Devotional

ഹൈന്ദവരുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ഉത്തര കാശിയുടെ വിശേഷങ്ങളിലേയ്ക്ക്

പേരു സൂചിപ്പിക്കും പോലെ വടക്കിന്റെ കാശിയാണ് ഉത്തരകാശി.ഹൈന്ദവവിശ്വാസികളുടെ പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ ‘ക്ഷേത്രങ്ങളുടെ നഗരം’.

ഉത്തരാഖണ്ഡിലെ ഈ ജില്ല 1960 ഫെബ്രുവരി 24 നാണ് നിലവില്‍ വന്നത്.സമുദ്രനിരപ്പില്‍ നിന്നും 1158 മീറ്റര്‍ ഉയരത്തിലുള്ള ഉത്തരകാശിയുടെ വടക്ക് ടിബറ്റും ഹിമാചല്‍ പ്രദേശും പടിഞ്ഞാറ് ചമോലി ജില്ലയും സ്ഥിതിചെയ്യുന്നു.ഹിമാലയസാനുക്കളിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളായ ഗംഗോത്രിയ്ക്കും യമുനോത്രിയ്ക്കും സമീപം ഗംഗയുടെ തീരത്തുളള ഉത്തരകാശിയിലേക്ക് ഋഷികേശില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്.കുറു,ഖസ,കിരാത,കുനിണ്ട,തങ്കണ,പ്രഡന്‍ജന വിഭാഗങ്ങളില്‍ പെട്ട ആദിവാസികളാണ് ഈ മേഖലയിലെ താമസക്കാര്‍.

വിശ്വനാഥക്ഷേത്രം,പോഖു ദേവതാക്ഷേത്രം,ഭൈരവക്ഷേത്രം,കുതെതി ദേവീക്ഷേത്രം,കര്‍ണ ദേവതാക്ഷേത്രം,ഗംഗോത്രീ ക്ഷേത്രം,യമുനോത്രീ ക്ഷേത്രം,ശനിക്ഷേത്രം തുടങ്ങിയവയാണ് ഉത്തരകാശിയിലെ പ്രധാന ആരാധനാലയങ്ങള്‍.

ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഉത്തരകാശിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നത്.ശിവനെ ആരാധിക്കുന്ന വിശ്വനാഥക്ഷേത്രം ഉത്തരകാശിയിലെ തീര്‍ത്ഥാടകര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. ഉത്തരകാശി ബസ്സ്റ്റാന്‍ഡില്‍ നിന്നും വെറും 300 മീറ്റര്‍ മാത്രമേ ഇവിടേക്കുള്ളൂ.ഇതുകൂടാതെ മണികര്‍ണികാഘട്ട് ആണ് ഇവിടെ തീര്‍ത്ഥാടകരുടെ മറ്റൊരു പ്രധാനകേന്ദ്രം. ജടഭരതമുനിയ്ക്ക് പശ്ചാത്താപമുണ്ടായത് ഉത്തരകാശിയാല്‍ വച്ചാണെന്നും വിശ്വാസമുണ്ട്.ഹിന്ദു മതഗ്രന്ഥമായ സ്‌കന്ദപുരാണത്തിലെ കേദാര്‍ ഖണ്ഢത്തിലും ഉത്തരകാശിയെക്കുറിച്ച് പറയുന്നുണ്ട്.

ശിവലിംഗ്,തലേസാഗര്‍,ഭഗീരഥി,കേഥാര്‍,സുദര്‍ശന തുടങ്ങി മനേഹരമായ പര്‍വ്വതനിരകളുടെ അപൂര്‍വ്വദൃശ്യങ്ങള്‍ ഉത്തരകാശിയിലെ നന്ദാവന്‍ തപോവനത്തില്‍ നിന്നും സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും.ഗംഗോത്രിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയാണ് നന്ദാവന്‍തപോവനം. സ്‌കീയിംഗിന് പേരുകേട്ട ദയര ബുഗ്യാല്‍ ആണ് ഉത്തരകാശിയില്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു താവളം.

സമുദ്രനിരപ്പില്‍ നിന്നും 3048 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശം ഉത്തരകാശി ഗംഗോത്രി റോഡിലാണുള്ളത്.സമുദ്രനിരപ്പില്‍ നിന്നും 3506 മീറ്റര്‍ ഉയരത്തിലുള്ള ഹാര്‍ കീ ഡൂണ്‍ ഉത്തരകാശിയിലെ പ്രധാന ട്രക്കിഗ് സൈറ്റുകളിലൊന്നാണ്. ട്രക്കിംഗിനായി വരുന്ന സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഇവിടെ ഗസ്റ്റ് ഹൌസുകളും ബംഗ്‌ളാവുകളുമുണ്ട്. വിശ്വനാഥക്ഷേത്രത്തിനു മുന്‍പിലുള്ള ശക്തിക്ഷേത്രമാണ് ഉത്തരകാശിയിലെ മറ്റൊരു പ്രധാന ആരാധനാലയം.6 മീറ്റര്‍ ഉയരത്തിലുള്ള ത്രിശ്ശൂലമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.സമുദ്രനിരപ്പില്‍ നിന്നും 3307 മീറ്റര്‍ ഉയരത്തിലുള്ള ഡോഡിറ്റാള്‍ തടാകമാണ് ഉത്തരകാശിയിലെ മറ്റൊരു പ്രധാന കാഴ്ച. റോഡുമാര്‍ഗ്ഗവും കാട്ടുപാതയിലൂടെ നടന്നും ഇവിടേക്ക് സഞ്ചാരികളെത്താറുണ്ട്.
യമുനോത്രിയിലേക്കും ഹനുമാന്‍ ചാട്ടിയിലേക്കും ഇവിടെനിന്നും കാട്ടുപാതകളുണ്ട്.ഉത്തരകാശിയില്‍ നിന്നും 2 കിലോമീറ്റര്‍ മാത്രമുള്ള മനേരിയും മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.

ഗംഗനനി,സട്ടാല്‍,ദിവ്യശില,സൂര്യ കുന്ദ് തുടങ്ങിയവയാണ് മനേരിയിലെ മറ്റ് പ്രധാനകാഴ്ച്ചകള്‍.ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളമാണ് ഉത്തരകാശിയ്ക്ക് ഏറ്റവും അടുത്തുള്ളത്. 183 കിലോമീറ്ററാണ് ഇവിടെനിന്നും ഉത്തരകാശിയിലേക്കുള്ള ദൂരം.ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്നവര്‍ക്ക് റിഷികേശ് റെയില്‍വേസ്റ്റേഷനിലിറങ്ങാം.ഇതുകൂടാതെ ഡെറാഡൂണ്‍,ഹരിദ്വാര്‍,ഋഷികേശ്,മുസ്സൂറി തുടങ്ങി സമീപനഗരങ്ങളില്‍ നിന്നെല്ലാം ഉത്തരകാശിയിലേക്ക് ബസ്സുകളും ലഭ്യമാണ്.വര്‍ഷത്തിലെപ്പോഴും സുഖകരമായ കാലാവസ്ഥയായതുകൊണ്ട് തന്നെ ഉത്തരകാശിയാത്രയ്ക്ക് ഏത് കാലവും തെരെഞ്ഞെടുക്കാം. അതേസമയം ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍ നടക്കുന്ന വേനലിലും മഴക്കാലത്തും ഉത്തരകാശി സന്ദര്‍ശിക്കുന്നത് കൂടുതല്‍ നന്നാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button