Kerala

കണ്ണൂരിൽ ലഹരിമാഫിയ പിടി മുറുക്കുന്നു

കണ്ണൂര്‍● ബ്രൗൺഷുഗർ ഉൾപ്പെടെയുള്ള വില കൂടിയ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിൽ തലശേരി നഗരത്തിലെ നിരവധി സ്കൂൾ– കോളജ് വിദ്യാർഥികൾ ഉള്ളതായി പോലീസ് കണ്ടെത്തി. തലശേരി മേഖലയിലെ രാഷ്ട്രീയ ക്രിമിനലുകളും വ്യാപകമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു. കഴിഞ്ഞ 20ന് 200 പായ്ക്കറ്റ് ബ്രൗൺഷുഗറുമായി അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ചാലിൽ സ്വദേശി തച്ചങ്കണ്ടി വീട്ടിൽ സജീർ (33), കൂത്തുപറമ്പിലെ ഷഫീർ (24) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണു നിരവധി സ്കൂൾ വിദ്യർഥികൾ ലഹരി ഗുളികകൾക്കു പുറമെ ബ്രൗൺഷുഗർ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. മൂന്നു ദിവസം നീണ്ടു നിന്ന ചോദ്യംചെയ്യലിൽ ലഹരി വിതരണ ശൃഖല സംബന്ധിച്ചു ഞെട്ടിക്കുന്ന വിവരങ്ങളാണു പ്രതികളിൽനിന്നു പോലീസിനു ലഭിച്ചിട്ടുള്ളത്. ദിവസവും 500 രൂപ മുടക്കി ബ്രൗൺഷുഗർ വാങ്ങുന്ന സ്കൂൾ വിദ്യാർഥികളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജില്ലാ പോലീസ് ചീഫ് സഞ്ജീവ്കുമാർ വിഭാവനം ചെയ്തിട്ടുള്ള ലഹരി മുക്‌ത കണ്ണൂർ എന്ന പരിപാടിയുടെ ഭാഗമായി തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐമാരായ സജീവ് സന്തോഷ്, രാജീവൻ,എ.കെ. വൽസൻ, എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ചീഫിന്റെ ക്രൈം സ്ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിൽ തലശേരി നഗരം കേന്ദ്രീകരിച്ച 15 പേർ കഞ്ചാവ്, ബ്രൗൺഷുഗർ, വേദനസംഹാരി ഗുളികകൾ എന്നീ ലഹരി വസ്തുക്കൾ വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പതിനഞ്ച് പേരും ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണുള്ളത്. ഇവരുടെ ഫോൺകോൾ വിവരങ്ങളിൽ നിന്നും മയക്കുമരുന്നുപയോഗിക്കുന്ന വിദ്യാർഥികളുടെ വിശദമായ വിവരങ്ങളാണു പോലീസിനു ലഭിച്ചത്. ഇതുവരെ ആയിരത്തിലേറെ ഫോൺ കോളുകൾ പോലീസ് പരിശോധിച്ചു കഴിഞ്ഞു. ഇതിൽനിന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യർഥികൾ വരെ ബ്രൗൺഷുഗറിന് അടിമകളാണെന്ന ഞെട്ടിക്കുന്ന വിവരമാണു പോലീസ് പങ്കുവയ്ക്കുന്നത്.

സെയ്ദാർപള്ളി, തിരുവങ്ങാട്, കോട്ട പരിസരം എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണു വിദ്യാർഥികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ച് വരുന്നത്. ലഹരിവില്പന സംഘത്തിൽ പെട്ടവരിൽ ചിലർ അഞ്ച് മൊബൈൽ നമ്പറുകൾ വരെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണുകളും കോൾ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് രാഷ്ട്രീയക്രിമിനൽ കേസുകളിലെ പ്രതികളും മയക്കു മരുന്ന് മാഫിയകളുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. നിലവിൽ ലഹരിക്കടിമയായിട്ടുണ്ടെന്ന വ്യക്‌തമായിട്ടുള്ള വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുന്നതോടൊപ്പം അവർ പഠിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകരെയും രഹസ്യമായി വിവരങ്ങൾ ധരിപ്പിക്കുമെന്നും പോലീസ് വ്യക്‌തമാക്കി. വിദ്യാലയങ്ങളുടെ പരിസരത്തു മഫ്ടിയിൽ പോലീസിനെ വിന്യസിച്ചു കഴിഞ്ഞു. നിലവിൽ കുട്ടികൾ ലഹരി ഉപയോഗിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡുകൾ തുടരും. സംശയമുള്ള കുട്ടികളുടെ ബാഗുകളും ഷൂസുമുൾപ്പെടെ പരിശോധിക്കാനും പിടിഎ യുടെ സഹായത്തോടെ പോലീസ് നീക്കമാരംഭിച്ചിട്ടുണ്ട്. ജില്ലയിലെ മിക്ക നഗരങ്ങളിലും മയക്കു മരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ടെന്നാണു നിലവിൽ ലഭിച്ചിട്ടുള്ള വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button