KeralaNews

സര്‍ക്കാര്‍ ജോലിയ്ക്ക് ഇനി പി.എസ്.സി പരീക്ഷ പാസായാല്‍ മാത്രം പോര

തിരുവനന്തപുരം: പിഎസ് സി ടെസ്റ്റും ഇന്റര്‍വ്യൂവും പാസായാലും ഇനി സര്‍ക്കാര്‍ ജോലിയില്‍ കയറാന്‍ പറ്റില്ല. ഭാവി തലമുറയെ അഴിമതി മുക്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ജേക്കബ് തോമസ് പുതിയ മാർഗ്ഗരേഖയുമായി രംഗത്തെത്തിയിരിക്കുകയാണ്. പി എസ്സി പരീക്ഷയും ഇന്റര്‍വ്യൂം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കും മുൻപ് അഴിമതി വിരുദ്ധ നിയമങ്ങള്‍ പഠിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. ഇതോടെ പിഎസ്സി പരീക്ഷയും ഇന്റര്‍വ്യൂവും വിജയിച്ചാല്‍ മാത്രം ഇനി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനാവില്ല. എല്ലാ തസ്തികകളിലും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി വിജിലന്‍സ് നടത്തുന്ന അഴിമതിവിരുദ്ധ കോഴ്‌സ് കൂടി പാസാകണം എന്ന നിബന്ധന കൂടി നിലവിൽ വരും.

ഈ കോഴ്‌സിൽ എന്താണ് അഴിമതി നിരോധനനിയമമെന്നും അഴിമതിക്കാര്‍ക്കുള്ള ശിക്ഷയെന്താണെന്നും അഴിമതിയെ എങ്ങനെ പ്രതിരോധിക്കണമെന്നും പഠിപ്പിക്കും. ഇതിനുള്ള സിലബസ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് തയ്യാറാക്കിയത്. തിരുവനന്തപുരത്ത് ഐ.എം.ജിയിലോ സര്‍ക്കാരിന്റെ 26 ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലോ ഒരാഴ്ച്ച അഴിമതിവിരുദ്ധ പരിശീലനം നേടിയശേഷമേ ഏത് തസ്തികയിലേക്കും ഇനി ജോലിക്ക് കയറാനാവൂ എന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനാണ് അഴിമതിരഹിത ഭരണം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഭരണത്തില്‍ പങ്കാളിയാവുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍ണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇതിനുള്ള ഉത്തരവ് ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് ഉടന്‍ പുറത്തിറക്കും. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും സര്‍വകലാശാലകളിലും ബോര്‍ഡ്, കോര്‍പറേഷനുകളിലുമെല്ലാം പുതുതായെത്തുന്ന ജീവനക്കാര്‍ക്ക് ഇത് ബാധകമായിരിക്കുമെന്നും വിജിലന്‍സ് മേധാവി ജേക്കബ് തോമസ് പറഞ്ഞു.

നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് രണ്ടാംഘട്ടത്തിലാവും അഴിമതിവിരുദ്ധ പരിശീലനവും കോഴ്‌സും നടത്തുക. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് കഴിഞ്ഞദിവസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഴിമതിവിരുദ്ധ പരിശീലനം നല്‍കാന്‍ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ട്രെയിനിങ് വിഭാഗം ആരംഭിക്കും. ജീവനക്കാരിലെ പുതിയ തലമുറയെ അഴിമതിവിരുദ്ധരായി വാര്‍ത്തെടുക്കാനാണ് ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button