Latest NewsArticleNewsWriters' Corner

കെ സുരേന്ദ്രൻ നാളെ അധ്യക്ഷ പദവി ഏറ്റെടുക്കും; കേരളാ ബി.ജെ.പിക്ക് ഇനി പുതിയ ആവേശ നായകൻ ; മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

Kvs-Haridas

ബിജെപി കേരളാ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ നാളെ, ശനിയാഴ്ച ചുമതലയേൽക്കുകയാണ്. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന ആസ്ഥാനത്ത് രാവിലെ പതിനൊന്നിനാണ് ഔപചാരികമായ ചടങ്ങുകൾ നടക്കുക. ഏതാനും ദിവസം മുൻപാണ് സുരേന്ദ്രനെ പാർട്ടി കേന്ദ്ര നേതാക്കൾ കേരളത്തിന്റെ കടിഞ്ഞാണെൽപ്പിച്ചത് . ഇനിയുള്ള ദിനങ്ങൾ സുരേന്ദ്രനും കേരളത്തിലെ ബിജെപിക്കും അതീവ നിർണ്ണായകമാണ്. പാർട്ടിക്ക് ശക്തമായ നേതൃത്വം നൽകുക എന്നത് മാത്രമല്ല അതിന്റെ ബഹുജനാടിത്തറ വികസിപ്പിക്കുന്നതും അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് സജ്ജമാക്കുന്നതും ഈ നേതൃത്വത്തിന് ഒരു വലിയ വെല്ലുവിളി തന്നെയാണ്.

കഴിഞ്ഞ കുറച്ചു നാളായി ബിജെപിയ്ക്ക് സംസ്ഥാനത്ത് അധ്യക്ഷനില്ലായിരുന്നു. പിഎസ് ശ്രീധരൻ പിള്ള ഗവർണറായി നിയമിതമായത് മുതൽ ആരാവും അടുത്ത അധ്യക്ഷൻ എന്ന ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരാളെ നിശ്ചയിക്കാനാവുമെന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റ പ്രതീക്ഷ. എന്നാൽ കേന്ദ്ര നേതൃത്വം നിശ്ചയിച്ച സമയപരിധിക്കകം ഇവിടെ സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയായില്ല. ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. പിന്നീട്, പുതിയ ദേശീയ അധ്യക്ഷൻ സംസ്ഥാന അധ്യക്ഷനെ നാമനിർദ്ദേശം ചെയ്യുക എന്നതാണ് സംഘടനാ രീതി. സംഘടനാ തിരഞ്ഞെടുപ്പിന്റെ കാലഘട്ടമല്ലായിരുന്നുവെങ്കിൽ നേരത്തെ തന്നെ ഒരാളെ അധ്യക്ഷ സ്ഥാനത്തേക്ക് കേന്ദ്ര നേതാക്കൾ നാമനിർദ്ദേശം ചെയ്യുമായിരുന്നു. പറഞ്ഞുവന്നത്, അധ്യക്ഷനെ നിശ്ചയിച്ചത് വൈകിയത് സംഘടന തിരഞ്ഞെടുപ്പ് നടക്കുന്ന കാലഘട്ടമായതിനാലാണ്.

