമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button