Latest NewsArticleNewsIndia

ഹിന്ദു സമൂഹത്തിന് ഭീഷണിയുമായി ഒവൈസിയുടെ പാർട്ടി വക്താവ്, പുതിയൊരു പാക്കിസ്ഥാൻ വാദത്തിന് തുടക്കമെന്ന് സൂചന : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ഹിന്ദുക്കൾ കരുതിക്കോളൂ ……… ” ഇപ്പോൾ വിരലിൽ എണ്ണാവുന്ന മുസ്ലിം സ്ത്രീകളാണ് രാജ്യത്തെ വിറപ്പിച്ചിരിക്കുന്നത്. എന്നാൽ 15 കോടി മുസ്ലിങ്ങൾ ഒന്നിച്ചാൽ ഇവിടത്തെ നൂറു കോടി ഭൂരിപക്ഷ ജനതയെ നിലക്ക് നിർത്താൻ കഴിയും..”. ഇത് ഒരു ഭീഷണിയാണ്. അതാവട്ടെ നാം കേട്ടത് അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തേ ഹാദുൽ മുസ്‌ലിമീൻ എന്ന പാർട്ടിയുടെ നേതാവിൽ നിന്നും. രഹസ്യമായി പറഞ്ഞതല്ല, ഇത് പരസ്യമായിത്തന്നെ. ഇനി ഏതാണ് ഈ പാർട്ടി എന്നുകൂടി നോക്കുക; ഹൈദരാബാദിലെ അസാസുദ്ദിൻ ഒവൈസിയുടെ പാർട്ടി. ഒവൈസിയുടെ വിശ്വസ്തനും മുൻ മഹാരാഷ്ട്ര എംഎൽഎയുമായ വാരിസ് പത്താൻ ആണ് ഇപ്പോൾ മനസ്സ് തുറന്നത്. ഇന്ത്യ ഗൗരവത്തിലെടുക്കേണ്ടുന്ന ഒരു വിഷയം; ഹിന്ദു സമൂഹം ഗൗരവത്തിൽ ചിന്തിക്കേണ്ടുന്ന ഒരു പ്രശ്നം.

പ്രകോപനപരമായ ഈ പ്രസ്താവന നടത്തിയത് കർണാടകത്തിലെ ഗുൽബർഗയിലാണ് എന്നാണ് ‘ഇന്ത്യൻ എക്സ്പ്രസ്സ് ‘ റിപ്പോർട്ട് ചെയ്തത്. അവിടെ ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാർട്ടി വക്താവുകൂടിയായ വാരിസ് പത്താൻ. ആ വേദിയിൽ ഒവൈസിയും ഉണ്ടായിരുന്നു എന്നതാണ് പ്രധാനം. അദ്ദേഹം ലോകസഭയിൽ അംഗമാണ്.എന്നാൽ തന്റെ പാർട്ടി വക്താവിനെ തിരുത്താൻ ഒവൈസി തയ്യാറായില്ല. ഇതാണ് പാർട്ടി നിലപാട് എന്നല്ലേ അത് കാണിച്ചുതരുന്നത്. പൗരത്വ പ്രശ്നത്തിൽ ഒവൈസിയും ഇസ്ലാമിക സംഘടനകളും കുറെ പ്രതിപക്ഷ കക്ഷികളുമാരംഭിച്ച സമരം എവിടെയുമെത്താത്ത അവസ്ഥയിലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾക്ക് ചില നേതാക്കൾ തയ്യാറാവുന്നത് എന്നതാണ് കരുതേണ്ടത്. ഡൽഹിയിൽ ഷഹീൻ ബാഗിലെ സമരം എങ്ങിനെയും തീർത്താൽ മതി എന്ന മട്ടിലേക്ക് മുസ്ലിങ്ങൾ എത്തിച്ചേർന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇനിയും സമരവുമായി മുന്നോട്ട് പോകുക പ്രയാസമാണ് എന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. ആ നിരാശയിൽനിന്നാവണം ഇത്തരം പ്രകോപനങ്ങൾ ഉയരുന്നത് എന്നുവേണം കണക്കാക്കാൻ.

Also read : മുൻ കോൺഗ്രസ് അധ്യക്ഷനെ വിമർശിച്ചതിന് അധ്യാപകന് ജോലിയിൽ നിന്ന് സസ്‌പെൻഷൻ: രാഹുൽ ഗാന്ധി ആരാണ്, അങ്ങോരെ വിമര്‍ശിച്ചുകൂടെ? വിമർശനം സവര്‍ക്കറെ അധിക്ഷേപിച്ചതിനെതിരെ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

