India

ആയിരത്തോളം ഉറുമ്പുകളെ എടുത്ത് കളഞ്ഞിട്ടും ഈ പെണ്‍കുട്ടിയുടെ തലയില്‍ വീണ്ടും ഉറുമ്പിന്‍ കൂട്ടങ്ങള്‍

ആയിരത്തോളം ഉറുമ്പുകളെ എടുത്ത് കളഞ്ഞിട്ടും ഈ പെണ്‍കുട്ടിയുടെ തലയില്‍ വീണ്ടും ഉറുമ്പിന്‍ കൂട്ടങ്ങള്‍. ശ്രേയ ദാര്‍ജി എന്ന 12 കാരിയായ ഗുജറാത്തി പെണ്‍കുട്ടിയെയാണ് ഈ അപൂര്‍വ്വ രോഗം ബാധിച്ചിരിക്കുന്നത്. ഗുജറാത്തിലെ ദീസ സ്വദേശനിയായ ഈ പെണ്‍കുട്ടിക്ക് ഈ വിഷമാവസ്ഥയ്ക്ക് അടിപ്പെട്ടത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലായിരുന്നു. ആദ്യം ചെവിക്കുള്ളില്‍ നിന്നുമുള്ള ഇരമ്പലായിട്ടായിരുന്നു തുടക്കം.

തുടര്‍ന്ന് പ്രദേശത്തുള്ള ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍മാര്‍ അവളുടെ ഇയര്‍ കനാലില്‍ നിന്നും കുറച്ച് ചത്ത ഉറമ്പുകളെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന സമാധാനത്തോടെ ശ്രേയ ആശുപത്രിയില്‍ നിന്നും മടങ്ങി. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ശ്രേയയുടെ തലയ്ക്കുള്ളില്‍ നിന്നും ചെവിയിലൂടെ ചുരുങ്ങിയത് 10 ഉറുമ്പുകളെങ്കിലും പുറത്തേക്ക് വന്നു കൊണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയിലും കുട്ടി സ്‌കൂളില്‍ പോകുന്നത് തുടര്‍ന്നിരുന്നു. തുടര്‍ന്ന് പല പ്രാവശ്യം അവള്‍ ഹോസ്പിറ്റലില്‍ പോകേണ്ടി വരുകയും പല തവണയായി 1000ത്തില്‍ അധികം ഉറുമ്പുകളെ ശ്രേയയുടെ തലയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ പ്രശ്‌നം ഡോക്ടര്‍മാരെയും ശ്രേയയെയും ഒരു പോലെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുകയുമാണ്.

ഗുജറാത്തിലെ പ്രമുഖ ഇഎന്‍ടി സര്‍ജനായ ഡോ. ജവാഹര്‍ താല്‍സാനിയ ശ്രേയയെ എംആര്‍ഐ, സിടി സ്‌കാനുകള്‍ക്ക് വിധേയയാക്കിയിരുന്നു. എന്നാല്‍ ഇതിലൂടെയൊന്നും അസുഖത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് അദ്ദേഹം എന്‍ഡോസ്‌കോപ്പിക് ക്യാമറ ഉപയോഗിച്ച് ശ്രേയയുടെ ഇയര്‍ കനാല്‍ നിരീക്ഷിച്ചിരുന്നു. അതില്‍ ചത്ത ഉറുമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ ഉറുമ്പിന്‍ മുട്ടയോ ഉറുമ്പുകളുടെ റാണിയെയോ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് നിത്യവും ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നതെന്നും വ്യക്തമായിട്ടില്ല.

ആദ്യം ശ്രേയയുടെ ചെവിയിലേക്ക് ഉറുമ്പുകള്‍ എങ്ങനെ കയറിപ്പറ്റിയെന്ന് വിശദീകരിക്കാനും ഡോക്ടര്‍മാര്‍ക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ എന്തെങ്കിലും ലഭിക്കുമോയെന്നറിയാന്‍ അധികൃതര്‍ ശ്രേയയുടെ വീട് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിരുന്നു. ശ്രേയയുടെ മാതാപിതാക്കളും സഹോദരനും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ വീട്ടില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ വീട്ടില്‍ തന്നെ കഴിയുന്ന ഇവര്‍ക്കാര്‍ക്കും ഇത്തരം ബുദ്ധിമുട്ടുകളുമില്ല. ഗ്രാമത്തിലെ മന്ത്രവാദിയായ വൈദ്യനെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രേയയുടെ രക്ഷിതാക്കള്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button