KeralaNews

അനധികൃത സ്വത്ത്‌സമ്പാദനം : സ്വത്തില്‍ പിടിമുറുക്കി കേന്ദ്രസര്‍ക്കാരും ജേക്കബ്ബ് തോമസും

തിരുവനന്തപുരം : രാജ്യം മുഴുവനും ഇപ്പോള്‍ കള്ളപ്പണ വേട്ടയിലാണ്. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തും അനധികൃത സ്വത്ത് സമ്പാദിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിജിലന്‍സ്. എയ്ഡഡ് സ്‌കൂള്‍, സര്‍വകലാശാലകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും സ്വത്ത് വെളിപ്പെടുത്തണമെന്ന ഉത്തരവ് ഇപ്പോള്‍ ബാധകമാക്കി. ജോലിക്ക് കയറുന്ന സമയത്ത് എന്തൊക്കെ സ്ഥാവരജംഗമ വസ്തുക്കളാണ് ഉള്ളതെന്ന് സര്‍വീസ് ബുക്കിലെ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തണം.

നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം വിജിലന്‍സിന് തലവേദനയായിരിക്കുകയാണ്. ജീവനക്കാരുടെ അനധികൃത സ്വത്ത് സമ്പാദനം എത്രയാണെന്നറിയാന്‍ വിജിലന്‍സ് വകുപ്പ് ക്ലേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുമുണ്ട്.

കയറിയപ്പോള്‍ എത്ര സ്വത്ത് ഉണ്ടായിരുന്നെന്നറിയാന്‍ വിപുലമായ അന്വേഷണം വിജിലന്‍സ് നടത്തുന്നുണ്ട്. ഇത് വിജിലന്‍സിന് തന്നെ വലിയ തലവേദനയായിരിക്കുകയാണ്. അന്വേഷണം നീണ്ടുപോകുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

സര്‍വീസില്‍ കയറുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ വസ്തുവകകളുടെ വിവരം കൃത്യമായി രേഖപ്പെടുത്തിയിരുന്നാല്‍ പിന്നീട് പരിശോധനയ്ക്ക് എളുപ്പമാണ്. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയുമായി ജേക്കബ് തോമസ് രംഗത്തെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കുകയായിരുന്നു.

അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് ചൊവ്വാഴ്ച കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. അഴിമതി തുറന്നു കാട്ടുന്നവരെ വിസില്‍ബ്ലോവേഴ്‌സ് നിയമപരിധിയില്‍ കൊണ്ടുവരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

കള്ളപ്പണക്കാരെയും അഴിമതിക്കാരെയും കണ്ടെത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിനു പിന്നാലെയാണ് സര്‍ക്കാര്‍ ജോലിക്കാരിലെ അനധികൃത് സ്വത്ത് സമ്പാദനം തടയുന്നതിന് നടപടിയുമായി ജേക്കബ് തോമസ് എത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ നോട്ട് നിരോധനത്തെ ജേക്കബ് തോമസ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button