Kerala

അയ്യനു രഥമൊരുക്കാന്‍ ഇനി തങ്കപ്പനാചാരി ഇല്ല

കോഴഞ്ചേരി● തങ്ക അങ്കി രഥഘോഷയാത്രയ്ക്കുള്ള രഥമൊരുക്കാന്‍ ഇനി തങ്കപ്പനാചാരി (71) ഇല്ല. ശബരിമല ധര്‍മ്മശാസ്താവിന് മണ്ഡലപൂജാവേളയില്‍ ചാര്‍ത്തുന്ന തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥത്തിന്റെ ശില്‍പിയും സാരഥിയുമായ തങ്കപ്പനാചാരി ഇനി ദീപ്തമായ ഓര്‍മ. നാല് പതിറ്റാണ്ടായി ഒരു നിയോഗമായി തങ്ക അങ്കി രഥഘോഷയാത്ര നയിച്ചിരുന്ന അയ്യപ്പഭക്തന്റെ വിയോഗം നാടിന് തീരാനഷ്ടമായി. കോഴഞ്ചേരി കൊല്ലീരേത്ത് എം.കെ. തങ്കപ്പനാചാരി (71 )ഇന്നലെയാണ് നിര്യാതനായത്.

കോഴഞ്ചേരിയിലെ ഡ്രൈവറായിരുന്ന തങ്കപ്പനാചാരിയാണ് കഴിഞ്ഞ 41 വര്‍ഷമായി തന്റെ സ്വന്തം ജീപ്പ് രഥമാക്കി രൂപകല്‍പ്പന ചെയ്ത് ആചാരാനുഷ്ഠാനത്തോടെ തങ്ക അങ്കി പമ്പയിലെത്തിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തമായിട്ടുണ്ടായിരുന്ന ജീപ്പ് കോട്ടയത്തെത്തിച്ച് അവിടെ നിന്നുമാണ് രഥമാക്കി മാറ്റിയിരുന്നത്. ഒരിക്കല്‍ രഥമാക്കി മാറ്റാന്‍ വേണ്ടി കൊടുത്ത ജീപ്പ് മോഷണം പോയിരുന്നു. ജീപ്പ് തിരികെ ലഭിച്ചാല്‍ തന്റെ വീട്ടില്‍ വെച്ച് തന്നെ രഥം നിര്‍മിച്ച് അതില്‍ തങ്ക അങ്കി പമ്പയിലെത്തിക്കാമെന്ന് അയ്യപ്പനോട് പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് മോഷണം പോയ ജീപ്പ് തിരികെ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന് ശേഷം മുടക്കം വരാതെ ഒരനുഷ്ഠാനമായി് തങ്കപ്പനാചാരി തങ്ക അങ്കി രഥത്തിലേറ്റി പമ്പയിലെത്തിച്ചിരുന്നത്.

മണ്ഡല തീര്‍ത്ഥാടനം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതല്‍ തങ്കപ്പനാചാരിയും കുടുംബവും വ്രതാനുഷ്ഠാനത്തോടെ രഥ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മൂന്നു മക്കളുടേയും സഹായത്തോടെയാണ് തങ്കപ്പനാചാരി തങ്കഅങ്കി രഥം തയ്യാറാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button