IndiaNews

മുലായംസിംഗ് യാദവിന്റെ കൂടാരം വെന്തെരിയുന്നു; പ്രതിപക്ഷ ഐക്യ പ്രതീക്ഷകള്‍ തകര്‍ന്നടിയുമ്പോള്‍ ബി.ജെ.പിക്ക് ഗുണകരമോ?

കെവിഎസ് ഹരിദാസ്

സമാജ്‍വാദി പാർട്ടി തമ്മിലടിച്ചു നശിക്കുകയാണ്. നേതാക്കൾ പരസ്യമായി ഏറ്റുമുട്ടുന്നു. പരസ്പരം ഓരോ നേതാക്കൾ ഓരോരുത്തരെ പുറത്താക്കുന്നു. എല്ലാംകൂടി രസകരം തന്നെ. ഒറ്റ മുണ്ടുടുത്ത് രാജ്യത്തിനും രാജ്യത്തെ പിന്നാക്ക അധസ്ഥിത വർഗക്കാർക്കും വേണ്ടി പടപൊരുതിയ രാം മനോഹർ ലോഹ്യയുടെ പിന്തുടർച്ചാവകാശികളായി രംഗത്തുവന്നവർ ഇന്ന് കുടുംബത്തിൽ ആധിപത്യത്തിനായി പരസ്യമായി തമ്മിലടിക്കുന്നു. സോഷ്യലിസ്റ്റ് ചരിത്രം ഇത്രമാത്രം അധഃപതിച്ചുവോ എന്ന് ബോധ്യമാവാൻ ലക്‌നൗ വരെ പോയാൽ മതി; മുലായം സിങ് യാദവ് എന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷന്റെ വസതിവരെ. ഉത്തർപ്രദേശിലെ ഭരണകക്ഷിയാണ് സമാജ്‌വാദി പാർട്ടി. അവിടെ തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രം ബാക്കി. അതിനിടയിലാണ് തമ്മിലടിച്ചുകൊണ്ട് ‘യാദവകുലം’ തകർന്നടിയുന്നത് ലോകം കാണുന്നത്. ഒരു പാർട്ടിയെന്നാൽ ഒരു നേതാവ് എന്നതൊക്കെ കഴിഞ്ഞ് ഒരു പാർട്ടിയെന്നാൽ ഒരു കുടുംബമെന്ന സ്ഥിയിലെത്തുമ്പോഴത്തെ അവസ്ഥയാണ് ………. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയായി മാറിയിരുന്ന സമാജ്‌വാദി പാർട്ടിയുടെ നേതൃത്വമെന്നത് മുലയാമിന്റെ രണ്ടു ഭാര്യമാരും അവരുടെ മക്കളും ജ്യേഷ്ഠാനുജന്മാരുമൊക്കെയാണ് എന്നത്‌ രാജ്യമെമ്പാടുമറിഞ്ഞതും ഇതോടെയാണ് എന്ന് പറയാമെന്നു തോന്നുന്നു. അവർക്കാണ് അവിടെ ആധിപത്യമെന്ന് വ്യക്തമായിരുന്നുവെങ്കിലും അവരെയുള്ളൂ ആ കക്ഷിയുടെ തലപ്പത്ത്‌ എന്ന് ജനങ്ങൾക്ക്‌ തിരിച്ചറിവുണ്ടായത് ഇപ്പോഴാവും. ഈ തമ്മിലടിയുടെ അനന്തരഫലമെന്താവും എന്നതാണ് ഇനി കാണേണ്ടത്. അതിന്‌ യുപി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടിവരുമെങ്കിലും അതിനുമുൻപ്‌ തന്നെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാവും. ശ്രദ്ധിക്കേണ്ടുന്ന മറ്റൊന്ന്, ബിജെപിയെ തകർക്കാനായി എല്ലാവരെയും ഒന്നിച്ചുകൂടി തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ തുടങ്ങിയ പ്രതിപക്ഷത്തിന്റെ അവസ്ഥയാണ്. ഇനിയെന്ത് എന്ന് ആലോചിച്ചു നട്ടം തിരിയുകയാണവർ. ബിജെപി വിരുദ്ധ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടി എന്നനിലക്കുകൂടി ഈ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക്‌ പ്രസക്തിയും പ്രാധാന്യവുമുണ്ട്.

