KeralaNews

ദേശീയ ഗാനത്തെ നിന്ദിക്കുന്ന സംസ്‌കാരശൂന്യത നാടിനാപത്ത് :എന്തിനെയും എതിർക്കാൻ വേണ്ടി എതിർക്കുന്ന വിടി ബൽറാം അങ്ങനെ തന്നെ

സിനിമ തീയറ്ററുകൾ ദേശീയ ഗാനം നിർബന്ധമായും വേണമെന്നും അത് ആലപിക്കുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റുനിൽക്കണമെന്നുമുള്ള സുപ്രീം കോടതി വിധി അനുസരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണ് എന്നും അതിനുപിന്നിൽ സംഘപരിവാർ അജണ്ടയാണെന്നും മറ്റുമുള്ള ആക്ഷേപങ്ങൾ ഉയരുന്നു. അതെന്തായാലും ആ ഒരു സംഘ പരിവാർ അജണ്ട നടപ്പിലാക്കാൻ കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ പോലീസ് തയ്യാറാവുന്നതിൽ അതിയായ സന്തോഷം. ചുംബന സമരവും പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചുള്ള പ്രകടനവും ഇന്ത്യ വിരുദ്ധ പ്രചാരണവുമെല്ലാം സ്വീകാര്യമായവർ ഇന്നിപ്പോൾ ദേശീയഗാനത്തിന്റെ പേരിൽ രാഷ്ട്ര വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ദുഃഖകരമാണ് . ഇതിനെ എങ്ങിനെയാണ് രാജ്യം കാണേണ്ടത് എന്നത് സജീവമായി ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്.

ദേശീയ വികാരം അല്ലെങ്കിൽ ദേശീയതയിലൂന്നിയ ചിന്തകൾ വികസിക്കുന്നതും അതിനു സ്വീകാര്യത വർദ്ധിക്കുന്നതുമൊക്കെ പലരെയും വിഷമിപ്പിക്കുന്നു എന്നത് ചെറിയ കാര്യമല്ല. പാക്കിസ്ഥാനുവേണ്ടിയും ഇന്ത്യ വിരുദ്ധ ശക്തികൾക്കുവേണ്ടിയും മറ്റും സജീവമായി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ദേശീയഗാനത്തെ അധിക്ഷേപിക്കാൻ തയ്യാറാവുന്നതിൽ അതിശയമില്ല. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ സീറ്റിൽ എഴുന്നേറ്റ് നില്ക്കാൻ ചിലരെല്ലാം മടിച്ചതു അതിന്റ ഭാഗമായിവേണം കാണാൻ. അത്തരക്കാരായ ചിലർക്കെതിരെ ഇന്നിപ്പോൾ പോലീസ് നടപടിയെടുത്തിട്ടുണ്ട്. അവരെ ഫിലിം ഫെസ്റ്റിവൽ നടന്നിരുന്ന തീയറ്ററിൽ നിന്ന് അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ആറോ ഏഴോ പേരുണ്ട് അങ്ങിനെ പിടിയിലായവരിൽ . തമിഴ്‌നാട്ടിൽ ഇത്തരത്തിൽ തീയറ്ററിൽ എഴുന്നേറ്റു നില്ക്കാൻ മടിച്ചവരെ മറ്റ് പ്രേക്ഷകർ കൈകാര്യം ചെയ്തതും വർത്തയായിട്ടുണ്ട്. അത് കേരളത്തിൽ നടക്കാത്തത് ഭാഗ്യം. അല്ലെങ്കിൽ ചിത്രം മറ്റൊന്നാവുമായിരുന്നു.

സുപ്രീം കോടതിവിധി ഒന്നുകൊണ്ടല്ല, ദേശീയഗാനം ആലപിക്കുമ്പോൾ നമ്മളൊക്കെ അറിയാതെതന്നെ എഴുന്നേറ്റു നിൽക്കാറുണ്ട്. ഒരു ചടങ്ങിൽ പ്രാർഥന ചൊല്ലുമ്പോൾ എഴുന്നേറ്റുനിൽക്കാറുള്ളതുപോലെ തന്നെ. ദേശീയ പതാക ഉയർത്തുമ്പോഴും എഴുന്നേറ്റുനിൽക്കുകയും അതിനുശേഷം പതാകയെ വന്ദിക്കുകയും ചെയ്യുന്നത് ഒരു സമ്പ്രദായമല്ലേ, അതൊരു കീഴ്‌വഴക്കമല്ലേ. അതൊക്കെ കുട്ടികൾ പോലും പഠിച്ചുവരുന്നു. അതാണ് നമ്മുടെ സംസ്കാരം. ദേശീയ ഗാനത്തെയും പതാകയേയും വന്ദിക്കുന്നതിലൂടെയും ബഹുമാനിക്കുന്നതിലൂടെയും പ്രകടമാവുന്നത്, പ്രകടിപ്പിക്കുന്നത് ഭക്തിയാണ്, ബഹുമാനമാണ്, സ്നേഹമാണ്. പിന്നെ അതൊന്നും എനിക്ക് ബാധകമല്ല എന്നും ദേശീയഗാനം എനിക്ക് ഇഷ്ടമല്ല അല്ലെങ്കിൽ ബാധകമല്ല എന്നുമൊക്കെ പറയുന്നത് മറ്റൊരു കാര്യമാണ്. അത്തരക്കാരെയും ഇത്തരം മനോഭാവക്കാരെയും നേരിടേണ്ടത് എങ്ങിനെയെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്, നിയമപാലകരാണ്, ഭരണകൂടമാണ്. ഇവിടെ ഇപ്പോൾ പോലീസും പിണറായി സർക്കാരും സ്വീകരിച്ചത് നിയമാനുസൃതമായ നടപടിയാണ്.