കുറെ കലാപമുണ്ടാക്കിയാൽ സർക്കാർ മുട്ടുകുത്തുമെന്നും നിയമ ഭേദഗതി പിൻവലിക്കുമെന്നുമാണ്. പക്ഷെ അവർക്ക് തെറ്റുപറ്റി. പൗരത്വ പ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന കർക്കശ നിലപാടിലുറച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാരും ബിജെപിയും. നിയമത്തിൽ ഒരു പ്രശ്നവുമില്ലെന്ന പഴയ നിലപാടുകൾ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ആവർത്തിക്കുന്നു. ഏറ്റവുമൊടുവിൽ അത് തുറന്നുപറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തന്നെയാണ്. ‘പൗരത്വ നിയമം പിൻവലിക്കുന്ന പ്രശ്നമില്ല; എന്തൊക്കെ സമരം ആരൊക്കെ ചെയ്താലും. ആ നിയമം പാർലമെന്റ് പാസ്സാക്കിയതാണ്. അത് ഇവിടെ നിലനിൽക്കുക തന്നെ ചെയ്യും……….’. എന്തെങ്കിലും സംശയങ്ങൾ ആർക്കെങ്കിലും എവിടെയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് അവസാനിപ്പിക്കാൻ ഉതകുന്നതാണ് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും മേൽസൂചിപ്പിച്ച വാക്കുകൾ. സമരം നടത്തി ഒരു സർക്കാരിനെ മുട്ടുകുത്തിക്കാം എന്ന് കരുതിയവർക്കുള്ള ശക്തമായ മറുപടികൂടിയാണ്‌ അവരുടെ വാക്കുകൾ.

പൗരത്വ പ്രശ്നത്തിൽ ജനങ്ങൾ ബോധവാന്മാരാക്കാനുള്ള വലിയ ശ്രമമാണ് രാജ്യത്ത് നടന്നത്. സത്യം ബോധ്യപ്പെട്ടപ്പോൾ ക്രൈസ്തവ മത മേധാവികളടക്കം പഴയ വിരോധം മാറ്റിവെച്ചതും നാം കണ്ടു. അതിനനുസൃതമായ മാറ്റം മുസ്ലിം സമൂഹത്തിലും കുറെയൊക്കെ ഉണ്ടായിട്ടുണ്ട്. മറ്റൊന്ന് കോൺഗ്രസുകാർക്ക് പോലും പലയിടത്തും ഇക്കാര്യം ഉന്നയിക്കാൻ ധൈര്യമില്ലാതായതാണ്. പിന്നെ കള്ളത്തരം പ്രചരിപ്പിക്കുക പ്രയാസമാണ് എന്നവർ തിരിച്ചറിഞ്ഞു . സർക്കാരിനെതിരായ സമരത്തെയും അത് സ്വഭാവികമായും ബാധിക്കുന്നുണ്ടാവണമല്ലോ. ഇസ്ലാമിക തീവ്രവാദികൾ, മത മൗലിക സംഘടനകൾ എന്നിവരെയൊക്കെ മുന്നിൽനിർത്തി നടത്തുന്ന കളികൾ തിരിച്ചടിക്കുന്നു എന്ന് ചില സംസ്ഥാനങ്ങളിലെ കോൺഗ്രസുകാരെങ്കിലും പറയാൻ തുടങ്ങിയിരിക്കുന്നു . സ്വതവെ ദുർബലമായ കോൺഗ്രസിന് ഈ തിരിച്ചടി താങ്ങാനാവില്ല എന്നും കോൺഗ്രസ് അതിന്റെ നയങ്ങൾ സ്വന്തം നിലക്ക് തന്നെ തീരുമാനിക്കണമെന്നും പറയുന്ന നേതാക്കളെയും ഇതിനിടയിൽ നാം കണ്ടുവല്ലോ. സൂചിപ്പിച്ചത്, പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ചിലരുണ്ടാക്കിയ വിവാദം ഇന്നിപ്പോൾ മറ്റുചില ദിശകളിലേക്ക് കടക്കുന്നത് നാം കാണുന്നു എന്നതാണ്. ആ സമരം നിലനിർത്താൻ പാടുപെടുന്ന പ്രതിപക്ഷമാണ് രാജ്യത്തിന് മുന്നിലെ മറ്റൊരു ചിത്രം. ഇല്ലാത്ത വിഷയമുയർത്തി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാമെന്ന വ്യാമോഹമാണ് ഇവിടെ വേരറ്റുവീഴുന്നത്.