ഏതാണ്ട്മൂന്ന് മാസം മുൻപാണ് എസ്‌പിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരസ്യമായതെന്നു എന്ന് പറയാമെന്നു തോന്നുന്നു . “വേണമെങ്കിൽ രാജിവെച്ചൊഴിയാൻ തയ്യാറാണ് ” എന്ന് തുറന്നു പറയാൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ ആഗസ്തിലാണല്ലോ. അത് പാർട്ടിക്കുള്ളിലെ അസ്വസ്ഥത ഒരു ഘട്ടം പിന്നിട്ടതിന്റെയും മറ്റൊരു ഘട്ടത്തിന്റെ ആരംഭത്തിന്റെയും സൂചനയായിരുന്നു. സ്വന്തം മകനെ മുഖ്യമന്ത്രിയാക്കിയത് അബദ്ധമായി എന്ന് മുൻപുതന്നെ മുലായം സിങ് യാദവ് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട് എന്നത് മറന്നുകൂടാ. അതുകൊണ്ടാണ് യുപിയിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇത്രമാത്രം സീറ്റ് തന്റെ കക്ഷിക്ക്‌ കുറഞ്ഞുപോയതെന്ന് വിശ്വസിക്കുന്നയാളാണ് അദ്ദേഹം. അതല്ലെങ്കിൽ 40 ലോകസഭംഗങ്ങളെ എങ്കിലും നേടാൻ കഴിയുമായിരുന്നുവെന്നും കേന്ദ്രത്തിൽ പ്രധാനമന്ത്രി പദം പോലും കൈപ്പിടിയിലെത്തുമായിരുന്നു എന്നും വിചാരിക്കുന്നയാളാണ് പരിണിതപ്രജ്ഞനായ ആ നേതാവ്. പക്ഷെ എല്ലാം കൈവിട്ടുപോയി. അതിനിടെ അധികാരമില്ലാത്ത സ്ഥിതി ഒഴിവാക്കാനായി തിരികെ യുപി മുഖ്യമന്ത്രിയായാലോ എന്നും ചിന്തിച്ചിരുന്നിരിക്കണം. സ്വന്തം മകനെ മാറ്റിനിർത്തിക്കൊണ്ട് അവിടേക്കു കയറിവരാൻ ആലോചന നടന്നിരുന്നു എന്നത് പരസ്യമാണ് താനും. അതൊക്കെ നടന്നില്ല എന്നുമാത്രം.

ഇന്നലെ (തിങ്കൾ) ലൿനൗവിൽ നടന്ന സമാജ്‌വാദി പാർട്ടി നേതാക്കളുടെ യോഗത്തിലുണ്ടായ സംഭവവികാസങ്ങൾ, സംഘർഷം …………… അത്യത്ഭുതം ഉളവാക്കുന്നതായിരുന്നു. എന്തെല്ലാമാണ് അവിടെ നടന്നത്.? മുഖ്യമന്ത്രി അഖിലേഷ് യാദവ് മൈക്കിന് മുന്നിലെത്തി ഒരു കാര്യം പറയാൻ ശ്രമിക്കുന്നു. അതോടെ സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ ഓടിവന്നു മൈക്ക് തട്ടിപ്പറിച്ചുകൊണ്ട് ” മുഖ്യമന്ത്രി ജനങ്ങളോട് കള്ളം പറയുന്നു” എന്ന് തുറന്നടിക്കുന്നു. ഇതൊക്കെ കണ്ടുകൊണ്ട് 78 -ലേക്ക് കടക്കാറായ മുലായം സിങ് യാദവ് നിർവികാരനായി, അല്ലെങ്കിൽ ഒന്നും ചെയ്യാനാവാതെ വേദിയിലിരിക്കുന്നു …….. അമർ സിങ് അറംഗസീബിനോട് തന്നെ ഉപമിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ അമർ സിങ്ങിനെ എനിക്ക് തള്ളിപ്പറയാൻ കഴിയില്ല എന്നും സിബിഐ കേസുകൾ വന്നപ്പോൾ തന്നെ സഹായിച്ചതും രക്ഷിച്ചതും അമർ സിങ്ങാണ് എന്നും മുലായം സിങ് തുറന്നുപറയുന്നു. അതിനിടെ മറ്റൊരു കൂട്ടർ “നുണയൻ, വഞ്ചകൻ” എന്നിങ്ങനെയൊക്കെ മുഖ്യമന്ത്രിക്കെതിരെ വിളിച്ചുപറയുന്നു. ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതികേട് ; രാം മനോഹർ ലോഹ്യ ഇതുകണ്ടാൽ ആത്മഹത്യ ചെയ്യുമായിരുന്നു, തീർച്ച.