തിരുവനന്തപുരത്ത്‌ ഫിലിം ഫെസ്റ്റിവലിൽ എഴുന്നേറ്റുനിൽക്കാത്തവരെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നവരിൽ കോൺഗ്രസിന്റെ എംഎൽഎ ആയ വിടി ബാലറാമിനെയും കണ്ടു. അത് ആശ്ചര്യകരമായി എന്ന് പറയാതെവയ്യ. ഇതാണോ കോൺഗ്രസിന്റെ നിലപാട് എന്നതറിയില്ല. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കണ്ട, ദേശീയഗാനത്തെ ബഹുമാനിക്കേണ്ട എന്നതാണോ കോൺഗ്രസിന്റെ സമീപനം…… അതവർ വ്യക്തമാക്കട്ടെ. ഇന്ന് കൊച്ചിയിൽ ഏഷ്യാനെറ്റിന്റെ കീർത്തിമുദ്ര പുരസ്കാരദാന ചടങ്ങിൽ വിടി ബലറാം ഉണ്ടായിരുന്നു. അദ്ദേഹവും ഒരു അവാർഡ് ജേതാവായിരുന്നുവല്ലോ. ഞങ്ങൾ ചടങ്ങിൽ ഒന്നിച്ചാണിരുന്നത് . അവിടെ ചടങ്ങിനാവസാനം ദേശീയഗാനവും ആലപിച്ചിരുന്നു. എഴുന്നേറ്റുനിന്നുകൊണ്ട് ഭംഗിയായി ഉറക്കെ അത് ചൊല്ലുന്ന വിടി ബാലറാമിനെ കാണുകയും ചെയ്തു. അതൊക്കെ വേണം എന്നത് ബലറാമിന് അറിയാം. പക്ഷെ, തീയറ്ററിൽ അതലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കണം എന്നതൊക്കെ ഫാസിസ്റ്റ് സമീപനമാണ് എന്ന് പറഞ്ഞാലോ. സിനിമയുടെയും മറ്റും കേന്ദ്രങ്ങളിൽ ദേശീയതക്ക് അവധി ആകാം എന്നാണോ ഉദ്ദേശിച്ചത്?. ഇവരെല്ലാം എന്തൊക്കെയോ ഒരു ഫാസിസ്റ്റ് ഭയാശങ്കയിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് തോന്നുന്നത്. ഇന്ദിര ഗാന്ധിയുടെ ഫാസിസ്റ്റ് തേർവാഴ്ചക്കാലം നേരിട്ട് അനുഭവിക്കാത്തവരാണ് വിടി ബലറാം ഉൾപ്പടെയുള്ള കോൺഗ്രസുകാരുടെ തലമുറ. എന്നാലും സ്വന്തം പാർട്ടിയുടെയും നേതാക്കളുടെയും ഫാസിസ്റ്റ് നിലപാടും രാജ്യത്ത്‌ അതുണ്ടാക്കിയ പ്രശ്നങ്ങളും അദ്ദേഹം അറിയാത്തതാവില്ല. എന്നിട്ടും കണ്ണടച്ച് ഇന്നത്തെ കേന്ദ്ര ഭരണകൂടത്തെ വിമർശിക്കാൻ ഇതുപോലുള്ള സംഭവങ്ങൾ ഉപയോഗിക്കുന്നത് രാഷ്ട്രീയമായ എന്തൊക്കെയോ വിഷമങ്ങളാലാണ്. തീയറ്ററിൽ ഫിലിം ഫെസ്റ്റിവലിൽ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കാത്തവരെ വെറുതെവിടണം, അല്ലെങ്കിൽ അത് പ്രോത്സാഹിപ്പിക്കണം എന്ന് കോൺഗ്രസ് വ്യക്തമാക്കുമോ എന്നറിയാൻ ആഗ്രഹമുണ്ട്. അത്തരം ഒരു പ്രസ്താവന കോൺഗ്രസ് നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കാം. കെപിസിസി പ്രസിഡണ്ട് എന്നതാണ് ഇക്കാര്യത്തിൽ പറയുക എന്നതും അറിയേണ്ടിയിരിക്കുന്നു. വിടി ബാലറാമിന്റെ നിലപാട് തന്നെയാണോ വിഎം സുധീരന് എന്നത് കേരളം അറിയേണ്ടതുണ്ടല്ലോ.

 കെവിഎസ് ഹരിദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button