NewsIndia

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവര്‍ ഉടന്‍ കുടുങ്ങും : കള്ളപ്പണം ഇന്ത്യയിലെത്തിക്കുന്നതിനായി കടുത്ത നടപടി സ്വീകരിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് സൂചന . വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇനി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുക. കള്ളപ്പണം നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമങ്ങള്‍ മോദി തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം.

വിദേശത്ത് കള്ളപ്പണമുള്ളവരുടെ പട്ടികയില്‍ 415 ഇന്ത്യക്കാരുണ്ടെന്നാണ് പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട വിവരം. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്, ബഹാമസ,് ലക്‌സംബര്‍ഗ്, ജെഴ്‌സി, സീഷെല്‍സ്, സ്വിസ്റ്റ്‌സര്‍ലാന്റ്, സൈപ്രസ് തുടങ്ങിയിടങ്ങളിലാണ് ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപമുള്ളത്. ഇതിന്‍ അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിന്റെ കീഴില്‍ പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്.

നേരത്തെ പുറത്തുവന്ന ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍കം ടാക്‌സ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റില്‍ പെട്ട 14 പേരുടെ വസ്തുക്കള്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി . പനാമ പേപ്പേഴ്‌സിന്റെ രണ്ടാം ഭാഗത്തിലാണ് ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവന്നത്. അധോലോക നായകന്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, മുന്‍ ക്രിക്കറ്റ് താരം എന്നീ പ്രമുഖര്‍ ഉള്‍പെടുന്നവരുടെ പേരുകളാണ് രണ്ടാം പട്ടികയിലുള്ളത്.

അധോലാക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി 17 സ്വത്തുക്കള്‍ വാങ്ങിയതായും പട്ടികയില്‍ പുറത്തുവന്നിരുന്നു. രാഷ്ട്രീയക്കാരന്‍ അനുരാഗ് കെജ്‌രിവാള്‍, വ്യവസായികളായ ഗൗതം, കരണ്‍ താപ്പര്‍, വാണിജ്യ പ്രമുഖരായ രഞ്ജീവ് ദുജ, കപില്‍ സെയ്ന്‍ ജിയോള്‍, സ്വര്‍ണ വ്യാപാരി അശ്വിന്‍ കുമാര്‍ മെഹ്‌റ, മുന്‍ ക്രിക്കറ്റര്‍ അശോക് മല്‍ഹോത്ര, മരുന്ന് വ്യവസായി വിനോദ് രാമചന്ദ്ര  ജാദവ് എന്നീ പ്രമുഖരാണ് ഇന്നത്തെ പട്ടികയിലുള്ളത്. ഐ.ടി കമ്പനി പ്രമുഖന്‍ ഗൗതം സീങ്കല്‍, കാര്‍ഷിക വ്യവസായി വിവേക് ജെയ്ന്‍, മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രഭാശ് ശങ്ക്‌ള, വസ്ത്ര കയറ്റുമതിക്കാരായ സതീഷ് ഗോവിന്ദ് സംതാനി, വിശാല്‍ ബഹദൂര്‍, ഹരീഷ് മൊഹ്നാനി എന്നിവരും പട്ടികയിലുണ്ട്.

നടന്‍ അമിതാഭ് ബച്ചന്‍, നടി ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ് ലോട്ട് തുടങ്ങിവരും പട്ടികയില്‍ പെടുന്നുണ്ട്. പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ചാണ് ഇവര്‍ വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചത്. പട്ടികയില്‍ ഉള്‍പെട്ട 415 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് എന്നിവയുള്‍പ്പെട്ടതാണ് സമിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button