ഇത്തരം തർക്കങ്ങളും മറ്റും സോഷ്യലിസ്റ്റുകൾക്കിടയിൽ പതിവുള്ളതാണ്. എത്രയോ തവണ അത് നമ്മൾ കണ്ടിരിക്കുന്നു. ഏതെങ്കിലും കാലത്തു സോഷ്യലിസ്റ്റുകൾ ഒറ്റക്കൊടിക്കീഴിൽ അണിനിരന്നിട്ടുണ്ടോ?. ജോർജ് ഫെർണാണ്ടസ്, മധുലിമായേ, രാജ് നാരായൺ തുടങ്ങിയവരുടെ ചരിത്രം നമ്മുടെയൊക്കെ മുന്നിലുണ്ട്. കേരളത്തിൽ പോലുമവർ ഒരിക്കലും ഒന്നിച്ചുനിന്നിട്ടില്ല. പിന്നെ തമ്മിലടിയും കാലുവാരലുമൊക്കെ….. അതുമവരുടെ പതിവാണ് എന്നതും ചരിത്രം കാണിച്ചുതരും. രാജ്‌നാരായണൻ ചൗധരി ചരൺ സിങ്ങുമായി ചേർന്ന് ജനത സർക്കാരിന്റെ കാലത്തുനടത്തിയ ഇടപാടുകൾ ആർക്കാണ് മറക്കാനാവുക. അതൊക്കെ ഇവിടെ കുറിക്കാനാവില്ല; അനവധി സംഭവങ്ങളുണ്ടല്ലോ.

എന്താണ് പുതിയ സംഭവവികാസങ്ങളുടെ യഥാർഥ കാരണം?. മുലായമിന് രണ്ടു ഭാര്യമാരുണ്ട്. ഒന്നാമത്തേത് മാലതിദേവി. അതിലെ പുത്രനാണ് ഇന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ്. രണ്ടാമത്തെ പത്നിയാണ് സാധന ഗുപ്ത. ഈ രണ്ടു പത്നിമാരും, സത്യം പറയണമല്ലോ, ഇതുവരെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിട്ടില്ല. ബീഹാറിലെ ലാലു യാദവിന്റെ ചരിത്രമല്ല ഇവർക്ക് എന്നര്‍ത്ഥം. ആദ്യ ഭാര്യയുടെ മകൻ മുഖ്യമന്ത്രിയായി; അയാളുടെ പത്നി ഡിംപിൾ യാദവ് ലോകസഭംഗമാണ്. എന്നാൽ രണ്ടാമത്തെ ഭാര്യയുടെ മകന് ഒന്നും കിട്ടിയിട്ടില്ല. അയാൾക്ക്‌ , പ്രതീക് യാദവിന്‌, സ്വപ്നങ്ങളില്ലാതെ വരുമോ; മകനില്ലെങ്കിലും അമ്മക്ക് അത് കാണാതിരിക്കുമോ?. രണ്ടാമത്തെ ഭാര്യയിലെ പുത്രന്റെ പത്നിക്കും വലിയ മോഹങ്ങളുണ്ടത്രേ. അപർണ യാദവ് എന്നാണ് ആ യുവതിയുടെ പേര്. അതുകൊണ്ടു ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ തന്റെ മകനെയും മകളെയും സ്ഥാനാർഥികളാക്കണം എന്നതാണ് രണ്ടാം ഭാര്യ മുലായം സിങ്ങിന് നൽകിയിട്ടുള്ള അന്ത്യശാസനം. അത് പരസ്യമായി; അതോടെ തുടങ്ങി പ്രശ്നങ്ങൾ.