കേരളത്തിലെ ബിജെപിയിലെ ഏറ്റവുമധികം ചുറുചുറുക്കുള്ള, ഏറ്റവും പോപ്പുലർ, നേതാവാരാണ് എന്ന് ചോദിച്ചാൽ, ഈ ദശാബ്ദത്തിൽ പൊതുജനങ്ങൾക്ക് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു…….കെ സുരേന്ദ്രൻ. സ്വതസിദ്ധമായ ശൈലിയും വ്യക്തമായ നിലപാടുകളും കൊണ്ട് അദ്ദേഹം ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. ബിജെപിക്കാർക്ക് പ്രിയങ്കരരായ നേതാക്കൾ അനവധി ഉണ്ടാവും; എന്നാൽ പാർട്ടി സംഘടനക്കപ്പുറം, സംഘ പ്രസ്ഥാനങ്ങൾക്കപ്പുറം ആദരവ് നേടാനായി എന്നതാണ് സുരേന്ദ്രനെ ശ്രദ്ധേയനാക്കുന്നത്. യുവമോർച്ച നാളുകൾ മുതൽ നാം ആ വ്യത്യസ്തത സുരേന്ദ്രനിൽ കണ്ടുതുടങ്ങിയിരുന്നു. അനവധി സമരങ്ങൾക്ക് അന്ന് കേരളം സാക്ഷ്യം വഹിച്ചു. വിദ്യാർഥി പരിഷത്തിലൂടെ, യുവമോർച്ചയിലൂടെ ഒക്കെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുന്നത്. എനിക്ക് തോന്നുന്നു ശബരിമല സമരം സുരേന്ദ്രന്റെ ഗ്രാഫ് വാനോളമുയരാൻ വഴിയൊരുക്കി. യഥാർഥത്തിൽ സുരേന്ദ്രനെ ഇത്രത്തോളം പോപ്പുലറാക്കിയത് ശബരിമലയാണ്.പത്തനംതിട്ടയിലും കോന്നിയിലുമൊക്കെ മത്സരരംഗത്തുള്ളപ്പോൾ സ്ത്രീകളുൾപ്പടെ സുരേന്ദ്രനെ വരവേറ്റത് കേരളം കണ്ടതല്ലേ. ഒരു യഥാർഥ ജനകീയ നേതാവായി അദ്ദേഹം അതോടെ മാറിയിരുന്നു. ആ അടിത്തറ തന്നെയാണ് അദ്ദേഹത്തിന്റെ മുതൽക്കൂട്ട്.

കെജി മാരാർജി, പിപി മുകുന്ദൻ എന്നിവരുടെ ശ്രമം ഫലമായി കേരളത്തിലെ പാർട്ടിക്ക് ഒരു പുതിയ യുവ നേതൃ നിരയുണ്ടാവണം എന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കങ്ങളാണ് സുരേന്ദ്രനെപ്പോലെ അനവധി യുവനേതാക്കൾക്ക് വഴിയൊരുങ്ങിയത്. പികെ കൃഷ്ണദാസ്, കെപി ശ്രീശൻ, എഎൻ രാധാകൃഷ്ണൻ, എംടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ ആ കാലഘട്ടത്തിന്റെ സംഭാവനകളാണ്. അവരിൽ കൃഷ്ണദാസ് നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷനായിരുന്നു. ഇപ്പോഴിതാ കെ സുരേന്ദ്രനും. മറ്റുള്ളവരും ആ പദവിക്ക് അനുയോജ്യരായിരുന്നു എന്നതിൽ സംശയമില്ല; പലവട്ടം അവരുടെ പേരുകൾ ചർച്ചചെയ്യപ്പെട്ടതുമാണ്. എന്നാൽ ഒരാൾക്കല്ലേ ഒരു വേളയിൽ അധ്യക്ഷ പദവി വഹിക്കാനാവൂ.

എനിക്ക് തോന്നുന്നു, ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത്രമാത്രം അനുഭവ സമ്പത്തുള്ള നേതാക്കളുള്ള സംസ്ഥാനങ്ങൾ കുറവാവും. ഇപ്പോൾ കേരളത്തിൽ ഒരു അഞ്ച് തലമുറയെങ്കിലും ഈ പാർട്ടിയിലുണ്ടാവും. ഓ രാജഗോപാലും പിപി മുകുന്ദനും കെ രാമൻ പിള്ളയുമടക്കമുള്ളവർ മുതൽ ഇപ്പോൾ കലാലയത്തിൽ നിന്നിറങ്ങി വന്നു പാർട്ടി ചുമതലയേറ്റെടുക്കുന്ന 15- 18 വയസുകാർ വരെയുള്ളവരാണ് ഈ പാർട്ടിയുടെ ഇന്നത്തെ കേഡർ. 1967 ൽ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കേരളത്തിൽ നടത്തിയവരാണ് ഈ കുടുംബത്തിന്റെ മുൻനിരയിലുള്ളത് എന്നതോർക്കുക. എല്ലാ ഗ്രാമങ്ങളിലും ശക്തമായ അടിത്തറ ബിജെപിക്കുണ്ട്. അതിന് വേണ്ടത്ര പ്രവർത്തനമില്ലാത്തിടത്ത് സംഘ പ്രസ്ഥാനങ്ങൾ ശക്തമാണ്. സംഘടന ദൃഷ്ടിയിൽ ശക്തിയെക്കുറിച്ച് ആശങ്ക വേണ്ട എന്നർത്ഥം. ആ സംഘടനക്ക് ദിശ പകരാനും പരിപാടികൾ നിശ്ചയിച്ചു കൊടുക്കാനും അവരെ സമര സജ്ജമാക്കാനുമൊക്കെയാണ് നേതൃത്വം ശ്രദ്ധിക്കേണ്ടത്. ഗ്രാമ വാർഡ് തലത്തിലൊക്കെ ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള സമരങ്ങൾക്ക് സാധ്യതയേറെയുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് താമസിയാതെ നടക്കാനുള്ളതിനാൽ വോട്ടർ പട്ടിക പുതുക്കൽ മുതൽ സ്ഥാനാർഥി നിർണ്ണയം വരെ നടത്തേണ്ടതുമുണ്ട്. മികച്ച സ്ഥാനാർഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങേണ്ട സമയവുമായി എന്നർത്ഥം.

