KeralaNews

ആഡംബര ടൂറിസം : അടിമുടി മാറ്റത്തിനൊരുങ്ങി വിഴിഞ്ഞം

വിഴിഞ്ഞം:ഇന്ത്യയിലെ ആദ്യത്തെ ആഡംബര വിനോദ സഞ്ചാര കപ്പല്‍ ടെര്‍മിനല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വരുന്നു. ഇതിന്റെ പ്ലാന്‍ തയ്യാറാക്കി വരുന്നതായി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ അറിയിച്ചു.
തുറമുഖ വികസനത്തിന്റെ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന ഈ ക്രൂസ് ടെര്‍മിനല്‍ കടല്‍മാര്‍ഗ്ഗമുള്ള ടൂറിസത്തില്‍ വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കും. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര ആഡംബര കപ്പലായ ക്വീന്‍ മേരി2 ഉള്‍പ്പെടെ യുള്ള വിനോദ സഞ്ചാര കപ്പലുകള്‍ക്ക് ഇവിടെ അടുക്കാന്‍ കഴിയും. യാത്രക്കാരെ കപ്പലില്‍നിന്ന് ഇറക്കുന്നതിനും കയറ്റുന്നതിനുമുളള എസ്‌കലേറ്റര്‍ സംവിധാനവും വിമാനത്താവളത്തിലെ പോലെയുള്ള അത്യാധുനിക സൗകര്യങ്ങളും ടെര്‍മിനലില്‍ ഒരുക്കും

ക്രൂസ് ടെര്‍മിനല്‍ ആയിക്കഴിഞ്ഞാല്‍ ഭാവിയില്‍ കടല്‍ മാര്‍ഗ്ഗമുളള വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയിലേക്കുള്ള ‘ഗേറ്റ് വേ ‘ (കവാടം) വിഴിഞ്ഞം ആകുമെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ പറഞ്ഞു. വിദേശ വിനോദ സഞ്ചാര കപ്പലുകള്‍ക്ക് മാത്രമായി ഇന്ത്യയില്‍ മറ്റൊരിടത്തും ക്രൂസ് ടെര്‍മിനലുകളില്ല.

വിഴിഞ്ഞം തുറമുഖത്തിന്റ ആദ്യ ഘട്ടം1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതിനാലാണ് ക്രൂസ് ടെര്‍മിനല്‍ രണ്ടാം ഘട്ടത്തിലേക്കാക്കിയത്. തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച ശേഷം അതില്‍ നിന്ന് നിര്‍മ്മാണ ചിലവിന്റെ ഏകദേശം 75 ശതമാനം വരുമാനം ലഭിച്ച്
കഴിയുമ്പോഴാകും രണ്ടാം ഘട്ടം ആരംഭിക്കുക. മൊത്തം മൂന്ന് ഘട്ടമാണ്.

ആദ്യഘട്ടത്തില്‍ തന്നെ വിനോദ സഞ്ചാര കപ്പല്‍ ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാനുളള നിര്‍ദേശം വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍)തയ്യാറാക്കിയ കരട് മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടായിരുന്നു.’എയികോം’ എന്ന കമ്പനിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. എന്നാല്‍ തുറമുഖ നിര്‍മാണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തപ്പോള്‍ അവരുടേതായ രീതിയില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും കൂടുതല്‍ സൗകര്യാര്‍ത്ഥം ക്രൂസ് ടെര്‍മിനല്‍ രണ്ടാം ഘട്ടത്തിലേക്ക് മാറ്റുകയുമായിരുന്നു.

കരിമ്പളളിക്കര ഭാഗത്തെ ബ്രേക്ക് വാട്ടറിലാണ് വിനോദ സഞ്ചാര കപ്പല്‍ ജെട്ടിയുടെ നിര്‍മ്മാണം ആലോചിക്കുന്നത്. 200 മീറ്ററിലധികം നീളത്തിലുളള ജെട്ടിയാകും ഇവിടെ നിര്‍മ്മിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button