രണ്ടാം ഭാര്യയിലെ മകൻ വേണോ ആദ്യ ഭാര്യയിലെ മകൻ വേണോ എന്നതാണ് ഇന്നത്തെ പ്രധാന വിഷയം. അവരിരുവരും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി കസേരയും. രണ്ടുഭാര്യമാരോടും ഒന്നും മറുത്തു പറയാൻ കഴിയാത്ത നിലയിലാണ് മുലായം; സ്വാഭാവികമാണത്. ഒന്നിലേറെ പത്നിമാരുണ്ടായാലത്തെ ഓരോരോ പ്രശ്നങ്ങൾ. തമിഴ് നാട്ടിൽ ഡിഎംകെ നേതാവ് എം കരുണാനിധിക്കും ഇതുപോലെ രണ്ടു ഭാര്യമാരുണ്ട്. രണ്ടുപേരും ഒരേ വസതിയിൽ കരുണാനിധിക്കൊപ്പം താമസം. അവിടത്തെ സന്ദർശകരെ തീരുമാനിക്കുന്നത് അവരാണത്രെ. ഭാര്യമാർ പറയുന്നവരെ മാത്രമേ ഇന്നും കരുണാനിധി കാണൂ എന്നാണ് കേൾക്കുന്നത്.

സമാജ്‍വാദിയിലെ പ്രശ്നങ്ങൾ വളർത്താനും പ്രചരിപ്പിക്കാനും പാർട്ടിയിൽ തന്നെ അനവധി കക്ഷികളുണ്ട്. മുലയാമിന്റെ പിതൃ സഹോദരന്റെ പുത്രനും പാർട്ടി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ രാം ഗോപാൽ യാദവാണ് അതിലെ ഒരു പ്രതി. മുഖ്യമന്ത്രിക്കൊപ്പം ചേർന്നുനിൽക്കുന്ന അദ്ദേഹം പക്ഷെ മുലായമിന് ഒരിക്കലും എതിരായിരുന്നില്ല. മാത്രമല്ല, പല പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിയെ നയിക്കാൻ മുലായമിനൊപ്പം രാംഗോപാലും മുൻ നിരയിൽ ഉണ്ടായിരുന്നു. ഒരു പക്ഷെ, മുലായം നിർദ്ദേശിച്ചതനുസരിച്ചാവണം അദ്ദേഹം അഖിലേഷിന്റെ ഉപദേഷ്ടാവായി മാറിയത്. പക്ഷെ ഇന്നിപ്പോൾ മുലയാമിന്റെ സഹോദരന്റെ മകനും സംസ്ഥാന പാർട്ടി അധ്യക്ഷനുമായ ശിവപാൽ യാദവ് അതൊന്നും സമ്മതിക്കാൻ തയ്യാറല്ല. അക്ഷരാർഥത്തിൽ മുലയാമിന്റെ കുടുംബയോഗം വിളിച്ചാൽ തീരാവുന്ന ഒരു പ്രശ്നമേ അവിടെയുള്ളൂ. കാരണം പാർട്ടി എംപിമാരിൽ ഒട്ടെല്ലാവരും അവിടെനിന്നുള്ളവർ. പാർട്ടിയുടെ പ്രമുഖ നേതാക്കളിൽ ബഹുഭൂരിപക്ഷവും അവർ തന്നെ. എന്നിട്ടാണ് പ്രശ്നങ്ങൾ വളർന്നു വളർന്നു നാടിനും നാട്ടാർക്കും തലവേദനയായി മാറിയത്.