Also read : പൗരത്വ പ്രക്ഷോഭം: മുസ്ലിം വോട്ട് ലക്ഷ്യമിട്ട്; ഉത്തരേന്ത്യയിൽ പോലും അത് പരാജയത്തിലേക്ക്; രാജ്യമെമ്പാടും ബിജെപി റാലികൾ, സമ്പർക്ക യജ്ഞം- മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ഇവിടെ ശ്രദ്ധിക്കേണ്ടത്, പൗരത്വ നിയമം ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിലുമാണ് എന്നതാണ് . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അത് പരിഗണിക്കുന്നു. ഏതൊരു നിയമവും സുപ്രീം കോടതിയുടെ പരിഗണക്ക് വിധേയമാണ്. ഇത്രവലിയ പ്രശ്നമാണ് പുതിയ നിയമ ഭേദഗതി എന്ന് കരുതുന്ന പ്രതിപക്ഷം കോടതിമുന്പാകെ നിലപാടുകൾ വിശദീകരിക്കട്ടെ. നമുക്ക് കാത്തിരിക്കാം. എന്നാൽ കോടതിയിൽ ഉന്നയിക്കുന്നതിനൊപ്പം തന്നെ രാജ്യവിരുദ്ധ ദേശ വിരുദ്ധ ശക്തികൾ എന്ന് പ്രഖ്യാപിതരായ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് രാജ്യത്ത് അസ്വാസ്ഥ്യമുണ്ടാക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. അത് ഒരർഥത്തിൽ കോടതിയെ വെല്ലുവിളിക്കുന്നതിന് സമാനമാണ് താനും. അതിനെതിരെക്കൂടിയാണ് സർക്കാർ മുന്നറിയിപ്പ് നൽകുന്നത്. തീർച്ചയായും ഒരു ഭരണകൂടത്തിനും അത്തരം നീക്കങ്ങളെ അംഗീകരിക്കാനാവില്ലല്ലോ. എന്നാൽ കോടതിയിൽ നിന്ന് എന്തെങ്കിലും ഒരു ഉത്തരവ് ലഭിച്ചാൽ മുഖം രക്ഷിക്കാമായിരുന്നു എന്ന് തുറന്ന് സമ്മതിക്കുന്ന പ്രതിപക്ഷ നേതാക്കളെ ഇപ്പോൾ കാണുന്നുണ്ട്താനും.

അതിനിടയിലാണ് ഒവൈസിയും പാർട്ടിക്കാരും ഹിന്ദു സമൂഹത്തെ ഒന്നാകെ വെല്ലുവിളിക്കുന്നത്. വെറും വിരലിലെണ്ണാവുന്ന മുസ്ലിം സ്ത്രീകൾ വിചാരിച്ചാൽ ഇന്ത്യയെ സ്തംഭിപ്പിക്കാമെന്ന് തങ്ങൾ കാണിച്ചു എന്നാണ് അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തേ ഹാദുൽ മുസ്‌ലിമീൻ വക്താവ് പറഞ്ഞത്. അവർ വിരൽ ചൂണ്ടുന്നത് ഷഹീൻ ബാഗിലെ സമരത്തെയാണ് എന്ന് വ്യക്തം. അത് സംഘടിപ്പിച്ചത്, അതിന് വളം കൊടുക്കുന്നത് പോപ്പുലർ ഫ്രണ്ടും മറ്റുചില ദേശവിരുദ്ധ ശക്തികളുമാണ് എന്നതും മറന്നുകൂടാ. ആരാണ് അവർക്ക് പണം കൊടുത്തത് എന്നും അത് എവിടെനിന്ന് വന്നു എന്നും മറ്റും ഇതിനകം അന്വേഷണ ഏജൻസികൾ കണ്ടെത്തിയതും രാജ്യമറിഞ്ഞുകഴിഞ്ഞു. ആ അന്വേഷണവും ഒവൈസിമാരെ വല്ലാതെ അലട്ടുന്നുണ്ട് എന്ന് വ്യക്തം. ആ ദു:ഖവും നിരാശയും രാഷ്ട്രീയ- പരാജയ ഭീതിയുമൊക്കെയാണ് ഇപ്പൊൾ ഹിന്ദു സമൂഹത്തെയാകെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലുള്ളത് എന്നുവേണം വിലയിരുത്താൻ. 15 കോടി മുസ്ലിങ്ങൾ ഒന്നിച്ചാൽ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയെ നിലക്ക് നിർത്താനാവും എന്നതല്ലേ അത്. അതാവട്ടെ, മറ്റൊരു പാക്കിസ്ഥാൻ വാദമാണ്. മുൻപ് , സ്വാതന്ത്ര്യത്തിന് മുൻപ്, ഇതുപോലെയാണ് മുഹമ്മദലി ജിന്നയും കൂട്ടരും ചേർന്ന് വിലപേശിയതും കലാപമഴിച്ചുവിട്ടതുമൊക്കെ. മലബാർ കലാപം അഥവാ മാപ്പിള ലഹള ആർക്കാണ് മറക്കാനാവുക. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഭീഷണി എന്നാരെങ്കിലും കരുതിയാൽ കുറ്റപ്പെടുത്താനാവുമോ? തീർച്ചയായും ഇന്ത്യ ശ്രദ്ധിക്കേണ്ടുന്ന ഒരു പ്രസ്താവനയാണിത്, ഗൗരവത്തിലെടുക്കേണ്ടുന്ന ഭീഷണിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button