അതിനൊപ്പം സംസ്ഥാനത്തെ ഏതാനും മികച്ച നിയോജക മണ്ഡലങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രവർത്തനം കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് തോന്നിയത്. നല്ല മത്സരം കാഴ്ചവെക്കാൻ കഴിയുന്ന മണ്ഡലങ്ങൾ കണ്ടെത്തണം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ അത് നിര്ണയിക്കാനാവും. അവിടെയൊക്കെ ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ചില നേതാക്കളെ മുന്കൂട്ടിത്തന്നെ അവിടേക്ക് നിയോഗിക്കണം. കഴിയുമെങ്കിൽ സ്ഥാനാർഥികളെ മുൻകൂട്ടി നിശ്ചയിച്ചാൽ പോലും തെറ്റില്ല. കേരളത്തിൽ ചുരുങ്ങിയത് 15 -20 മണ്ഡലങ്ങളിൽ വിജയിക്കാനാവുന്ന അന്തരീക്ഷമുണ്ടാക്കാൻ ബിജെപിക്കാവുമല്ലോ. മറ്റൊന്ന് തോൽപ്പിക്കേണ്ടുന്ന ഇതര രാഷ്ട്രീയ നേതാക്കളെ തിരിച്ചറിയണം. അതും ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയത്തിൽ പ്രധാനമാണ്. വിജയിക്കാൻ മാത്രമല്ല ബിജെപിക്ക് കുറേപ്പേരെ തോൽപ്പിക്കാനും കഴിയണമല്ലോ. അതും ഒരു രാഷ്ട്രീയ അടവാണ്.

സംസ്ഥാന ഭാരവാഹികൾ, ജില്ലാ മണ്ഡലം കമ്മിറ്റികൾ ഒക്കെ ഇനിയുമുണ്ടാവേണ്ടതുണ്ട്. ജില്ലകളിലും മണ്ഡലങ്ങളിലും പ്രസിഡന്റുമാരായെങ്കിലും ഭാരവാഹികളെ നിശ്ചയിച്ചിട്ടില്ല.അതിനുവേണ്ടി ഉടനെ നീക്കങ്ങൾ നടക്കേണ്ടതുണ്ട്. സമവായത്തിലൂടെ എല്ലാം ചെയ്യുന്നതാണ് ബിജെപിയുടെ ശൈലി; എന്നാൽ അതൊരിക്കലും ഒരു തരത്തിലും കാലതാമസത്തിന് വഴിവെച്ചുകൂടാ; ആ നല്ല സമ്പ്രദായം ഒരു ബലഹീനതയായി കാണാൻ അനുവദിച്ചും കൂടാ. അതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രാധാന്യം. എല്ലാവരെയും യോജിപ്പിച്ചുകൊണ്ടു പോകുന്നതിനൊപ്പം കുറെയേറെ പുതിയ നേതാക്കളെ യുവാക്കളെ ചുമതലകളിൽ കൊണ്ടുവരാനും സുരേന്ദ്രന് ചുമതലയുണ്ടല്ലോ. അതുകൊണ്ട് പഴയതും പുതിയതും കലർന്നതാവും അദ്ദേഹത്തിന്റെ ടീം എന്നതിൽ സംശയിക്കേണ്ടതില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button