അതൊന്നുമല്ല ഈ കലാപത്തിന്റെ രാഷ്ട്രീയ പ്രാധാന്യം. യു.പിയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അതെങ്ങിനെ ബാധിക്കും എന്നതാണത്. യു.പി വെറുമൊരു സംസ്ഥാനമല്ലല്ലോ. അവിടത്തെ ജയപരാജയങ്ങൾക്ക്‌ ദേശീയതലത്തിൽ വലിയ പ്രാധാന്യമുണ്ട്. ബിജെപിക്ക് അവിടെ ജയിച്ചേ തീരൂ. അതാണ് അവരുടെ സ്ഥിതി. ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം അവർക്കവിടെ കിട്ടി. ഇത്തവണ ബീഹാറിലേതുപോലെ ഒരു ബിജെപിവിരുദ്ധ മുന്നണിക്കുള്ള സാധ്യത പോലും നരേന്ദ്ര മോദിയും അമിത് ഷായും കാണുന്നതിന് ഇടയിലാണ് ഇതൊക്കെ നടക്കുന്നത്. ഇനി ഏതായാലും അത്തരമൊരു രാഷ്ട്രീയ സഖ്യത്തിനുള്ള സാധ്യത തുലോം കുറവാണ് . മാത്രമല്ല, ബിഎസ്‌പി പൊതുവെ ആദ്യമേ മുതൽ മോശമായ അവസ്ഥയിലാണ്. അനവധി എംഎൽഎമാർ ആ കക്ഷിയിൽ നിന്ന് രാജിവെച്ചു ബിജെപിയിൽ ചേർന്നത് മറന്നുകൂടാ. കോൺഗ്രസ് ആവട്ടെ എവിടെയുമെത്താത്ത സ്ഥിതിയിലാണ്. രാഹുൽ ഗാന്ധി ഒരുമാസത്തിലേറെ അവിടെ പര്യടനം നടത്തിയിട്ട്‌ ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല റീത്ത ബഹുഗുണയെപ്പോലുള്ള പ്രമുഖർ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരുകയും ചെയ്തിരിക്കുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവിടെ പ്രതീക്ഷക്കു ഒരു വകയുമില്ല എന്നത് അതിലൂടെയൊക്കെ വ്യക്തമായതാണ്. ഏറ്റവുമൊടുവിൽ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി ഒരു പരീക്ഷണത്തിന് കോൺഗ്രസ് മുതിരുന്നു എന്നാണ് കേൾക്കുന്നത്. നാണമില്ലാത്ത കോൺഗ്രസുകൾ അതും അതിനപ്പുറവും ചെയ്യും. രാഹുലിനെക്കൊണ്ട് പ്രയോജനമില്ലെന്നും മറ്റുമുള്ള വാദഗതികൾ ലോകസഭാ തിരഞ്ഞെടുപ്പ് കാലം മുതൽ കോൺഗ്രസിലുയരുന്നുണ്ട്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര എത്രയെത്ര തട്ടിപ്പു കേസുകളിലാണ് കുടുങ്ങാൻ പോകുന്നത് എന്നത് പറയാനാവാത്ത അവസ്ഥയാണിന്ന് . യുപി തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും അതിൽ പലതും കോടതിയിലെത്തും. വാദ്രക്കൊപ്പം പ്രിയങ്ക കൂടി അതിൽ ചിലതിലെങ്കിലും പ്രതിയായില്ലെങ്കിൽ രക്ഷ എന്ന് മാത്രമേ ഇപ്പോൾ പറയാനാവൂ. അതിനര്‍ത്ഥം ഇന്നിപ്പോൾ ഈ രാഷ്ട്രീയ സംഭവവികാസങ്ങൾ ബിജെപിക്ക് അനുകൂലമാവുകയാണ് എന്നുതന്നെയാണ് , സംശയമില്ല. ഇനി മുലയമിന്റെ കക്ഷി പിളർന്നാലും ഇല്ലെങ്കിലും വലിയൊരു ശതമാനം പ്രവർത്തകർ ബിജെപിക്കൊപ്പം അണിനിരക്കുകതന്നെ ചെയ്യും. അത്രമാത്രം ആശങ്കയിലാണ് സമാജ്‍വാദി പാർട്ടി പ്രവർത്തകർ. അവരെ തങ്ങളോട് അടുപ്പിക്കാനാവശ്യമായ വിധത്തിൽ സംഘടന ചലിപ്പിക്കാൻ ബിജെപിക്ക് ഇന്നിപ്പോൾ യു. പിയിൽ എളുപ്പത്തിൽ കഴിയും. മറ്റൊന്ന്, സമാജ്‌വാദി പാർട്ടിയിൽ ഇനി എന്തെല്ലാം ഒത്തുതീർപ്പുണ്ടായാലും തിരഞ്ഞെടുപ്പ് ആകുന്നതോടെ പ്രശ്നങ്ങൾ ഉയർന്നുവരും, ഒന്നിന് പിറകെ ഒന്നായിട്ട്‌ . ഇത്തവണ അവർക്കു സ്ഥാനാർഥി നിർണ്ണയം ഒരു വലിയ തലവേദന തന്നെയായിത്തീരും. രണ്ട്‌ ഭാര്യമാരുടെയും അളിയന്മാരുടെയും സമ്മർദ്ദങ്ങളെ അതിജീവിക്കാൻ മുലായം സിംഗിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവില്ല എന്നര്‍ത്ഥം.

Tags

Related Articles

Post Your Comments


Back to top button
Close
Close